തൃശൂർ: കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാ നേതാവ് പൊലീസിനെ വെല്ലുവിളിച്ച് ഫേസ്‌ബുക്ക് ലൈവിൽ. ഗൂണ്ടാത്തലവൻ പല്ലൻ ഷൈജുവാണ് കടലിലൂടെ ബോട്ടിൽ ഉല്ലാസയാത്ര നടത്തുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങൾ ലൈവിലൂടെ കാട്ടിയത്.

'ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ... തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്‌സ് ബ്രോ..

ഇതുകൊണ്ട് മനംതകർന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയിൽ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലൻ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാൻ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. വേണമെങ്കിൽ ഫ്‌ളൈറ്റ് ചാർട്ടർ ചെയ്തു ദുബായിലേക്കു വരെ ഞാൻ പോകും..''ഫേസബുക്ക് ലൈവിലെ പല്ലൻ ഷൈജുവിന്റെ ആഹ്ലാദ പ്രകടനം ഇങ്ങനെ.

തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ പല്ലൻ ഷൈജുവിനെ (നെല്ലായി പന്തല്ലൂർ മച്ചിങ്ങൽ ഷൈജു-43) ഈ മാസം 23 നാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയും, കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനുമാണ് പല്ലൻ ഷൈജു.

2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തൃശൂർ ജില്ലയിലേക്ക് കടക്കുന്നത് തടഞ്ഞ് റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രെയുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ തൃശൂർ റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എ അക്‌ബർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നത് വിചാരണ കൂടാതെ മൂന്നു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

കൊടകര, പുതുക്കാട്, തൃശൂർ ഈസ്റ്റ്, നെടുപുഴ, എറണാകുളം ജില്ലയിലെ ചെങ്ങമനാട്, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളിലും കേരളത്തിനു പുറത്ത് ഗുണ്ടൽപേട്ട് സ്റ്റേഷൻ പരിധിയിലും ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിൽ കഞ്ചാവ് കേസുകളും ഉള്ള ഷൈജു തൃശൂർ കേന്ദ്രീകരിച്ചുള്ള പഴയ ക്വട്ടേഷൻ ഗുണ്ടാസംഘം നേതാവായിരുന്നു.

പിന്നീട് കുഴൽ പണം തട്ടുന്ന സംഘത്തിലെ നേതാവായി തൃശൂരിൽ നിന്നും കൊടകര പന്തല്ലൂരിലേക്ക് വർഷങ്ങൾക്കുമുമ്പ് താമസം മാറുകയായിരുന്നു.