കുവൈറ്റ് സിറ്റി: പെനഡോൾ കുട്ടികൾക്ക് ഉപയോഗിക്കാൻ സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് യാതൊരു വിധ ആകുലതയും ഇനി വേണ്ടെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കുവൈറ്റിലുള്ള എല്ലാ പെനഡോൾ സ്‌റ്റോക്കും നൂറു ശതമാനം സുരക്ഷിതമാണെന്നും ജിസിസി മേഖലയിലുള്ള പഴയ സ്റ്റോക്കുകൾ മൊത്തമായും മാറ്റി പുതിയവയാണ് ഇപ്പോൾ വിപണിയിലുള്ളതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വിപണിയിലുള്ള പെനഡോൾ മരുന്നുകൾ നീക്കം ചെയ്യാൻ കഴിഞ്ഞ മേയിലാണ് മന്ത്രാലയം എല്ലാ ഫാർമസികൾക്കും നിർദ്ദേശം നൽകിയത്. മരുന്നിന്റെ പാക്കിംഗിൽ കുട്ടികൾക്കുള്ള ഡോസേജ് സംബന്ധിച്ച് തെറ്റു വന്നുവെന്ന് നിർമ്മാണ കമ്പനി അറിയിച്ചതിനെ തുടർന്നാണ് മന്ത്രാലയം ഫാർമസികൾക്ക് നിർദ്ദേശം കൊടുത്തത്. ഇതുസംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും മിനിസ്ട്രിയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി ഡോ. ഒമർ അൽ സെയ്യിദ് ഒമർ അറിയിച്ചു.