ഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥികളുടെ പട്ടിക കിട്ടാനായി മാധ്യമ പ്രവർത്തകർ മലപ്പുറം കൊടപ്പനക്കുന്നിലെ പാണക്കാട് തറവാട്ടിൽ തമ്പടിച്ച് കിടക്കുന്ന ഒരു ദിവസം. ഒരു ചൊവ്വാഴ്ചയായിരുന്നു അത്. എല്ലാവർക്കും കിട്ടേണ്ടത് പാണക്കാട് ദൈഹദരലി ശിഹാബ് തങ്ങൾ എന്ന മെല്ലിച്ച, പതുക്കെ സംസാരിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണമാണ്. അതിനായി കാത്തിരിക്കെയാണ് അദ്ദേഹം പതുക്കെ വീടിന്റെ പിന്നാമ്പുറത്ത് എത്തുന്നത്.

അവിടെയുമുണ്ട് മുൻ വശത്തെ മാധ്യമപ്പടയെ വെല്ലുന്ന ഒരു ആൾക്കൂട്ടും. പലർക്കും അനുഗ്രഹം വേണം. നാനാ ജാതി മതസ്ഥരുമുണ്ട്. ചിലർ കൈ മുത്തുന്നു. ചിലർക്ക് രോഗശാന്തിക്കായി വെള്ളം വേണം. തങ്ങൾ മന്ത്രിച്ചൂതിയ വെള്ളം കൊടുക്കുന്നു. പ്രാർത്ഥിക്കുന്നു. ചിലർ വിഷമം പറയുന്നു. ചിലർക്ക് വർഷങ്ങളായി നടത്തുന്ന കുടുംബ കേസാണ് തീർപ്പാക്കേണ്ടത്. ചിലർക്ക് വിവാഹമോചനക്കേസ്. വലിയ രാഷ്ട്രീയ തിരക്കലും തങ്ങൾ അത് കേൾക്കുക. അങ്ങനെ മലപ്പുറത്തെ ഒരു സമാന്തര കോടതിയും ഡോക്ടറുമായിരുന്നു പാണക്കാട് തങ്ങൾ. കപ്പോളയുടെ ഗോഡ്ഫാദർ സിനിമയിലൊക്കെ കണ്ടതിന്റെ വേറെ ഒരു വേർഷൻ!

ഒരേസമയം ആത്മീയ നേതാവും, രാഷ്ട്രീയ നേതാവുമായിരുന്നു ഇന്ന് അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74). അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങൾ.

1947 ജൂൺ 15നായിരുന്നു ജനനം. 2009 ഓഗസ്റ്റിൽ സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങൾ ഏറ്റെടുത്തത്. 13 വർഷത്തോളമായി ഈ പദവിയിൽ തുടർന്നുവരികയായിരുന്നു. 25 വർഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവർത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രസിഡന്റായി. 1973-ൽ സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫ് രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയിൽ തുടർന്നു. 1983ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷം സഹോദരന്റെ ഒഴിവിൽ സംസ്ഥാന അധ്യക്ഷ പദത്തിലേക്കും എത്തി.

നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയും കൂടിയാണ് തങ്ങൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കൂടിയായിരുന്നു.പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ്. കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്നാണ് എസ്എസ്എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ഫൈസി ബിരുദം നേടി. കർക്കശ നിലപാടുകൾക്ക് പ്രസിദ്ധനായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗിനെ നിർണായകമായ ഘട്ടങ്ങളിൽ നയിക്കുന്നതിൽ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്ഥാനവും മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ ഹൈദരലി ശിഹാബ് തങ്ങൾക്കു സാധിച്ചു.

