ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനായി പാൻ കാർഡിന്റെയും പാൻ നമ്പറിന്റെയും ആവശ്യകത സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് കൂടുതൽ ഇടപാടുകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ഗസറ്റ് വിജ്ഞാപനം ഇറക്കി. 2022 മെയ്‌ 10 ന് ഇറക്കിയ വിജ്ഞാപനം അനുസരിച്ച് ഒരു സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയിലേറെ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്കാണ് പാൻ നമ്പർ നിർബന്ധമാക്കിയിരിക്കുന്നത്. ബാങ്കുകളിലും, പോസ്റ്റ് ഓഫീസുകളിലും കോ-ഓപ്പറേറ്റീവ് ബാങ്കുകളിലും ഇത് നിർബന്ധമാക്കിയിട്ടുണ്ട്.

ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്ന തുകയാണ് ഇതിനായി കണക്കിലെടുക്കുക. നേരത്തേ ഒരു ദിവസം നടത്തുന്ന 50,000 രൂപയിലേറെ വരുന്ന നിക്ഷേപങ്ങൾക്കായിരുന്നു പാൻ നമ്പർ നിർബന്ധമായിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഒരു വാർഷിക പരമാവധി പരാമർശിച്ചിരുന്നില്ല. അതുപോലെ പണം പിൻവലിക്കുന്നതിനും പരിധി ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇത് രണ്ടും നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

നേരത്തേ ഇടപാടുകൾ നടക്കുന്ന സമയത്ത് ഇടപാടുകാരന് പാൻ റെജിസ്ട്രേഷൻ ഉണ്ടെന്ന് ഉറപ്പു വരുത്തുക എന്നതായിരുന്നു ബാങ്കിന്റെ ചുമതല. എന്നാൽ ഇനി മുതൽ പാൻ കാർഡ്, നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച ബാങ്ക് രേഖകളിൽ ഇടം പിടിക്കും. മാത്രമല്ല, പരിധിയിൽ കവിഞ്ഞുള്ള ഇടപാടുകൾ അപ്പപ്പോൾ തന്നെ ബാങ്ക് വരുമാന നികുതി വകുപ്പിനെ അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

മാത്രമല്ല, നേരത്തേ ഈ നിയമം വാണിജ്യ ബാങ്കുകൾക്ക് മാത്രമായിരുന്നു ബാധകമെങ്കിൽ ഇനി മുതൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ഇത് ബാധകമാവും. സമ്പദ്വ്യവസ്ഥയിൽ പണ വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഈ പുതിയ നിയമം. 2022 മെയ്‌ 26 മുതൽക്കായിരിക്കും പുതിയ നിയമം നിലവിൽ വരിക. അതുകൊണ്ടു തന്നെമേൽപ്പറഞ്ഞ രീതിയിലുള്ള ഇടപാടുകൾ നടത്തുന്നവർ പാൻ കാർഡ് എടുത്തിരിക്കണം. അല്ലാത്ത പക്ഷം ഇടപാടുകൾ നടത്താൻ കഴിയാതെ വരും.

അതുപോലെ, ഇനി മുതൽഒരു ബാങ്കിൽ കറന്റ് അക്കൗണ്ടോ, ക്യാഷ്-ക്രെഡിറ്റ് അക്കൗണ്ടോ തുറക്കണമെങ്കിലും പാൻ നമ്പർ നൽകേണ്ടതായി വരും. നിലവിൽ പ്രതിദിനം 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് പാൻ കാർഡ് നിർബന്ധമായിരിക്കുന്നത്. അതുപോലെ 50,000 രൂപയ്ക്ക് മുകളിലുള്ള മ്യുച്ചല്ഫണ്ട് നിക്ഷേപം, കടപ്പത്രം വാങ്ങൽ, വിദേശ വിനിമയം എന്നിവയ്ക്കും ഇത് നിർബന്ധമായിരുന്നു. ഇപ്പോൾ വാർഷിക പരിമിതി കൊണ്ടു വന്നതോടെ, പ്രതിദിനം 50,000 രൂപയിൽ കുറഞ്ഞ തുക നിക്ഷേപിച്ച് വരുമാന നികുതി വകുപ്പിന്റെ കണ്ണുവെട്ടിക്കാനാവില്ല.

പ്രവാസികൾക്ക് ഫോം നമ്പർ 49 എ, ആവശ്യപ്പെടുന്ന രേഖകൾ സഹിതം സമർപ്പിച്ച് പാൻ കാർഡിന് അപേക്ഷിക്കാവുന്നതാണ്. യു ടി ഐ ഐ ടി എസ് എൽ ന്റെയോ എൻ എസ് ഡി ലെന്റെയോ പാൻ ആപ്ലിക്കേഷൻ സെന്ററുകളിൽ ഇതിനുള്ള സൗകര്യമുണ്ട്. അതല്ലെങ്കിൽ തഴെ കാണുന്ന ലിങ്കിൽ പോയി ഓൺലൈൻ ആയും അപേക്ഷിക്കാം.
https://www.onlineservices.nsdl.com/paam/endUserRegisterContact.html