- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണ ചെലവ് 310 കോടി, മൂന്ന് വർഷം കൊണ്ട് പിരിച്ചത് 328 കോടി! പിരിക്കാൻ ഇനി നീണ്ട 15 വർഷങ്ങൾ കൂടി ബാക്കി; കൊള്ളയടിക്കുന്ന ടോൾ റോഡുകളോട് നേതാക്കൾക്ക് പ്രിയമെന്തെന്ന് അറിയാൻ പാലിയേക്കരയിലെ ഈ കണക്ക് പുസ്തകം വായിക്കാം
തൃശ്ശൂർ: നമ്മുടെ നാട്ടിലെ ചുങ്കപ്പാതയ്ക്ക് എതിരെ ടത്തിയ സമരങ്ങൾക്ക് കയ്യും കണക്കുമില്ല. ടോൾകമ്പനിക്കാരുടെ ഇഷ്ടത്തിന് ടോൾപിരിക്കാനുള്ള സർവഅവകാശവും തീറെഴുതി നൽകിയിട്ട് കണ്ണിൽ പൊടിയിടാനുള്ള ചർച്ചകളും കേരളത്തിൽ അസാധാരണമല്ല. മണ്ണൂത്ത്ി-അങ്കമാലി ദേശീയപാതയിൽ പാലിയേക്കര ടോളും സഞ്ചാരസ്വാതന്ത്യത്തിനുള്ള സമരത്തെ തച്ചുടച്ചത് മുൻപ്
തൃശ്ശൂർ: നമ്മുടെ നാട്ടിലെ ചുങ്കപ്പാതയ്ക്ക് എതിരെ ടത്തിയ സമരങ്ങൾക്ക് കയ്യും കണക്കുമില്ല. ടോൾകമ്പനിക്കാരുടെ ഇഷ്ടത്തിന് ടോൾപിരിക്കാനുള്ള സർവഅവകാശവും തീറെഴുതി നൽകിയിട്ട് കണ്ണിൽ പൊടിയിടാനുള്ള ചർച്ചകളും കേരളത്തിൽ അസാധാരണമല്ല. മണ്ണൂത്ത്ി-അങ്കമാലി ദേശീയപാതയിൽ പാലിയേക്കര ടോളും സഞ്ചാരസ്വാതന്ത്യത്തിനുള്ള സമരത്തെ തച്ചുടച്ചത് മുൻപ് പറഞ്ഞ ഈ തീറാധാരത്തിന്റെ പിൻബലത്തിലാണ്. ബി.ഒ.ടി ( നിർമ്മിക്കുക, നടത്തുക, കൈമാറുക ) അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ മിക്ക ദേശീയ പാതകളും നിർമ്മിക്കുക. നിർമ്മാണത്തിന്റെയും നടത്തിപ്പിന്റെയും ചെലവ് ജനങ്ങളിൽ പിഴിഞ്ഞെടുക്കാൻ കമ്പനികൾക്ക് 18 വർഷമാണ് നേതാക്കൾ നൽകുന്നത്. അങ്ങനെ നേതാക്കന്മാർ ഒപ്പിട്ട ഒരു കരാർ ആയിരുന്നു പാലിയേക്കര.
മൂന്നു വർഷം കൊണ്ട് 328 കോടി. ഇനി പിരിക്കാനുള്ളത് 15 വർഷങ്ങൾ. ഇത് ഔദ്യോഗിക കണക്കാണ്. യഥാർഥ കണക്കക്കുകൾ ഇതിന്റെ ഇരട്ടിയോളം വരുമെന്നതിൽ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. മണ്ണൂത്തി-അങ്കമാലി നാലുവരി ദേശീയപാതയുടെ നിർമ്മാണത്തിന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ആകെ ചെലവായത് 312.80 കോടിയാണ്. മൂന്നുവർഷം കൊണ്ട് ഈ തുക കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. ഇനിയുള്ള 15 വർഷങ്ങൾ കൊണ്ട് ഈ പാതയുടെ നിർമ്മാണത്തിന്റെ പേരിൽ കേരളത്തിലെ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നും കമ്പനിയിലേക്ക് ഒഴുകാൻ പോകുന്നത് ഔദ്യോഗിക കണക്കുകൾ പ്രകാരം 1700 കോടിയിലധികം രൂപയാണ്. ചുരുക്കം പറഞ്ഞാൽ മുടക്കിയതിന്റെ ആറോ ഏഴോ ഇരട്ടി തുകയാണ് ലഭിക്കാൻ പോകുന്നത്.