പിതാവിന്റെ അറസ്്റ്റു കണ്ട കുട്ടിക്കാലം

പ്രതിസന്ധികളുടേതായിരുന്നു ഹൈദരലി തങ്ങളുടെ കുട്ടിക്കാലം. രണ്ടു വയസ്സുള്ളപ്പോഴാണ് പിതാവ് പൂക്കോയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം. ഹൈദരാബാദ് ആക്ഷന്റെ പേരിലായിരുന്നു പൊലീസിന്റെ അനാവശ്യ നടപടി. പുലർച്ചെ കൊടപ്പനയ്ക്കൽ തറവാട്ടിലെത്തിയ പൊലീസ് മലപ്പുറം സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അറസ്റ്റാണെന്നു പിന്നീടാണു മനസ്സിലായത്. വിവരമറിഞ്ഞ് ഇരമ്പിയെത്തിയ ജനക്കൂട്ടത്തെ പൊലീസിന്റെ അഭ്യർത്ഥനയനുസരിച്ചു പൂക്കോയ തങ്ങൾ തന്നെ ശാന്തമാക്കി.

തുടർന്ന് മഞ്ചേരി സബ് ജയിലിൽ രണ്ടു ദിവസവും കോഴിക്കോട് ജയിലിൽ രണ്ടാഴ്ചയും പൂക്കോയ തങ്ങൾ കഴിഞ്ഞു. പാണക്കാട് തറവാട്ടിൽ അരക്ഷിതത്വത്തിന്റെ നാളുകളായിരുന്നു അത്. ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങൾ അന്നു കോഴിക്കോട്ട് പഠിക്കുകയാണ്. ഉമറലി തങ്ങൾ ഏഴു വയസ്സുള്ള കുട്ടിയും. അടുത്ത വർഷമായിരുന്നു ഉമ്മ ആയിഷ ചെറുകുഞ്ഞിബീവിയുടെ മരണം. ഉപ്പയുടെ സഹോദരി മുത്തുബീവിയായിരുന്നു പിന്നീട് ഹൈദരലി തങ്ങളെ വളർത്തിയത്. 'ഉമ്മയെപ്പോലെ തന്നെയാണ് അവർ എന്നെ വളർത്തിയത്. എണ്ണതേച്ച് കുളിപ്പിക്കാനും ആരോഗ്യം പരിപാലിക്കാനും അവർ ശ്രദ്ധിച്ചു. ഉമ്മയുടെ അസാന്നിധ്യം അറിയിക്കാതെയാണു വളർത്തിയത്.'ഒരു അഭിമുഖത്തിൽ ഹൈദരലി തങ്ങൾ പറഞ്ഞിട്ടുണ്ട്.

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ 'ഫൈസി' ബിരുദം നേടിയശേഷം ശിഹാബ് തങ്ങളെപ്പോലെ വിദേശത്തുപോയി പഠിക്കണമെന്ന ആഗ്രഹം ഹൈദരലി തങ്ങൾക്കുമുണ്ടായിരുന്നു. പ്രവാചകനഗരിയായ മദീനയായിരുന്നു ലക്ഷ്യം. പക്ഷേ, ജാമിഅ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ വർഷമാണ് പിതാവിന് അർബുദ രോഗബാധ സ്ഥിരീകരിച്ചത്. പിന്നെ, മാസങ്ങൾക്കകം വേർപാടും.

'പിതാവ് മരിച്ചപ്പോൾ ഞങ്ങൾക്കിനിയാരുണ്ടെന്നു വേദനിച്ചു കരഞ്ഞപ്പോൾ, ജ്യേഷ്ഠനാണു തലോടി ആശ്വസിപ്പിച്ചത്. മക്കളുടെ കല്യാണക്കാര്യത്തിൽ ആലോചന നടന്നപ്പോഴാണ് ആ സാന്നിധ്യം ഏറ്റവുമധികം തുണയായത്. എപ്പോൾ, എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. ആരെയൊക്കെ ക്ഷണിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പിതാവിനെപ്പോലെ അദ്ദേഹം പ്രവർത്തിച്ചു...'ഒരിക്കൽ ഹൈദരലി തങ്ങൾ പറഞ്ഞു.

