- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 ശതമാനം നിർമ്മാണം പൂർത്തിയാക്കിയ കമ്പനികൾ മാത്രമേ ടോൾ പിരിക്കാവൂ; ഫണ്ടില്ലാത്തതിനാൽ നിർമ്മാണം നിലച്ച് ഗതാഗതം താറുമാറാകും എന്ന് കരുതി നൽകുന്നത് കണ്ടീഷണൽ സിഒഡി; അതിന് സാധുത ആറു മാസം മാത്രം; പാലിയേക്കരയിലും കുമ്പളത്തും ടോൾ പിരിക്കുന്നത് അനധികൃതം; ഇത് ജനങ്ങളെ മണ്ടന്മാരാക്കും കൊള്ള; ദേശീയ പാതയിലെ പിരിവ് ഗുണ്ടായിസം തന്നെ
കൊച്ചി: പാലിയേക്കരയിലും കുമ്പളത്തും ടോൾ പിരിക്കുന്നത് അനധികൃതമായിട്ടാണെന്ന് കേരളാ റോഡ് സേഫ്റ്റി കൗൺസിൽ മുൻ അംഗവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ഡയറക്ടറുമായ ഉപേന്ദ്രനാരായണൻ. ടോൾ പിരിക്കാനുള്ള സി.ഒ.ഡി സർട്ടിഫിക്കറ്റ് (കൊമേഴ്സ്യൽ ഓപ്പറേഷൻ ഡേ സർട്ടിഫിക്കറ്റ്) ഇല്ലാതെയാണ് പിരിവെന്നും മുതൽ മുടക്കിയതിനേക്കാൾ ഇരട്ടിയിലധികം തുക ജനങ്ങളിൽ നിന്നും ടോൾ കമ്പനി പിരിച്ചെടുത്തിട്ടുണ്ടെന്നുമാണ് അദ്ദേഹം മറുനാടനോട് പറഞ്ഞത്.
2011 ലാണ് പാലിയേക്കരയിൽ ജി.ഐ.പി.എൽ (ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ്) എന്ന കമ്പനി ടോൾ ആരംഭിക്കുന്നത്. പണിപൂർത്തീകരിക്കാത്ത പാതയായിരുന്നു മണ്ണുത്തി പാത. അന്ന് 75 ശതമാനം മാത്രമാണ് നിർമ്മാണം പൂർത്തീകരിച്ചിരുന്നത്. അടുത്ത ഘട്ടം നിർമ്മാണം തുടരാൻ ഫണ്ട് ഇല്ലാ എന്ന് കമ്പനി അറിയിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാരും ദേശീയ പാതാ അഥോറിറ്റിയും ചേർന്ന് കണ്ടീഷണൽ സി.ഒ.ഡി നൽകികൊണ്ട് ടോൾ പിരിക്കാൻ അനുമതി നൽകുകയായിരുന്നു.
100 ശതമാനം നിർമ്മാണം പൂർത്തിയാക്കിയ കമ്പനികൾക്ക് മാത്രമേ ടോൾ പിരിക്കാനുള്ള അനുമതി നൽകാറുള്ളൂ. ഫണ്ടില്ലാത്തതിനാൽ നിർമ്മാണം നിലച്ച് ഗതാഗതം താറുമാറാകും എന്ന് കരുതിയാണ് ഇത്തരത്തിൽ ടോൾ പിരിക്കാൻ അനുമതി നൽകിയത്. ആറുമാസത്തേക്കാണ് പിരിക്കാൻ അനുമതി നൽകിയത്. എന്നാൽ ആറുമാസവും പിന്നിട്ട് 10 വർഷമായിട്ടും നിർമ്മാണം പൂർത്തീകരിക്കാത്ത റോഡിൽ ഇപ്പോഴും പിരിവ് നടത്തുന്നത് പഴയ കണ്ടീഷണൽ സി.ഒ.ഡി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. അതിനാൽ ജനങ്ങളെ മണ്ടന്മാരാക്കി അനധികൃതമായിട്ടാണ് ഇവിടെ ടോൾ പിരിക്കുന്നതെന്നാണ് ഉപേന്ദ്രനാരായണൻ പറയുന്നത്.
