- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലസേചന വകുപ്പ് മടുത്തു; ഈ തീർത്ഥാടന കാലത്ത് പമ്പയിൽ ഞുണങ്ങാറിന് കുറുകേ നിർമ്മിച്ചത് താൽക്കാലിക പാലം; രണ്ടും വെള്ളം കൊണ്ടു പോയി; തകർന്നത് 19.3 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച പാലം; പമ്പയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയരുന്നത് പാലത്തിന് ഭീഷണി
ശബരിമല: പമ്പ ത്രിവേണിയിൽ ഞുണങ്ങാറിന് കുറുകേ താൽക്കാലിക പാലം നിർമ്മിക്കുകയാണ് ജലസേചന വകുപ്പിന്റെ പ്രധാന പണി. എപ്പോൾ പണി തീരുന്നുവോ അതിന്റെ പിറ്റേന്ന് പമ്പയിൽ ജലനിരപ്പുയരും. പിന്നാലെ പാലവും തകരും. ഈ തീർത്ഥാടന കാലത്ത് രണ്ടു തവണയും ഈ പതിവ് ആവർത്തിച്ചു. ശനിയാഴ്ച ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ പാലം ഞായറാഴ്ച രാത്രി പമ്പയിൽ ജലനിരപ്പുയർന്നതിനെ തുടർന്നാണ് തകർന്നത്. ആദ്യം നിർമ്മിച്ച പാലം കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു.
19.3 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച പാലമാണ് ഞായറാഴ്ച രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് തകർന്നത്.. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് പമ്പ ത്രിവേണിയിൽ ഞുണങ്ങാറിന് കുറുകെ ജലസേചന വകുപ്പ് നിർമ്മിച്ച പാലമായിരുന്നു ഇത്. നാലിന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപനാണ് പാലം ഉദ്ഘാടനം ചെയ്തത്. 20 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.10 മുതൽ 15 വരെ ടൺ സംഭരണ ശേഷിയുള്ള ട്രാക്ടറുകൾ കടന്നുപോകാൻ പാകത്തിലാണ് പാലം നിർമ്മിച്ചത്.പുഴയിലെ വെള്ളം കടന്നുപോകാൻ രണ്ട് പാളികളായാണ് 24 പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്.
താഴെ ഏഴും മുകളിൽ അഞ്ചുമായി 12 വെന്റുകളാണ് സ്ഥാപിച്ചത് ഇതിൽ നാലെണ്ണമാണ് പൊട്ടി തകർന്നത്. രണ്ട് വശത്തും ഉരുക്കുവലയ്ക്കകത്ത് കല്ലുകൾ അടുക്കി ഗാബിയോൺ സ്ട്രക്ചറിലാണ് നിർമ്മാണം. പാലത്തിന് മുകളിൽ ഒരു പാളി ജിഎസ്ബി (ഗ്രാന്യുലാർ സബ് ബേസ്) ഇട്ട് അതിന് മുകളിലൂടെ വാഹനം കടന്നുപോകാനുള്ള സംവിധാനമാണ് ഒരുക്കിയത്. പാലത്തിന്റെ രണ്ട് വശത്തും തെങ്ങിൻ കുറ്റി പൈൽ ചെയ്ത്, വെള്ളപ്പാച്ചിലിൽ പാലം മറിഞ്ഞുപോകാത്ത വിധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ ഒറ്റ മഴയിൽ ഉയർന്ന വെള്ളം പോലും പ്രതിരോധിക്കാൻ പാലത്തിനായില്ല. പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് ബോർഡ് പ്രസിഡന്റ് പറഞ്ഞത് പരാതിരഹിതമായ മണ്ഡലകാലമാണ് ലക്ഷ്യമിടുന്നതെന്ന് എന്നായിരുന്നു.
ജലസേചന വകുപ്പ് സമയബന്ധിതമായാണ് ഞുണങ്ങാർ പാലം പൂർത്തിയാക്കിയത്. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചു പോയതിനെ തുടർന്ന് മറുകരയിലുള്ള ഇൻസിനറേറ്റർ, സ്വീവേജ് പ്ലാന്റ് എന്നിവിടങ്ങളിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. അവയ്ക്കെല്ലാം ശാശ്വത പരിഹാരമായിരിക്കുകയാണ് പുതിയ താൽക്കാലിക പാലം നിർമ്മാണത്തിലൂടെ. തീർത്ഥാടനം സുഗമമായി നടത്തുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ സ്ഥാനത്ത് പുതിയ പാലം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവനുസരിച്ച് പത്ത് ദിവസമാണ് ജലസേചന വകുപ്പിന് അനുവദിച്ചിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്