മലപ്പുറത്തെ സമാന്തര കോടതിയും ഡോക്ടറും

രാഷ്ട്രീയത്തിലേക്കും ആത്മീയകാര്യങ്ങളിലേക്കും തന്റെ ഇഷ്ടപ്രകാരം എത്തിയതല്ല ഹൈദരലി തങ്ങൾ. അത് അദ്ദേഹത്തിന് പാരമ്പര്യമായി കിട്ടിയതാണ്. കേരളത്തിലെ രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത കുടുംബമാണ് മലപ്പുറം പാണക്കാട് കൊടപ്പനക്കൽ കുടുംബം. മലബാറിലെ മുസ്ലിം സാമുദായിക നേതൃത്വത്തിനൊപ്പം, മുസ്ലിം ലീഗ് രാഷ്ട്രീയ നേതൃത്വവും ഈ കുടുംബത്തിനാണ്. ഇങ്ങനെ ഒരു കുടുംബം നയിക്കുന്ന പാർട്ടിയും ലോക ചരിത്രത്തിൽ തന്നെ അപൂർവമാണ്.

250 വർഷങ്ങൾക്കുമുമ്പാണ് യമനിലെ ഹളർമൗത്തിൽ നിന്ന് പാണക്കാട് സയ്യിദ് കുടുംബത്തിലെ ആദ്യതലമുറ ശിഹാബുദ്ധീൻ ബാ അലവി കേരളത്തിലെത്തുന്നത് എന്നാണ് പറയുന്നത്. കണ്ണൂരിലെ വളപട്ടണത്തെത്തിയ അവർ കോഴിക്കോട്ടേക്കും അവിടെ നിന്ന് മലപ്പുറത്തേക്കും ആശാകേന്ദ്രമായി പടരുകയായിരുന്നു. ഇന്നുവരെ മലപ്പുറത്തെയും കേരളത്തിലെയും ആത്മീയ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ കൊടപ്പനക്കൽ തറവാട് ഇഴചേർന്നു നിന്നു. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തതിന് ഹുസൈൻ ആറ്റക്കോയ തങ്ങളെ വെല്ലൂരിലേക്ക് നാടുകടത്തി. പിന്നീട് കുഞ്ഞി സീതിക്കോയ തങ്ങളും പൂക്കോയ തങ്ങളും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ജാതിമത ഭേദമന്യേ ജനങ്ങളുടെ അഭയകേന്ദ്രമായി നിലകൊണ്ടു.

ഇന്ത്യൻ രാഷ്ട്രീയത്തിൽതന്നെ അപൂർവ്വതകളുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. പാർട്ടിയുടെ ഉന്നത നേതൃത്വം പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നതാണ് ആദ്യത്തെ സവിശേഷത. മലപ്പുറത്ത് കടലുണ്ടി പുഴയോരത്തെ പാണക്കാട്ടുള്ള കൊടപ്പനക്കൽ തറവാട്ടിലെ കാരണവരാണ് ലീഗിന്റെ പ്രസിഡന്റ്. 1973-ൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മരിച്ചതിനെ തുടർന്ന് പൂക്കോയ തങ്ങൾ പ്രസിഡന്റായതോടെയാണ് ലീഗിന്റെ സിരാകേന്ദ്രം കൊടപ്പനക്കൽ തറവാടായത്. അധികാര രാഷ്ട്രീയത്തിലല്ല സാമൂഹ്യ സേവനത്തിലാണ് പാണക്കാട്ടെ തങ്ങൾമാർക്ക് താൽപര്യമെന്നാണ് ഇതിനുള്ള വിശദീകരണം.

പേരുകൊണ്ട് അഖിലേന്ത്യ പാർട്ടിയാണെങ്കിലും ലീഗിന്റെ ഏറ്റവും വലിയ നേതാവ് കേരള സംസ്ഥാന പ്രസിഡന്റാണെന്നതാണ് മറ്റൊരു പ്രത്യേകത. അഖിലേന്ത്യ പ്രസിഡന്റായ തമിഴ്‌നാട്ടുകാരൻ ഫ്രൊഫ. കാദർ മൊഹിയുദ്ദിനാണോ കേരള ഘടകം പ്രസിഡന്റായ ഹൈദരലി ശിഹാബ് തങ്ങളാണോ പാർട്ടിക്കുള്ളിൽ കേമൻ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ പാർട്ടി അണികൾക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വരില്ല.

