കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഞെട്ടിലലാണ് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്. ഇരയ്‌ക്കൊപ്പമാണ് തങ്ങളെന്ന് മോഹൻലാലും മമ്മൂട്ടിയും പറയുന്നു. പൃഥ്വി രാജിനെ പേടിച്ച് ദിലീപിനെ തള്ളിപ്പറയുകയും ചെയ്തു. പക്ഷേ ഇതൊക്കെ വെറും പൊള്ളത്തരമെന്നാണ് മുതിർന്ന സിനിമാ ജേർണലിസ്റ്റായ പല്ലിശേരി പറയുന്നത്. സിനിമയിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് അദ്ദേഹം റിപ്പോർട്ടു ചെയ്യുന്നു. മലയാള സിനിമയിൽ വീണ്ടും ലൈംഗിക പീഡനമെന്ന ഞെട്ടിക്കുന്ന വാർത്തയാണ് മംഗളം സിനിമയിൽ പല്ലിശേരി പങ്കുവയ്ക്കുന്നത്.

കൊച്ചിയിൽ താര സംഘടനയുടെ യോഗത്തിനിടെയാണ് അതിക്രമം എന്നാണ് പല്ലിശേരി റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോടുകാരിയായ നടിയാണ് ഈ ദുരനുഭവം തന്നോട് പറഞ്ഞതെന്നും വ്യക്തമാക്കുന്നു. നടിയുടെ പേര് വെളിപ്പെടുത്താതെയാണ് റിപ്പോർട്ടിങ്. കൊച്ചിയിൽ നടി ആക്രമിച്ചതിന് പിന്നിലെ പലതും പുറത്തുവിട്ടത് പല്ലിശേരിയായിരുന്നു. ദിലീപുമായുള്ള ഭിന്നതയ്ക്ക് കാരണം മഞ്ജുവുമായുള്ള വിവാഹ മോചനമാണെന്നും തുറന്നെഴുതിയിരുന്നു. ആഴത്തിൽ ബന്ധങ്ങളുള്ള സിനിമാ പത്രക്കാരനാണ് പല്ലിശേരി. അതുകൊണ്ട് കൂടിയാണ് പുതിയ വെളിപ്പെടുത്തലും നിർണ്ണായകമാകുന്നത്.

നടിയുടെ വെളിപ്പെടുത്തലെന്ന് വിശദീകരിച്ച് പല്ലിശേരി സിനിമാ മംഗളത്തിൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ :

ഞങ്ങൾ നാലഞ്ചുപേർ അമ്മയുടെ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കൊച്ചിയിലെ സംഭവവികാസങ്ങളിൽ ശ്രദ്ധേയരായ രണ്ടു നടന്മാർ ഞങ്ങൾക്കരുകിൽ കാർ നിർത്തി പരിഹാസത്തോടെ പറയുകയുണ്ടായി. ഒരുത്തി ഇപ്പോഴും പൾസർ സുനി പൾസർ സുനി എന്നാണ് ഊണിലും ഉറക്കത്തിലും വിളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു കാർ ഇപ്പോൾ വരും. ഡ്രൈവർ സുന്ദരനാണ്. നിങ്ങൾ കാറിൽ കയറിയിരുന്നാൽ മതി. ആരോടും ഒന്നും പറയേണ്ട. പൾസർ സുനിയേപ്പോലെ ദ്രോഹിക്കാതെ അയാൾ എല്ലാ സുഖങ്ങളും നൽകും. ഇങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് തോളത്തു കൈയിട്ട് ആ നടന്മാർ കാറിൽ കയറിപ്പോയി.

ഞങ്ങൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ഗുരുതരമായ ഒരു പ്രശ്നം കത്തിയേരിയുമ്പോഴും തങ്ങളെ ആരും ഒരു ചുക്കും ചെയ്യില്ലെന്ന അഹങ്കാരത്തോടെയാണ് അവർ ഇത്രയും തരം താണരീതിയിൽ സംസാരിച്ചത്. ഇങ്ങനെയൊക്കെ അവർ ഭാര്യമാരോടും മക്കളോടും സഹോദരിമാരോടും പറയുമോ? സാറിതു സൂചിപ്പിക്കണം. പക്ഷെ എന്റെ പേര് ഒരിക്കലും പരാമർശിക്കരുത്. ഇപ്പോൾ തന്നെ സിനിമകൾ കുറവാണ് . ഇത്തരക്കാരെ സന്തോഷിപ്പിച്ചാലല്ലെ ചെറിയ ചെറിയ റോളെങ്കിലും ലഭിക്കു. സത്യം എഴുത്തുന്ന പത്രപ്രവർത്തകനായത്തുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഈ രണ്ടുപേരിൽ ഒരാൾ മൂന്നാം വിവാഹിതനും മറ്റൊരു നടൻ രണ്ടാം വിവാഹിതനുമാണ്. ഇരുവരും ചങ്ങാതിമാരാണ്. ഒരാൾ നായകവേഷത്തിലും മറ്റൊരാൾ ക്യാരക്ടർ വേഷത്തിലും അഭിനയിക്കുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നാം വിവാഹക്കാരൻ ഭയന്നുവിറച്ചു നിൽക്കേണ്ട സമയമാണ്. അങ്ങനെയുള്ള അവസ്ഥയിൽ പോലും സന്തോഷം കൊണ്ട് മതിമറന്നും സഹനടികളോട് ലൈംഗികഭാഷയിൽ സംസാരിച്ചും അഹങ്കരിക്കുന്നത് ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ കേസിൽ യഥാർത്ഥ പ്രതികൾ വല പൊട്ടിച്ച് രക്ഷപ്പെടും എന്ന് എനിക്ക് മനസ്സിലായത്.-പല്ലിശേരി കുറിക്കുന്നു.