ഇനി ചില പാലിയേക്കര' കണക്കുകൾ. ഒരു ദിവസത്തെ വരുമാനം 26.03 ലക്ഷം രൂപ. ഒരുമാസത്തെ വരുമാനം 7.89 കോടി രൂപ. വർഷം 94.68 കോടി രൂപ. ടോൾ പിരിക്കാൻ കമ്പനിക്ക് നൽകിയിരിക്കുന്ന 18 വർഷം കൊണ്ട് കമ്പനിക്ക് ലഭിക്കുന്നത് 1704.24 കോടി രൂപ. ഇത് കമ്പനി സർക്കാരിനോട് പറയുന്ന കണക്കുകളാണ്. ഇതിന് പുറമെ ഓരോവർഷം വർധിപ്പിക്കുന്ന ടോൾനിരക്കും സൂചിക നിലവാര വർധനയും കണക്കിലെടുക്കുമ്പോൾ 1700 കോടി എന്ന കണക്ക് പിന്നെയും വർധിക്കും. കമ്പനി പറയുന്ന കണക്കുമ്പോൾ മുഖവിലയ്‌ക്കെടുത്താൽ പോലും പാതനിർമ്മിക്കാനാവശ്യമായ 310 കോടിരൂപ കൂടാതെ 15 കോടിയലധികം രൂപ ഇതിനകം പിരിച്ചിട്ടുണ്ട്. പരസ്യവും രഹസ്യവുമായ കണക്കുകൾ ധാരാളമുള്ള കേരളത്തിൽ പാലിയേക്കര ടോളിൽ നിന്ന് പിരിക്കുന്ന ടോളിന്റെ യഥാർഥ കണക്ക് 328 കോടി എന്നത് ഇരട്ടിയിലേക്ക് കടക്കും.അപ്പോൾ ഇനിയുള്ള 15 വർഷങ്ങൾ കൊണ്ട് കമ്പനി ജനങ്ങളിൽ നിന്ന് പിരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന ചോദ്യം ഇനിയും ഉത്തരം കണ്ടെത്താനാകാത്തതാണ്. ഈ കണക്കുകൾ മൂലമാണ് സംരംഭങ്ങളെ ബി.ഒ.ടി വ്യവസ്ഥയിൽ നൽകാൻ നേതാക്കൾ മൽസരിക്കുന്നത്.
പാലിയേക്കര ടോൾ പ്ലാസ നിൽക്കുന്ന നെന്മണിക്കര പഞ്ചായത്ത് നിവാസികളും വിവിധ രാഷ്ട്രീയകക്ഷികളും ടോൾപിരിവിനെ എതിർത്തെങ്കിലും ദേശീയപാത അഥോറിറ്റിയും സർക്കാരും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറും തമ്മിൽ ഒപ്പു വച്ച കരാർ എല്ലാ അർഥത്തിലും നിർമ്മാണകമ്പനിയോടൊപ്പം നിന്നപ്പോൾ ഇടത്തരക്കാരന്റെ പോക്കറ്റിൽ ഒന്നര ദശാബ്ദത്തോളം കൈയിട്ടുവാരാനുള്ള സർവസ്വാതന്ത്യം കൂടിയാണ് അനുവദിച്ച് നൽകിയത്. എന്നാൽ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി ഒരു പാട് സമരങ്ങൾ നയിച്ച മലയാളികൾ ഒരു പഞ്ചായത്തിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ ചുങ്കം കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ് ബി.ഒ.ടി അടിസ്ഥാനത്തിൽ പണിയുന്ന എല്ലാ പാതകൾക്കും. പാലിയേക്കര ടോളിനെ ജനങ്ങൾ എതിർക്കുന്നതിന് രണ്ടു കാരണങ്ങളുണ്ട് . ഒന്ന് കൂടിയ നിരക്ക്, രണ്ട് നിരക്കിലെ അശാസ്ത്രീയത. ഇതെല്ലാം ചൂണ്ടിക്കാട്ടിയിട്ടും നിയമം അനുകൂലമായത് കമ്പനിക്കാണ്.