എല്ലാ ചൊവ്വാഴ്ചകളിലും കൊടപ്പനക്കൽ തറവാട്ടിൽ നാടിന്റെ നാനാഭാഗത്തുനിന്ന് ആളുകൾ ഈ സയ്യിദുമാരെ തേടിയെത്തും. പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും തുറന്നിട്ട വഴിയിൽ കാലത്തിനൊപ്പം ഈ വീടും ചലിച്ചു. രാഷ്ട്രീയവും മതപരവുമായ ചർച്ചകൾക്ക് വേദിയായി. കുടുംബ പ്രശ്നങ്ങളും സ്വത്തുതർക്കവും പരിഹരിക്കുന്ന കോടതിയായി. ഉറച്ച തിരുമാനങ്ങൾക്ക് സാക്ഷിയായി. ചിലർക്ക് ആശ്വാസവും മറ്റു ചിലർക്ക് വിശ്വാസവുമായി. പ്രാദേശകമായ അതിർത്തി തകർക്കങ്ങൾ തൊട്ട് വലിയ കുടുംബവഴക്കുകൾ വരെ ഹൈദരലി തങ്ങൾ പറഞ്ഞ് പരിഹരിച്ചു.

രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേർ തങ്ങൾക്കരികിലെത്തുന്നു. തങ്ങളുടെ സാമീപ്യവും പ്രാർത്ഥനയും അനുഗ്രഹവുമാണ് അവർക്കുള്ള മരുന്നുകൾ. എന്നാൽ ഇതു ഒരു മാനസിക ആശ്വാസംമാണെന്ന് മാത്രമാണ് പാണക്കാട് തങ്ങന്മാർ പറയാറുള്ളത്. അസുഖത്തിന് ഡോക്ടർമാരെ തന്നെ കാണണം എന്നതായിരുന്നു അവർ പറഞ്ഞത്. ( സന്തോഷ് മാധവൻ അറസ്റ്റിലായ സമയത്ത് ആത്മീയ- സിദ്ധന്മാർക്കതെിരെ ഒരു കാമ്പയിൽ ഉണ്ടായിരുന്നു. ഇതിൽ പാണക്കാട്കൂടി ഉൾപ്പെടുത്തണമെന്ന പ്രചാരണവും ആ കാലത്ത് ഉണ്ടായിരുന്നു)

ആധുനികതയോടും ആധുനിക വൈദ്യത്തോടും ഒരിക്കലും പാണക്കാട് ഹൈദരലി തങ്ങൾ പുറം തിരിച്ച് നിന്നിട്ടില്ല. കോവിഡ് വാക്സിൻ അടക്കം എല്ലാം സമയത്തിന് എടുക്കുകയും, സർക്കാറിന്റെ അത്തരം കാമ്പയിനുകൾക്ക് പിന്തുണ കൊടുക്കുയും അദ്ദേഹം ചെയ്തു. മലപ്പുറത്ത് വാക്സിൻ വിരുദ്ധത കത്തിനിൽക്കുന്ന സമയത്താണ് ഇതെന്ന് ഓർക്കണം.

അനേകകാലം പരസ്പരം പോരാടി വസ്തുതർക്കങ്ങളും കേസുകളുമെല്ലാം ശിഹാബ് തങ്ങളുടെ മധ്യസ്ഥതയിൽ, അദ്ദേഹത്തിന്റെ വിധിയിൽ തീർപ്പാകുന്നത് പതിവാണ്. . കേരളത്തിലെ ആയിരത്തോളം മഹല്ലുകളുടെ ഖാസിയാണ് ശിഹാബ് തങ്ങൾ. പുറമെ, മെട്രോ നഗരങ്ങളിൽ മുതൽ ഗ്രാമങ്ങളിൽ വരെയുള്ള വലുതും ചെറുതുമായ സ്ഥാപനങ്ങൾ ഇതിൽപ്പെടും. അനുഗ്രഹത്തിനും നന്മയ്ക്കും വേണ്ടി തങ്ങളെ നേതൃസ്ഥാനത്ത് നിർബന്ധിച്ചിരുത്തുന്നതാണ് പലതും. ആ അനുഗ്രഹവും മാത്രമാണ് പലരുടെയു ലക്ഷ്യം. തങ്ങളാവട്ടെ ഇത്തരം ആലങ്കാരിക പദവികളിൽ ഒരു പണവും വാങ്ങിയിരുന്നില്ല. പാവങ്ങളുടെ രക്ഷമാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതും പക്ഷേ അദ്ദേഹത്തിന് ഒരിക്കൽ വിനയായി. ലീഗ് മുഖപത്രമായ ചന്ദ്രികയിലും ഇതുപോലെ ആലങ്കാരിക പദവിയായിരുന്നു. പക്ഷേ അതിന്റെ പേരിൽ ഇഡി ചോദ്യം ചെയ്തു.

