പത്തനംതിട്ട: നൂറ്റാണ്ടുകൾക്ക് മുൻപേ പമ്പാ തീരത്ത് മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ആറന്മുളയ്ക്ക് സമീപം പമ്പാ തീരത്ത് നിന്നും പത്താം നൂറ്റാണ്ടിനും 15-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന പഴയ കളിമൺ പാത്രങ്ങൾ കണ്ടെത്തി. പമ്പാ തീരത്ത് ആറന്മുള ആഞ്ഞിലിമൂട്ടിൽകടവ് പാലത്തിനു സമീപം പനവേലിൽ പുരയിടത്തിൽ തിട്ടയിടിഞ്ഞ ഭാഗത്തു നിന്നുമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ രൂപങ്ങൾ കണ്ടെത്തിയത്്.പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ നദീതീരം ഇടിഞ്ഞു വീണപ്പോൾ, പുരയിടത്തോടു ചേർന്നു നിൽക്കുന്ന മാവിന്റെ സമീപത്താണ് ഇവ കണ്ടെടുത്തത്.

ആഭരണങ്ങളും പടച്ചട്ടയും അണിഞ്ഞ കളിമണ്ണിൽ തീർത്ത ആൺ പെൺ രൂപങ്ങളും നാഗങ്ങളുടെ മാതൃകകളുമാണ് കണ്ടെത്തിയത്. മണ്ണുനീക്കി ശേഖരിക്കാവുന്നവ എടുത്തു സുരക്ഷിതമായി കരയിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ ഭാഗം ഖനനം ചെയ്തു വിശദ അന്വേഷണത്തിനു തയ്യാറെടുക്കുകയാണു സർക്കാർ. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് മാറ്റിയ ഇവ പത്താം നൂറ്റാണ്ടിനും 15ാം നൂറ്റാണ്ടിനുമിടയിൽ നിർമ്മിച്ചതാകാം എന്നാണു പ്രാഥമിക വിലയിരുത്തൽ. എസ്‌ഐ ജിബു ജോണിന്റെ നേതൃത്വത്തിൽ ശിൽപങ്ങൾക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആർക്കിയളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതൽ പരിശോധനകൾ തിങ്കളാഴ്ച നടത്തും. ശിൽപ്പങ്ങളുടെ കൂടുതൽ ഭാഗങ്ങൾ മണ്ണിനടിയിൽ ഉണ്ടായേക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ചരിത്രപരമായ കാലപ്പഴക്കം അളന്നു തിട്ടപ്പെടുത്തിയ ശേഷം ശിൽപ്പരൂപങ്ങൾ ആറന്മുളയിൽ തന്നെ മ്യൂസിയം തയാറാക്കി സൂക്ഷിക്കാനും ആലോചനയുണ്ട്.ആർക്കിയോളജി ഡയറക്ടർ റെജികുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പഠനസംഘം തിങ്കളാഴ്ച രാവിലെ പ്രദേശത്തു പരിശോധന നടത്തും. സാംസ്‌കാരിക വിഭാഗവും ഇതിൽ പങ്കാളികളാകും.

പ്രതിമകൾക്ക് ഉപയോഗിച്ച ചുവന്ന മണ്ണ് എക്‌സ്‌റേ പരിശോധനയിലൂടെ എവിടെനിന്നു കൊണ്ടുവന്നതാണെന്നു കണ്ടെത്തും. നിർമ്മാണ പശ്ചാത്തലം പ്രതിമാവിദഗ്ധരിലൂടെ ലഭിക്കും. മറ്റു തെളിവുകൾ കൂട്ടിയിണക്കി ഇവയെ കുറിച്ചിള്ള കൂടുതൽ രഹസ്യങ്ങൾ കണ്ടെത്താനാവും. കേരളത്തിൽനിന്നു പ്രാചീന മൺപ്രതിമകൾ അപൂർമായേ ലഭിച്ചിട്ടുള്ളൂ എന്നതും ഈ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. മധ്യകാലത്തെ കളിമൺവിഗ്രഹ നിർമ്മാണ രീതിയുടെ കരവിരുതും നിർമ്മാണ വിദ്യയും ഇതിൽ കാണാം. ചെണ്ണവീരാ ആഭരണകലയാണു പ്രകടമായിരിക്കുന്നത്. ആരെങ്കിലും ആരാധാനാലയങ്ങൾക്കു സംഭാവന നൽകിയതുമായിരിക്കാം.

300 മുതൽ 400 വർഷം വരെ പഴക്കമുള്ള വഴിപാടു പ്രതികമളാകാനാണു സാധ്യതയെന്നു ചരിത്രഗവേഷകൻ ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. വോട്ടീവ് അഥവാ നേർച്ച രൂപത്തിൽ സമർപ്പിക്കുന്ന ചെറിയ പ്രതിമകളാണ് ഇവ. രോഗശമനത്തിനും കാര്യസിദ്ദിഖും തടസ്സങ്ങൾ നീക്കാനും പഴയകാലത്തു ദക്ഷിണേഷ്യ മുഴുവൻ ഉപയോഗിച്ചിരുന്ന ഇവ എങ്ങനെ പമ്പാ തീരത്ത് എത്തിയെന്നതു സംബന്ധിച്ച സൂക്ഷ്മ ഗവേഷണം വേണം.