ശബരിമല: എല്ലാം ആത്ഭുതം. ഒന്നും ആർക്കും പറയാനാകുന്നില്ല. കരവിഞ്ഞൊഴുകിയ പമ്പ അതിവേഗം വരണ്ടു. തീർത്ഥാടകരുടെ ഒഴുക്കു തടുരുമ്പോൾ സന്നിധാനവും പ്രതിസന്ധിയിലായി. ശുദ്ധജല പദ്ധതിയിൽ ത്രിവേണിയിൽ പമ്പിങ്ങിനു വെള്ളം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ഇങ്ങനെ പമ്പ വരളുമെന്ന് ആരും കരുതിയില്ല. തീർത്ഥാടനം തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്ന മഴ. ഇതോടെ തീരം കരകവിഞ്ഞു. തീർത്ഥാടകർക്ക് നിരോധനം പോലും ഏർ്പപെടുത്തി. പിന്നീട് മിക്ക ദിവസവും മഴയായിരുന്നു. രണ്ട് ദിവസം മുമ്പ് മഴ ശമിച്ചു. പെട്ടെന്ന് പമ്പയിൽ വെള്ളവുമില്ല.

മഴ മാറി രണ്ടു ദിവസം കഴിയുമ്പോൾ പമ്പയിലെ ഒഴുക്ക് കുറയുന്നത് ഇത് ആദ്യമായാണ്. ആർക്കും വിശ്വസിക്കാൻ പോലും കഴിയുന്നില്ല. അതിശക്തമായ മഴ കാരണം ആനത്തോട്, പമ്പ അണക്കെട്ടുകൾ തുറന്ന് അധികജലം ഒഴുക്കി കളഞ്ഞിട്ട് അധിക ദിവസമായില്ല. അണക്കെട്ടുകൾ തുറന്നുവിട്ടതിനെ തുടർന്ന് ഒഴുകിയെത്തിയ മണൽ അടിഞ്ഞ് നദിയിലെ വലിയ കുഴികൾ എല്ലാം അടഞ്ഞു. പാലത്തിനോട് ചേർന്ന ഭാഗത്തു മാത്രമാണ് കുഴിയുള്ളത്. ഗണപതികോവിലിലേക്കു വാഹനങ്ങൾ പോകുന്ന വലിയ പാലത്തിനും ത്രിവേണി സംഗമത്തിനും മധ്യേ പമ്പാനദി പൂർണമായും വറ്റിയ നിലയിലാണ്. മനോരമയാണ് ചിത്രം സഹിതം ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്

ത്രിവേണിയിലെ രണ്ട് പാലത്തിനു മധ്യത്തിൽ നദിയിൽ മുട്ടിനു താഴെയാണ് വെള്ളം ഉള്ളത്. ത്രിവേണി ചെറിയ പാലത്തിനും ആറാട്ട് കടവിനും മധ്യേ നദിയിൽ പാദം മുങ്ങാനുള്ള വെള്ളം മാത്രമാണുള്ളത്. ജല അഥോറിറ്റിയുടെ പമ്പ് ഹൗസ് ത്രിവേണിയിലാണ്. ഇവിടെ നിന്നു പമ്പ് ചെയ്യുന്ന വെള്ളം ഗണപതികോവിലിനു സമീപത്തെ ദേവസ്വം അതിഥി മന്ദിരത്തിനു മുകളിലെ സംഭരണിയിൽ നിറച്ചാണ് പമ്പയിൽ വിതരണം നടത്തുന്നത്. ഇതാണ് പ്രതിസന്ധിയിലാകുന്നത്. ദേവസ്വം ബോർഡ് പോലും ഇത് പ്രതീക്ഷിച്ചതല്ല. ഇത്തവണ വെള്ളത്തിന് മുട്ടുണ്ടാകില്ലെന്നാണ് മഴക്കാലത്തുണ്ടായിരുന്ന പൊതു പ്രതീക്ഷ.

നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ മൂന്ന് ബൂസ്റ്റർ ടാങ്കുകളിൽ നിറച്ച് വീണ്ടും പമ്പ് ചെയ്താണ് ശരംകുത്തിയിൽ എത്തിച്ച് പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ വിതരണം നടത്തുന്നത്. എന്നാൽ ഒന്നര മണിക്കൂർ പമ്പ് ചെയ്യാനുള്ള വെള്ളം പോലും നദിയിൽ ഇല്ല. ജല അഥോറിറ്റി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഇന്നലെ ത്രിവേണിയിലെ തടയണയിൽ വെള്ളം കെട്ടി നിർത്താൻ ഷട്ടർ ഇടുന്ന ജോലി വൻകിട ജലസേചന വിഭാഗം തുടങ്ങി. ഇത് പൂർത്തിയാക്കിയ ശേഷം ആറാട്ട് കടവിലെയും തടയണ ഇടും.

ഇതോടെ തീർത്ഥാടകരെ പുണ്യ സ്‌നാനത്തിന് അനുവദിക്കുമെന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വാഗ്ദാനം നടപ്പായില്ലെന്നതാണ് വസ്തുത. മഴ കാരണം പമ്പാനദിയിൽ ശക്തമായ ഒഴുക്കും ഉള്ളതിനാൽ പമ്പാ സ്‌നാനം അനുവദിക്കാൻ കഴിയില്ലെന്നാണ് ഇതുവരെ സർക്കാർ പറഞ്ഞത്. എന്നാൽ വെള്ളമില്ലാതെ പമ്പാനദി വറ്റി വരണ്ടിട്ടും അതേ നിലപാടാണ് ഇപ്പോഴും തുടരുന്നത്.

തീർത്ഥാടകരെ സ്‌നാനത്തിന് അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി ദേവസ്വം ബോർഡിന് നൽകിയ ഉറപ്പ്. ഇതനുസരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ ഗുരു സ്വാമിമാരുടെ യോഗങ്ങൾ വിളിച്ച് ഇക്കാര്യം വിശദീകരിച്ചു. ദർശനത്തിനായി ശബരിമലയിലേക്ക് തീർത്ഥാടകരെ ക്ഷണിച്ചു. കഴിഞ്ഞ ആഴ്ച ദേവസ്വം മന്ത്രി പമ്പ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.

പമ്പാനദിയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാൽ സ്‌നാനത്തിന് തീർത്ഥാടകരെ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഇപ്പോഴും അയ്യപ്പന്മാർ നദിയിലേക്കു ഇറങ്ങാതിരിക്കാൻ വേലി കെട്ടി അടച്ചിട്ടുണ്ട്. നാട്ടിൽ എവിടെയും തീർത്ഥാടകർക്ക് നദികളിൽ കുളിക്കുന്നതിനു നിയന്ത്രണം ഇല്ല. എന്നാൽ ത്രിവേണിയിൽ എത്തിയാൽ അനുവാദമില്ല.