- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പാ മണൽ കടത്തിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്; പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ചെന്നിത്തല നടത്തിയ നിയമ പോരാട്ടം ഫലം കണ്ടു; അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനുള്ള തിരിച്ചടിയായി കോടതി വിധി; ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം ചെയ്തുവെന്ന വാദം പാളി; മണൽ കടത്തിൽ ഇനി അന്വേഷണം
തിരുവനന്തപുരം: പമ്പാ മണൽക്കടത്തിൽ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടു വിജിലൻസിന് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു. പക്ഷെ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടർന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാണ് കോടതിയുടെ തീരുമാനം.
പമ്പയിൽ നിന്ന് മണൽ നീക്കം ചെയ്യാനുള്ള തീരുമാനം നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 2014 മെയ് 22ന് മന്ത്രിസഭ യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ വെളിച്ചത്തിൽ 2019 മെയ് 22ന് ഇറക്കിയ ഉത്തരവിൽ പമ്പയിലെ മണൽ എങ്ങനെ ലേലം ചെയ്യണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. 90,000 മെട്രിക്ടൺ മണലിൽ നിന്ന് 20,000 മെട്രിക്ടൺ നിലക്കലിലെ ബേസ് കാമ്പിന്റെ വികസനത്തിനായി ദേവസ്വം ബോർഡിനും ഇ-ടെൻഡറിലൂടെ 55,000 മെട്രിക്ടൺ ആ ഭാഗത്തുള്ള ഉപഭോക്താക്കൾക്കും നൽകാനായിരുന്നു മന്ത്രിസഭ തീരുമാനം. വനംവകുപ്പാണ് ഇത് ചെയ്യേണ്ടത്. ഈ തീരുമാനത്തെ മറികടന്നാണ് മാസങ്ങൾക്ക് മുമ്പ് മണൽ കടത്തിയത്.
മാലിന്യം നീക്കാനുള്ള അനുവാദത്തെ മണൽ വാരാനും കൊണ്ടുപോകാനുമുള്ള അവസരമാക്കി ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് കണ്ടതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേദിവസം ആരോരുമറിയാതെ ഡി.ജി.പിയും പുതിയ ചീഫ് സെക്രട്ടറിയുമടങ്ങുന്ന ഉദ്യോഗസ്ഥവൃന്ദത്തേയുംകൊണ്ട് ഹെലികോപ്റ്ററിൽ യാത്ര നടത്തി. ശേഷം യോഗം ചേരുകയും കോടിക്കണക്കിന് രൂപ വില വരുന്ന മണൽ നീക്കം ചെയ്യാൻ ജില്ല കലക്ടറോട് ഉത്തരവിറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എല്ലാ അഴിമതികളും മൂടിവെക്കാൻ ശ്രമിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പമ്പ ത്രിവേണിയിലെ മണൽ കടത്ത് എന്നും ആരോപണം ഉയർന്നിരുന്നു.
കേരള ക്ലെയ്സ് ആൻഡ് സെറാമിക് പ്രോഡക്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പമ്പ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയത്. ഈ പരാതിയിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണ് മണൽനീക്കാൻ പത്തനംതിട്ട കലക്ടർ അനുമതി നൽകിയതെന്നു വിജിലൻസ് വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. പമ്പാനദിയുടെ സ്വാഭാവിക നീരൊഴുക്കു പുനഃസ്ഥാപിക്കുന്നതിനും നദിയുടെ ജലസംഭരണശേഷി വർധിപ്പിക്കുന്നതിനും പ്രളയ സാധ്യത ഒഴിവാക്കുന്നതിനുമാണ് മണൽ നീക്കാൻ തീരുമാനിച്ചതെന്നായിരുന്നു സർക്കാർ വാദം. ഇതിലാണ് കോടതി സംശയം ഉന്നയിക്കുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും.
മണൽ നീക്കാൻ കേരള ക്ലെയ്സ് ആൻഡ് സെറാമിക് പ്രോഡക്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അനുമതി നൽകിയ കലക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ജൂൺ 6നാണ് പ്രതിപക്ഷ നേതാവ് സർക്കാരിനു കത്തു നൽകിയത്. മണൽ നീക്കാൻ അനുമതി നൽകിയുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ ആക്ഷേപം. ആരോപണം ഉയർന്നതോടെ മണൽ കൊണ്ടുപോകരുതെന്ന് കാണിച്ച് വനം വകുപ്പും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകിയ കത്താണ് സർക്കാർ തള്ളിയത്.
ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം ചെയ്യണമെന്നാണ് സർക്കാർ വിശദീകരണം. ഭാവിയിൽ പ്രളയസാധ്യത ഒഴിവാക്കുന്നതിനാണ് മണൽ മാറ്റണമെന്നും അതിനാലാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ അനുമതി നൽകിയതെന്നും സർക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
മുൻ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേന്ന് ഹെലികോപ്റ്ററിൽ പമ്പയിലെത്തി മണൽനീക്കം പരിശോധിച്ചത് വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് മണൽ ക്ലേയ്സ് ആൻഡ് സെറാമിക്സിന് നൽകാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചിരുന്നു. വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ നിയമനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മറുനാടന് മലയാളി ബ്യൂറോ