കോട്ടയം: പാമ്പാടിയിലെ ആശ്വാസ ഭവൻ ഡയറക്ടർ ജോസഫ് മാത്യു ബലാത്സംഗകേസിൽ വീണ്ടും അറസ്റ്റിൽ. ആശ്വാസ ഭവനിലെ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു.

അനാഥയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരിക്കൽ ഇയാൾക്കെതിരെ പരാതി വരുകയും തുടർന്ന് ജോസഫ് മാത്യു ഒളിവിൽ പോയിരുന്നു. അമേരിക്കയിലേക്ക് കടക്കാൻ തീരുമാനിച്ച ഇയാളുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ആണ്ടിപ്പെട്ടയിലെ ഫാം ഹൗസിൽ താമസിക്കുകയായിരുന്ന ജോസഫ് മാത്യുവിനെ അന്ന് പൊലീസ് പിടികൂടുകയായിരുന്നു.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ഉന്നത രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണയിൽ വിലസിയ ഇയാളെക്കുറിച്ച് നേരത്തെ തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തതാണ്. ഇടുക്കി സ്വദേശിയായ പന്ത്രണ്ടുകാരിയെ ഉപദ്രവിച്ച കേസിൽ പോക്‌സോ നിയമപ്രകാരം കേസ് എടുത്തതിനെ തുടർന്നാണു ജോസഫ് മാത്യു അന്ന് ഒളിവിൽ പോയത്. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചു ജനകീയ പ്രതിഷേധവും ശക്തമായിരുന്നു.

ഇതേ തുടർന്നു പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. വിദേശത്തേക്കു കടക്കാതിരിക്കുമെന്ന സൂചന ലഭിച്ചതിനാൽ തിരിച്ചറിയൽ നോട്ടിസ് വിമാനത്താവളങ്ങളിലുൾപ്പെടെ പ്രദർശിപ്പിച്ചു. ജയിലിൽ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ആശ്വാസഭവൻ.

പെൺകുട്ടികളെയും ആൺകുട്ടികളെയും ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നു. ഇത് സംബന്ധിച്ച് വ്യാപക പരാതി ഉയർന്നുവെങ്കിലും പരാതിപ്പെടാൻ ധൈര്യം കാട്ടിയില്ല. ഇടുക്കിയിലെ പെൺകുട്ടി ചൈൽഡ് ലൈനിന് പരാതി നൽകുകയായിരുന്നു. അതിനു ശേഷവും കേസ് ഇഴഞ്ഞു നീങ്ങി. ഇത് ഇയാൾക്ക് രക്ഷപ്പെടുന്നതിന് അവസരം ഒരുക്കുന്നതിനാണെന്ന് പരാതി വന്നു. ജനകീയ പ്രക്ഷോഭവും ശക്തിപ്പെട്ടു. ഇതോടെയാണ് പൊലീസ് ഉണർന്നത്.