കാറിലിരുന്ന് ഇൻസുലിൻ അടിച്ച് ആൾക്കൂട്ടത്തിലേക്ക്

ജേഷ്ഠൻ പാണക്കാട് ശിഹാബ് തങ്ങളുടെ അത്ര കരിസ്മയും നേതൃപാടവവും ഇല്ലാത്ത വ്യക്തിയായിരുന്നു ഹൈദരലി തങ്ങൾ. അതുകൊണ്ടുതന്നെ അദ്ദേഹം പ്രസിഡന്റായപ്പോൾ ഇനിയെല്ലാം കുഞ്ഞാലിക്കുട്ടി തീരുമാനിക്കുന്നപോലെയാവും കാര്യങ്ങൾ എന്നായിരുന്നു പൊതു വിലയിരുത്തൽ. പ്രസിഡന്റായ ആയ ശേഷം അനുവദിച്ച അപൂർവമായ ഒരു അഭിമുഖത്തിൽ താൻ ആരുടെയും വക്താവ് അല്ലെന്നും, ധാർമ്മികത ഉയർത്തിപ്പിടിക്കാൻ പാർട്ടി മൂൻകൈയെടുക്കുമെന്നും ഹൈദരലി തങ്ങൾ തീർത്തു പറഞ്ഞു. പരോക്ഷമായി കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഒളിയമ്പായി മാധ്യമങ്ങൾ ഇതിനെ കരുതി. കാര്യം ശരിയായിരുന്നു. പാണക്കാട് കുടുംബം ഹൈദരിലി തങ്ങളുടെ കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടില്ല. പല ഘട്ടങ്ങളിലും കുഞ്ഞാലിക്കുട്ടിക്ക് എതിരായും തങ്ങൾ നീങ്ങി. പാർട്ടിയാണ് വലുത് വ്യക്തകൾ അല്ല എന്ന നിലപാടാണ് അപ്പോഴും അദ്ദേഹം എടുത്തത്.

തീർത്തും ലളിതായ ജീവിതമായിരുന്നു ഹൈദരലി തങ്ങൾ നയിച്ചിരുന്നത്. എന്താവശ്യപ്പെട്ടാലും സാധിച്ചു തരാൻ നൂറു കണക്കിന് അനുയായികൾ. ഏതുകാര്യത്തിനും ഓടിയെത്താൻ ഒരു വിളിക്കപ്പുറം നിൽക്കുന്ന സ്നേഹ സമ്പന്നരായ നിരവധി പേർ. ഒരുപാട് സ്ഥാപനങ്ങളുടെ സാരഥി. ആയിരത്തോളം മഹല്ലുകളുടെ ഖാദി സ്ഥാനം. എന്നിട്ടും സൗമ്യവും ലളിതവുമായി അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ടുപോയി. സൗമ്യനായി മാത്രം സംസാരിച്ചത്. ഒച്ചയിട്ട് ബഹളം കൂട്ടുന്ന, ക്ഷുഭിതനായി സഹജീവികളോട് തട്ടിക്കയറുന്ന തങ്ങളെ ആരും കണ്ടിട്ടുണ്ടാവില്ല. അപൂർവമായി മാത്രമേ ആ മുഖത്ത് ദേഷ്യം വന്നിട്ടുണ്ടാവൂ. അഥവാ വന്നാൽ തന്നെ മുഖത്ത് ഒരു ചോരയോട്ടം കൂടുമെന്നല്ലാതെ മറ്റൊരു ഭാവഭേദവുമുണ്ടാവാറില്ല.