പണി പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ കോടതി വിധികളിലൂടെ അവർ പിരിവ് തുടരുകയാണ്. 290 കോടി രൂപ മുടക്കിയ കമ്പനി ദിവസം 40 ലക്ഷം രൂപയാണ് പിരിച്ചെടുക്കുന്നത്. 10 വർഷമാകുമ്പോൾ 3650 ദിവസം. കണക്കു കൂട്ടുമ്പോൾ കോടികൾ ഇതുവരെ പിരിച്ചെടുത്തു എന്ന് മനസ്സിലാക്കാം. കൂടാതെ കൊച്ചിയിൽ നിന്നും ആലുവ വരെ 10 കിലോമീറ്ററോളം റോഡ് മെട്രോ റയിൽ കോർപ്പറേഷൻ ഏറ്റെടുത്ത് പരിപാലിച്ചു വരികയാണ്. വളരെ ഭംഗിയായി 4 വരി പായതും 6 വരി പാതയും മെട്രോ റെയിൽ കോർപ്പറേഷൻ തന്നെ പണിതു. ഈ 10 കിലോ മീറ്ററിന്റെ ടോൾ കൂടി ഇവർ പിരിക്കുകയാണ്. അത് നിയമ വിരുദ്ധമാണ്. ജനങ്ങൾ ഒന്നാകെ പ്രതിഷേധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
ഇടപ്പള്ളി മുതൽ മണ്ണുത്തി വരെ 62 കിലോമീറ്ററിന്റെ ടോൾ പിരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അങ്കമാലി മുതൽ മണ്ണുത്തി വരെ 32 കിലോമീറ്റർ പുതിയ നിർമ്മാണവും അങ്കമാലി മുതൽ ഇടപ്പള്ളി വരെ 30 കിലോ മീറ്റർ പഴയ റോഡ് അറ്റകുറ്റപ്പണി നടത്തി പരിപാലിക്കാനുമാണ് കൊടുത്തിരിക്കുന്നത്. ഇതിൽ 10 കിലോമീറ്റർ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഏറ്റെടുത്തിരിക്കുന്നതിനാൽ ഇവിടെ നിന്നും ടോൾ പിരിക്കാൻ അനുവാദമില്ല.
അക്കാരണം ചൂണ്ടിക്കാട്ടി 62 കിലോമീറ്ററിൽ നിന്നും 52 കിലോമീറ്റർ ടോൾ മാത്രമേ പിരിക്കാൻ പാടുള്ളൂ എന്നും 75 രൂപയിൽ നിന്നും 55 രുപയായി നിരക്ക് കുറക്കണമെന്നും നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ദേശീയപാതാ വിഭാഗത്തിന്റെ വിജിലൻസിനും പരാതി നൽകുകയും ചെയ്തു. എന്നാൽ ടോൾ പിരിക്കുന്ന കമ്പനിയുടെ ചൊൽപ്പടിക്ക് നിൽക്കുകയാണ് എല്ലാവരുമെന്നും ഉപേന്ദ്ര നാരായണൻ കുറ്റപ്പെടുത്തുന്നു.
ഉപേന്ദ്ര നാരാണൻ പാലിയേക്കര ടോളിന്റെ ട്രാഫിക് മേനേജ്മെന്റ് എക്സ്പർട്ടായിരുന്നു. വിദേശ രാജ്യത്ത് പോയി റോഡ് സേഫ്റ്റി പഠനം നടത്തിയെത്തിയ ഇദ്ദേഹം കർണ്ണാടക, തമിഴ് നാട്, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിൽ റോഡ് സുരക്ഷയ്ക്കായുള്ള പരിശീലലകനായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർക്കും മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുകയും അങ്കമാലിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി എന്ന സ്ഥാപനം നടത്തുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ ദേശീയ പാതയിൽ 20,000 സെറാമിക് റിഫ്ളക്ടറുകൾ സൗജന്യമായി സ്ഥാപിച്ചിട്ടുള്ളയാൾ കൂടിയാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.