പമ്പ: ശബരിമല സംഘർഷഭരിതമാകുമെന്ന് സൂചനകൾക്കിടെ യുവതീ പ്രവേശനം നടന്നുവെന്ന് ഉറപ്പിക്കാൻ സർക്കാർ ഇടപെടൽ. ശബരിമല അവലോകനയോഗം ഇത്തവണ സന്നിധാനത്താണ് വിളിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ അമ്പത് വയസ്സിൽ താഴെയുള്ള ഉദ്യോഗസ്ഥകൾ പമ്പയിൽ എത്തിയിട്ടുണ്ട്. ഇവരെ ജോലിക്കെന്ന രീതിയിൽ മലകയറ്റാനാണ് തീരുമാനം. ഇതോടെ സ്ത്രീകൾ ശബരിമല ചവിട്ടുമെന്ന് സർക്കാർ തന്നെ ഉറപ്പിക്കും. സാധാരണ തുലാമാസ പൂജകൾക്കിടെ അവലോകന യോഗങ്ങൾ നടക്കാറില്ല. ഇത്തരത്തിൽ നടന്നാലും അത് പമ്പയിൽ നടത്തുകയാണ് പതിവ്. ഇത് തെറ്റിച്ചാണ് സന്നിധാനത്ത് അവലോകന യോഗം നടക്കുന്നത്. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും മലകയറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ പമ്പയിൽ 45ഓളം വനിതാ പൊലീസുകാരും എത്തിയിട്ടുണ്ട്. കൂടുതൽ പേരെ പമ്പയിൽ എത്തിക്കാനും നീക്കമുണ്ട്. ഇവരിൽ പലരേയും മലകയറ്റാനും സാധ്യതയുണ്ട്. ഏതായാലും പമ്പയിലെ നാമജപയജ്ഞം നിർണ്ണായകമാകും. 50 വയസ്സിന് താഴെയുള്ള സ്ത്രീകളെ ആരേയും സന്നിധാനത്തേക്ക് കടത്തി വിടില്ലെന്നാണ് അയ്യപ്പ സംരക്ഷണ സേനയുടെ നിലപാട്. കൂടുതൽ പ്രവർത്തകർ രാവിലെ മുതൽ പമ്പയിൽ എത്തുമെന്നാണ് അവർ നൽകുന്ന സൂചന. പന്തളം രാജപ്രതിനിധിയുടെ പമ്പയിലെ കേന്ദ്രത്തിന് അടുത്താകും പ്രതിഷേധം. രാവിലെ 9 മണിമുതലാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുക. ഈ സമയത്തിന് മുമ്പ് തന്നെ അയ്യപ്പ സംരക്ഷണ സേന ഇവിടെ നിലയുറപ്പിക്കുമെന്നാണ് സൂചന. രാഹുൽ ഈശ്വറും സംഘവും പമ്പയിൽ എത്തിയിട്ടുണ്ട്.

പമ്പയിലേക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് നിലയ്ക്കലിൽ സംഘർഷാവസ്ഥയുണ്ടായത്. ഇതോടെ പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടു. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചു. ഇനി വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം തടഞ്ഞ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. ഇതിനൊപ്പമാണ് പമ്പയിലും സുരക്ഷ കർശനമാക്കുന്നത്. സ്ത്രീ പൊലീസുകാരെ കൂടുതലായി അവിടെ എത്തിക്കാൻ ശ്രമിക്കുന്നതും സംഘർഷമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ്.

ലാമാസ പൂജയ്ക്കായി ബുധനാഴ്ച നടതുറക്കാനിരിക്കേ, ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശ വിഷയത്തിൽ സമവായത്തിനായി തിരുവിതാംകൂർ ദേവസ്വംബോർഡ് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന സുപ്രീകോടതിയുടെ വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നതിൽ ഉടൻ തീരുമാനം വേണമെന്ന ആവശ്യത്തിൽത്തട്ടിയാണ് ബോർഡിന്റെ സമവായശ്രമം പാളിയത്. ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരണമെന്നായിരുന്നു പന്തളം കൊട്ടാരത്തിന്റെയും തന്ത്രികുടുംബത്തിലെയും പ്രതിനിധികളുടെ ആവശ്യം. എന്നാൽ, 19-ന് നടക്കുന്ന യോഗത്തിൽ പുനഃപരിശോധനാ ഹർജിക്കാര്യവും മറ്റു നിയമനടപടികളും ആലോചിക്കാമെന്നായിരുന്നു ബോർഡിന്റെ നിലപാട്.