പാലിയേക്കര ടോളിലൂടെ ചെറുവാഹനങ്ങൾ ഒരു തവണ കടക്കുന്നതിന് 55 രൂപയും പ്രതിമാസം 1660 രൂപയും ചരക്ക് വാഹനങ്ങൾക്ക് 195ഉം 5810 രൂപയും ആണ്. ടോളിൽ നിന്ന് കെ.എസ്.ആർ.ടിസിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയെങ്കിലും നിരാശയായിരുന്നു ഫലം. ജനങ്ങളെ കുത്തിപ്പിടിച്ച് ടോൾ വാങ്ങാൻ അനുമതി നൽകി കൊണ്ട് കരാർ എഴുതി കഴിഞ്ഞാൽ പിന്നെന്ത് ഫലം. ടോൾപ്ലാസയ്ക്ക് 10 കിലോമീറ്ററിനുള്ളിൽ വരുന്ന വാഹനങ്ങൾക്ക് പ്രതിമാസം 150 രൂപയും സ്‌കൂൾ ബസുകൾക്ക് 1000 രൂപയും ഈടാക്കിയിരുന്നു. ടോൾപ്ലാസ സമരമുഖരിതമായതോടെ നിർമ്മാണകമ്പനിയായ ഗുരുവായൂർ ഇൻഫാസ്ട്രക്ചർ നാട്ടുകാരുടെ കൈയിൽ നിന്ന് പണികിട്ടുമെന്ന് ഉറപ്പായതോടെ ടോൾപിരിവ് ഫ്രഞ്ച് കമ്പനിക്ക് മറിച്ചു കൊടുത്തു. ഇപ്പോൾ ഫ്രഞ്ച് കമ്പനിയായ 'ഏജീസാണ്' ഇപ്പോൾ ടോൾപിരിക്കുന്നത്. ടോൾ കൈമാറ്റം ചെയ്യുന്നതിനു മുമ്പ് നിരക്കിൽ അൽപം ഭോദഗതിയും വരുത്തി.
ചുരുക്കത്തിൽ ചുങ്കപ്പിരിവിന്റെ പേരിൽ ഒരിക്കൽ ഇന്ത്യയിൽ നിന്ന് ഓടിച്ച വെള്ളക്കാർ വീണ്ടും ചുങ്കപ്പിരിവുമായി എത്തി. കഴിഞ്ഞ മാസം രക്തദാനക്യാമ്പിൽ നിന്ന് 118 ബാഗ് രക്തവും കൊണ്ട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന വാഹനത്തെയും ടോളിൽ തടഞ്ഞിട്ടു. ആംബുലൻസിന് മാത്രമെ അനുമതിയുള്ളൂവെന്ന് ടോൾ നൽകാതെ പോകാനാകില്ലെന്നും ടോളിലെ ജീവനക്കാർ തീർത്ത് പറഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്ന മെഡിക്കൽ സംഘം പൊലീസിനെ അറിയിച്ചു. അരമണിക്കൂറിന് ശേഷം പൊലീസ് എത്തി ടോൾജീവനക്കാരുടെ കാല് പിടിച്ചാണ് വാഹനം കടത്തി വിട്ടത്. പാലിയേക്കര ടോൾ പ്ലാസയിലെ നിരക്കു വർധിപ്പിക്കാൻ കമ്പനിക്ക് അധികാരമുണ്ടെന്നും ഇക്കാര്യത്തിൽ ജില്ലാ കലകടർക്കുപോലും ഇടപെടാൻ അധികാരമില്ലെന്നും ഹൈക്കോടതി നേരത്തേ വിധിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും കമ്പനിക്ക് അനുകൂലമായി നടപടി സ്വീകരിച്ചതോടെ ചുങ്കപ്പിരിവിൽ നിന്ന് ഈ ജനതയ്ക്ക് മോചനമുണ്ടാകില്ല.
