മൂന്നാർ: പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ടിൽ തഹസിൽദാർ പരിശോധന നടത്തി. സംഭവം റിപ്പോർട്ടുെചയ്യാനെത്തിയ മാതൃഭൂമി ചാനൽ സംഘത്തിലെ ക്യാമറാമാനെ റിസോർട്ടുജീവനക്കാർ കൈയേറ്റം ചെയ്യുകയും റിപ്പോർട്ടറെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. അടച്ചുപൂട്ടാൻ കളക്ടർ ഉത്തരവ് നൽകിയിട്ടും പൂട്ടാത്തതിനെത്തുടർന്നായിരുന്നു പരിശോധന. റിസോർട്ടിന്റെ പ്രവർത്തനം സംബന്ധിച്ച് ഉടൻതന്നെ കളക്ടർക്ക് റിപ്പോർട്ടു നൽകുമെന്ന് തഹസിൽദാർ പറഞ്ഞു.

റിസോർട്ടിനുസമീപം ഒരാഴ്ച മുൻപ് രണ്ടാമതും പാറ അടർന്നുവീണതിനെ തുടർന്നായിരുന്നു കളക്ടറുടെ ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ചയാണ് റിസോർട്ട് 48 മണികൂറിനകം പൂട്ടാൻ ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്. ഈ സമയം കഴിഞ്ഞും റിസോർട്ട് പ്രവർത്തിച്ചുവരുകയായിരുന്നു. ഇതെത്തുടർന്നാണ് തിങ്കളാഴ്ച കളക്ടറുടെ നിർദേശപ്രകാരം ദേവികുളം തഹസിൽദാർ പി.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം റിസോർട്ട് പൂട്ടുന്നതിനായി എത്തിയത്.

എന്നാൽ, തങ്ങൾ മുൻകൂറായി ബുക്കിങ് എടുത്തതിനാൽ കൂടുതൽ സമയം വേണമെന്ന നിലപാടാണ് റിസോർട്ട് അധികൃതർ സ്വീകരിച്ചത്. ബുക്കിങ് സംബന്ധിച്ച മുഴുവൻ രേഖകളും തഹസിൽദാർ പരിശോധനയ്ക്കായി എടുത്തു. ഇത് ക്യാമറയിൽ പകർത്തുകയായിരുന്ന ചാനൽ ക്യാമറാമാനായ ജസ്റ്റിൻ മാത്യുവിനെയാണ് ജീവനക്കാർ ചേർന്ന് കൈയേറ്റം ചെയ്തത്. റിപ്പോർട്ടർ ജീവ് ടോം മാത്യുവിനെ തടഞ്ഞുവയ്ക്കുകയും ചെയ്തു.

തഹസിൽദാർ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നാർ എസ്.ഐ.സജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.