യുവതീപ്രവേശത്തിനെതിരേ നിലയ്ക്കലിൽ വിശ്വാസികളുടെ കൂട്ടായ്മ നടത്തുന്ന ശരണമന്ത്ര പ്രതിരോധ സമരത്തിൽ ബുധനാഴ്ച ആയിരങ്ങൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. കൂട്ടായ്മയിലെ വനിതകൾ വാഹനങ്ങൾ തടഞ്ഞ് രാത്രി വൈകിയും പരിശോധന തുടരുകയാണ്. ജേണലിസം വിദ്യാർത്ഥിനികളെയും ദേശീയ ചാനലുകളുടെ വനിതാ മാധ്യമപ്രവർത്തകരെയും ഇവർ വാഹനങ്ങളിൽനിന്ന് ഇറക്കി. ഇവർ പമ്പയിലേക്ക് പോകുന്നത് തടഞ്ഞത് തർക്കത്തിനും ബഹളത്തിനും ഇടയാക്കി. യുവതീപ്രവേശത്തിനെതിരേ ദേവസ്വം ബോർഡ് നിലപാടെടുക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളിയായ രത്നമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസും വിശ്വാസികളും ചേർന്ന് ഇവരെ പിന്തിരിപ്പിച്ചു.

അതിഗൗരവമുള്ള വിഷയമായിട്ടും പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല ബോർഡ് നൽകിയതെന്നാണ് പന്തളം കൊട്ടാരം ആരോപിക്കുന്നത്. ഇത് അങ്ങേയറ്റം ദുഃഖകരമാണ്. ശബരിമലയിൽ വരുന്ന സ്ത്രീകളെ തടയുന്നതിനോട് യോജിപ്പില്ല. എന്നാൽ, ഭക്തർ തടഞ്ഞാൽ ഞങ്ങൾക്കൊന്നും പറയാനില്ല. ആചാരസംരക്ഷണം പ്രധാനമാണ്. സുപ്രീംകോടതി വിധി വന്നെങ്കിലും സ്ത്രീപ്രവേശം സംബന്ധിച്ച് 1991-ലെ വിധി അസാധുവാക്കിയിട്ടില്ല. പുനഃപരിശോധനാ ഹർജിയെന്ന പ്രധാന ആവശ്യത്തിൽ വ്യക്തമായ തീരുമാനമുണ്ടാകാതെ ചർച്ചയ്ക്ക് ബാക്കിസമയം കളഞ്ഞിട്ടെന്തു കാര്യമെന്നാണ് പന്തളംകൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമ ചോദിക്കുന്നത്.

പ്രതിഷേധത്തിന് ബിജെപിയും

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപിയും രംഗത്തിറക്കി. പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ ഉപവാസമിരിക്കും. ഇതിന് പുറമെ ബിജെപിയുടെ നാല് ജനറൽ സെക്രട്ടറിമാരും പമ്പയിൽ സമരം നയിക്കും. ശബരിമല നടതുറക്കും മുൻപേ വിഷയത്തിൽ സമവായമുണ്ടാക്കാൻ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത യോഗം പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം തുടരാൻ ബിജെപി തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ദേവസ്വം ബോർഡിന്റെ നിലപാട് ഖേദകരമാണ്. വിശ്വാസികളുടെ സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിക്കുവെന്നും നാളെ പത്തനംതിട്ടയിൽ ഉപവാസമിരിക്കുമെന്നും പറഞ്ഞു.

എരുമേലിയിലും പമ്പയിലും ബിജെപിയിലെ വനിതാ പ്രവർത്തകർ സമരം നയിക്കും. പമ്പയിൽ നാല് ജനറൽ സെക്രട്ടറിമാരുടെ സാന്നിധ്യത്തിലാകും സമരം. വിഷയം ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്നും ബിജെപി ആവാശ്യപ്പെട്ടു. ഹൈന്ദവസന്യാസിമാർ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നാണ് അഭിപ്രായം. സമരം മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. വിഷയത്തിൽ രാഷ്ട്രീയമുതലെടുപ്പിനില്ലായെന്നും വിശ്വാസികൾക്കൊപ്പമാണ് ബിജെപി നിലയുറപ്പിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

യോഗം വിളിച്ച് വെള്ളാപ്പള്ളിയും

ശബരിമല യുവതീപ്രവേശം സംബന്ധിച്ചു നിലപാടെടുക്കാൻ എസ്എൻഡിപി യോഗം നേതൃയോഗം ഇന്നു 11നു ചേർത്തല അശ്വിനി റസിഡൻസിയിൽ ചേരും. ഈ വിഷയം മാത്രമാണു ചർച്ച ചെയ്യുന്നതെന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ്മാർ, വൈസ് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ ഉൾപ്പെടെ അറുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. പ്രസിഡന്റ് ഡോ. എം.എൻ.സോമൻ അധ്യക്ഷത വഹിക്കും.

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്നും എന്നാൽ പ്രത്യക്ഷ പ്രക്ഷോഭങ്ങൾക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ നേരത്തേ പറഞ്ഞിരുന്നു. ഈ നിലപാട് ഇന്നത്തെ യോഗം അംഗീകരിക്കാനാണു സാധ്യത. യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് എൻഡിഎ നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണ്.