ദേശീയപാത വികസനത്തിന്റെ മറവിൽ കടന്നുവരുന്ന റോഡ് വിൽപന (ബി.ഒ.ടി വ്യവസ്ഥ) പുനരാലോചിക്കേണ്ട ഒന്നാണ്. നാമമാത്ര പ്രതിഫലം വാങ്ങി വർഷങ്ങൾക്ക് മുമ്പ് വിട്ടുകൊടുത്ത സ്ഥലത്ത് സർക്കാർ സ്വന്തം ചെലവിൽ നിർമ്മിച്ച ഇപ്പോഴുള്ള ദേശീയപാത ഉൾപ്പെടെ സ്വകാര്യ കമ്പനികൾ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ബി.ഒ.ടി ചൂഷണത്തിന്റെ ടിപ്പിക്കൽ ഉദാഹരണമാണ് മട്ടാഞ്ചേരി ഗാമൺ ഇന്ത്യ ടോൾപാലം. 12 കോടി നിർമ്മാണ ചെലവ് കണക്കാക്കിയ മട്ടാഞ്ചേരി പാലത്തിന്റെ നിർമ്മാണത്തിന് 7 കോടി രൂപ മുടക്കാൻ കൊച്ചിൻ പോർട്ട് ട്രസ്‌റ് തയാറായിരുന്നു. ബാക്കി സർക്കാർ കണ്ടെത്തി പാലംനിർമ്മിക്കുന്നതിനു പകരം സർക്കാർ അത് 1999ൽ ഗാമൺ ഇന്ത്യ കമ്പനിയെ ഏൽപ്പിച്ചു. അവർ ചെലവിൽ കൃത്രിമം കാട്ടി. 18 കോടി രൂപയാക്കി ഉയർത്തി 7 കോടി രൂപ പിരിവിന്റെ ചെലവും ആദായവുമായി പിരിച്ചെടുക്കും എന്ന വ്യവസ്ഥയിൽ ടോൾ 2001 ആഗസ്‌റ് 14ന് പാലം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. 2014 വരെ ഇവിടെ ടോൾ പിരിച്ചു. ഒടുവിൽ ജനരോഷത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെയാണ് കമ്പനി ടോൾപിരിവ് നിർത്തിയത്. 112 കോടി രൂപയാണ് ഇവിടെ നിന്ന് ഗാമൺ ഇന്ത്യ പിരിച്ചെടുത്തതെന്നാണ് സി.എ.ജി. റിപ്പോർട്ട് .
ബി.ഒ.ടി കമ്പനികൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ഗ്രാന്റുകളും അവർക്ക് ഏറെ പ്രോത്സാഹനം നൽകുന്നതാണ്. കേരളത്തിലെ 840 കി.മീ നീളംവരുന്ന ദേശീയ പാതകളുടെ നിർമ്മാണ ചെലവ് 16,800 കോടി രൂപയാണെന്നാണ് അവകാശവാദം. ഇതിന്റെ 40 ശതമാനമായ 6720 കോടിരൂപ ബി.ഒ.ടി കമ്പനികൾക്ക് സർക്കാർ ഗ്രാന്റായി തിരിച്ചു നൽകുകയും ചെയ്യും. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കണക്കനുസരിച്ച് ഒരു കിലോമീറ്റർ നാലുവരി പാത നിർമ്മിക്കാൻ ആറു കോടി മുതൽ 7.2 കോടിവരെയാണ് ചെലവ്. കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡ് ചതുപ്പുനിലയിലായിട്ടും കിലോമീറ്ററിന് കിലോമീറ്ററിന് 7.2 കോടികൊണ്ട് പണിപൂർത്തിയാക്കി എന്നാണ് സമീപകാലത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ബി.ഒ.ടി കമ്പനികൾ കിലോമീറ്ററിന് 17 മുതൽ 22 കോടിവരെയാണ് ചെലവ് കണക്കാക്കുന്നത്.
ചെലവിൽ വൻവർധനവ് കണക്കിൽ കാണിച്ച് അതിന്റെ 40 ശതമാനം സർക്കാർ ഗ്രാന്റ് നേടിയെടുക്കാനുള്ള ബി.ഒ.ടിയുടെ തന്ത്രമാണിത്. കഴുത്തറപ്പൻ ബി.ഒ.ടി മുതലാളിമാർക്കു മുമ്പിൽ രാജ്യത്തെ റോഡുകളെ വിൽപനക്കുവെക്കുന്നതിന് സർക്കാറുകൾ പറയുന്ന ഏക ന്യായം സർക്കാർ ഖജനാവിൽ പണമില്ല എന്നതാണ്. ഖജനാവിൽ കാശില്ലെന്ന് പറയുമ്പോഴും അടിക്കടി പ്രതിരോധ ബജറ്റുകൾ ഉൾപ്പെടെയുള്ള ചെലവുകൾ വർധിപ്പിച്ചുകൊണ്ടിരിക്കുന്നതും വൻകിട കോർപ്പറേറ്റുകൾക്ക് നൽകുന്ന നികുതിയിളവുകളും സബ്‌സിഡികളും കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്നതും ഇതേ സർക്കാരാണ്. വെറുതെ എന്തിന് ജനത്തിന് യാത്രചെയ്യാൻ റോഡ് നിർമ്മിച്ചു നൽകണം. യാത്ര ചെയ്യേണ്ടവൻ കാശ് മുടക്കട്ടെ എന്ന സമീപനത്തിന്റെ വ്യക്തമായ ഉദാഹരണമാണ് പാലിയേക്കര ടോൾ.