- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ മൊബൈൽ സുനി കൈമാറിയത് വിഐപിക്ക്; നശിപ്പിച്ചുവെന്നത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള അന്നത്തെ തന്ത്രം; 'ശരത് അങ്കിളിലൂടെ' അത് ദിലീപിന്റെ കൈയിലെത്തി; ശബ്ദം കൂട്ടിയ ശേഷമുള്ള കൈമാറ്റം നടന്നത് പെൻഡ്രൈവിൽ; പൾസർ സത്യം പറഞ്ഞാൽ ആറാമൻ ഉടൻ കുടുങ്ങും
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചുവെന്ന സംശയം ശക്തം. ഈ ദൃശ്യങ്ങൾ കൈവശം വച്ചിട്ടുള്ളവരെ എല്ലാം കണ്ടെത്താനാണ് പൊലീസ് നീക്കം. വിദേശത്തുള്ളവരുടെ കൈയിൽ പോലും വീഡിയോ ഉണ്ടെന്ന വെളിപ്പെടുത്തലിനെ ഗൗരവത്തോടെയാണ് കാണുന്നത്. നടിയെ ആക്രമിച്ച കേസിൽ നിഴലായി തുടരുന്ന വി.ഐ.പി.യുടെ കൈയിലും ദൃശ്യങ്ങളുടെ പകർപ്പുള്ളതായി അന്വേഷണ സംഘത്തിന് സംശയം ഉണ്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് കൈമാറുന്നതിനിടെ വി.ഐ.പി. പകർപ്പ് സൂക്ഷിച്ചു കാണുമെന്നാണ് കരുതുന്നത്. ഈ വിഐപിയെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തു വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം വിഐപിയിൽ വ്യക്തത വരുത്തും. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിൽ എടുത്താണ് അന്വേഷണ സംഘം മുമ്പോട്ട് പോകുന്നത്. ആരെ എല്ലാം ദൃശ്യം കാണിച്ചുവെന്നും ദിലീപിനോട് പൊലീസ് ചോദിച്ചറിയും.
സുനി പകർത്തിയ ദൃശ്യങ്ങൾ വി.ഐ.പി.ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങൾ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വി.ഐ.പി. വന്നുവെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയിരിക്കുന്ന മൊഴി. ഈ മൊഴിയാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനി ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ ഓടയിൽ ഉപേക്ഷിച്ചുവെന്നാണ് ആദ്യം മൊഴി നൽകിയത്.
എന്നാൽ, പിന്നീട് ഈ ഫോൺ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും മൊഴി നൽകി. ദൃശ്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. വിഐപിയിലൂടെ ഈ ദൃശ്യങ്ങൾ ദിലീപിന്റെ കൈയിലെത്തി. ദിലീപിന്റെ അടുത്ത ബന്ധുവിന്റെ മകൻ വിഐപിയെ ശരത് അങ്കിൾ എന്നാണ് വിളിച്ചതെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്.
മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കിയാണ് പിന്നീട് കൈമാറ്റങ്ങൾ നടന്നത്. അതു തന്നെ പകർപ്പ് എടുത്തുവെന്നതിന് തെളിവാണ്. ഇതിന്റെയടിസ്ഥാനത്തിൽ ദൃശ്യങ്ങളുടെ പകർപ്പുകൾ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം വി.ഐ.പി.ക്കായുള്ള അന്വേഷണവും ശക്തമാക്കി. വി.ഐ.പി.യെ കണ്ടെത്തുന്നതോടെ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ദൃശ്യങ്ങൾ കണ്ടെത്താൻ ഉപകരിക്കുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ദിലീപിനൊപ്പം പൾസർ സുനിക്കും വിഐപിയെ അറിയാമെന്നാണ് വിലയിരുത്തൽ. പൾസർ സുനി വി.ഐ.പി.യെ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. എന്നാൽ, സുനി വി.ഐ.പി.യുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിൽ ആളെ കണ്ടെത്തുന്നതിനായി മറ്റു മാർഗങ്ങൾ അന്വേഷണ സംഘം ഉപയോഗിക്കും. കേസിലെ പ്രതികളുമായി അടുപ്പമുള്ളവരുടെ പട്ടികയുണ്ടാക്കുകയാണ് ഇതിൽ പ്രധാനം. ഇതിൽ സംശയമുള്ളവരുടെ മുഴുവൻ ചിത്രങ്ങൾ സംഘടിപ്പിച്ച ശേഷം ബാലചന്ദ്ര കുമാറിനെ കാണിച്ച് വി.ഐ.പി.യെ കണ്ടെത്താനാകും ശ്രമം. വിഐപിയെ ഉടൻ പിടിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
സുനിയുടെ മൊഴി എടുത്ത ശേഷമാകും ദിലീപിന്റെ അറസ്റ്റിലേക്ക് കടക്കുക. വിഐപിയുടെ പേര് സുനിയിൽ നിന്ന് മനസ്സിലാക്കിയ ശേഷം ദിലീപിനെ ചോദ്യം ചെയ്ത് അതുറപ്പിക്കാനാണ് നീക്കം. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കൽ പൂർത്തിയായി. ദിലീപിനെ പരിചയപ്പെട്ടതുമുതൽ വരെയുള്ള കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് മൊഴി നൽകിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ സാക്ഷികൾ ഉണ്ടാവും. കാര്യങ്ങൾ വെളിപ്പെടുത്താൻ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് നടത്തിയ നീക്കങ്ങളുടെ തെളിവുകൾ കഴിഞ്ഞദിവസം ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. വെളിപ്പെടുത്തലുകൾക്ക് ശേഷം തനിക്ക് നേരെ ഭീഷണി ഉയർന്നിട്ടുണ്ടെന്നും കഴിഞ്ഞദിവസം ദിലീപിന്റെ സുഹൃത്തായ നിർമ്മാതാവ് തന്റെ വീടും വഴിയും അന്വേഷിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
''കൂടുതൽ ഡിജിറ്റൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതല്ല. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ദിലീപ് ഒരിടത്തും പറഞ്ഞിട്ടില്ല. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്നത് ഇരുപതോളം ക്ലിപ്പിംഗുകൾ വേറെയുമുണ്ട്. കേസിൽ കൂടുതൽ സാക്ഷികൾ അടുത്ത ദിവസങ്ങളിൽ രംഗത്ത് വരും. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ട്. കൂറു മാറ്റാൻ സാമ്പത്തികവും കായികവുമായ ശ്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷികളെ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. എങ്ങനെയാണ് ഡീൽ നടത്തിയതെന്ന് വിശദമാക്കുന്നതിനും തെളിവുണ്ട്. സാഗർ കൂറുമാറിയതിന്റെ വിശദാംശങ്ങളും ഇക്കാര്യം ദിലീപ് പറയുന്നതിന്റെ തെളിവും കൈവശമുണ്ട്.''-ബാലചന്ദ്രകുമാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