പുലരുന്നതിന് മുമ്പ് ഉണർന്ന്, രാത്രി വൈകിവരെ നീളുന്ന ദിനരാത്രങ്ങളിലൊരിക്കലും തളർച്ച പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു തങ്ങളുടെത്. പ്രമേഹം തളർത്തുമ്പോൾ കാറിലിരുന്ന് ആരും കാണാതെ ഇൻസുലിൻ അടിച്ചായിരുന്നു പലപ്പോഴും ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി നടന്നിരുന്നത്?.

സുന്നി ഐക്യമെന്ന സ്വപ്നം നടന്നില്ല

ജ്യേഷ്ഠൻ ശിഹാബ് തങ്ങളെ ആയിരുന്നു എക്കാലവും അദ്ദേഹം മാതൃകയാക്കിയത്. അവസാനമായി കൊടുത്ത അഭിമുഖത്തിലും നിറഞ്ഞു നിന്നത് ശിഹാബ് തങ്ങളാണ്. പ്രളയ കാലത്ത് നമ്മുടെ വീട്ടിൽ വെള്ളം കയറിപ്പോൾ ശിഹാബ് തങ്ങൾ ഇടപെട്ടതും,ജാതിമതഭേദമന്യേ എല്ലാവരെയും ഇവിടെ താമസിപ്പിച്ചതും അദ്ദേഹം ഓർക്കുന്നു.

വിദ്യാഭ്യാസത്തിന് ശിഹാബ് തങ്ങൾ നൽകിയ പ്രാധാന്യവും ഹൈദരലി തങ്ങൾ എപ്പോഴും എടുത്ത് പറയാറുണ്ട്. ''എസ്.എസ്.എൽ.സി പഠനം തന്നെ വലിയൊരു അംഗീകാരമായി കണ്ടിരുന്ന കാലത്ത് ഏറ്റവും പ്രാധാന്യം വിദ്യാഭ്യാസമുള്ള ഒരു മനുഷ്യനായിരിക്കുയാണെന്ന വലിയൊരു സന്ദേശം ഉയർത്തിപ്പിടിച്ച് ഈജിപ്തിലെ വിശ്വപ്രസിദ്ധ കലാലയമായ അൽ അസ്ഹറിൽ ചെന്ന് പഠനം നടത്തിയത് ആ ജീവിതത്തിൽ നിന്ന് നാം ഉൾകൊള്ളേണ്ട വലിയൊരു പാഠമാണ്.

കേരളം കലാപ ഭൂമിയാകുമായിരുന്ന പല ഘട്ടങ്ങളിലും ശിഹാബ് തങ്ങൾ നടത്തിയ ഇടപെടലുകൾ ചരിത്രപരമായിരുന്നു. മത ജാതി വർഗ വർണങ്ങൾക്കപ്പുറത്ത് എല്ലാവർക്കും ഒരുപോലെ അദ്ദേഹം സ്വീകാര്യനാകുന്നതും അവിടെയാണ്. സന്ദർശകരുടെ ബാഹുല്യത്താൽ കൊടപ്പനക്കൽ തറവാട് വീർപ്പുമുട്ടുമ്പോഴും എല്ലാവർക്കും അർഹിക്കുന്ന പരിഗണനകൾ നൽകി ഒരാളെ പോലും കാണാതെ ശിഹാബ് തങ്ങൾ ഉറങ്ങിയിട്ടില്ല. ഞാനും അതേ പാത പിന്തുടരുന്നു.''- ഹൈദരലി തങ്ങൾ ഒതു അഭിമുഖത്തിൽ പറഞ്ഞു.

ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൗമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാർത്ഥനയും പ്രസംഗവും. ആർക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതിൽ. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനൽകുന്ന നേതാവ് ഇതാണ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ. ഒരിക്കലും അദ്ദേഹത്തിന്റെ കേരളത്തിന്റെ മതസൗഹാർദത്തിനും തീവ്രാവാദത്തിനും പ്രോൽസാഹം നൽകുന്ന ഒരു പ്രസ്താവനയും നൽകിയില്ല. അത്തരം പ്രസ്ഥാനങ്ങളിനിന്ന് അകലം പാലിക്കാനും ശ്രമിച്ചു. സുന്നി ഐക്യം എന്നായിരുന്നു അദ്ദേഹത്തിന്റെ നടക്കാതെപോയ സ്വപ്നം. കാന്തപുരത്തിന്റെ പിടിവാശിയായിരുന്നു ഇതിന് പിന്നിൽ.

ആരോഗ്യം തകർത്തത് കുഞ്ഞാലിക്കുട്ടിയെന്ന് മകൻ

അതിനിടെ അവസാന കാലത്ത് സ്വന്തം കുടുംബത്തിലെയും പാർട്ടിയിലെയും അന്തഛിദ്രങ്ങൾ നോക്കിനിൽക്കേണ്ട അവസ്ഥയും തങ്ങൾക്ക് ഉണ്ടായി. പി കെ കുഞ്ഞാലിക്കുട്ടിയും മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈൻ അലി തങ്ങളും തമ്മിലുള്ള പേരാട്ടമാണ് ഹൈദരലി തങ്ങളെ വിഷമിപ്പിച്ചത്. നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് ഇഡി, ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെത്തിരുന്നു.

ഇത് മുസ്ലീലീഗ് കേന്ദ്രങ്ങളിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. തൊട്ടുപിന്നാലെ ഹൈദരലി തങ്ങൾ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈൻ അലി പറഞ്ഞു. തന്റെ പിതാവ് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാൻ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാൻസ് മാനേജർ അബ്ദുൾ സമീറിന്റെ കഴിവുകേട് കൊണ്ടാണ്. സ്വഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജൻസിയുടെ ചോദ്യം ചയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞത് വാർത്താ മാധ്യമങ്ങൾ ആഘോഷിച്ചു.

ചന്ദ്രികയ്ക്കായി ഭൂമി വാങ്ങിയതിലുൾപ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടൽകാടാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരങ്ങിയെന്നും തിരുത്തൽ വേണമെന്നും മുഈൻ അലി പറഞ്ഞു. അതേമസയം കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച മുഈൻ അലിക്ക് എതിരെ ലീഗ് പ്രവർത്തകൻ പ്രതിഷേധിതും വലിയ വാർത്തയായി.

കൊടപ്പനക്കൽ തറവാട്ടിലെ ഒരു അംഗത്തെ അതും പാർട്ടി പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകനെ ഒരു ലീഗ് പ്രവർത്തകൻ പരസ്യമായി ചോദ്യം ചെയ്യുന്ന കാഴ്ച, അതും ലീഗ് ഹൗസിൽ വെച്ചുണ്ടായത് പാർട്ടിയിലും സമുദാതത്തിലും വൻ വിവാദമായി. പാണക്കാട്ടെ തങ്ങന്മാർക്ക് ലീഗിലുള്ള അപ്രമാദിത്വമാണ് ആ സംഘർഷത്തിൽ പൊളിഞ്ഞുപോയത്. തക്കം നോക്കി കെ ടി ജലീൽ ഈ കേസിൽ ശക്തമായി ഇടപെട്ടു. ഹൈദരലി തങ്ങൾ അസുഖബാധിതനാണെന്ന് ലോകത്തെ അറിയിച്ചതും ജലീലാണ്. പക്ഷേ ഈ വിഷയം പിന്നീട് ഹൈദലി തങ്ങൾ തന്നെ ഇടപെട്ട് പരിഹരിച്ചെങ്കിലും അതിന്റെ അനുരണണനങ്ങൾ ഇപ്പോഴും ബാക്കിയാണ്.

പാണക്കാട് കുടുംബത്തിൽനിന്ന് മന്ത്രിയുണ്ടാവുമോ?

അധികാര രാഷ്ട്രീയത്തിൽനിന്ന് പുർണ്ണമായും അകന്ന് നിൽക്കുന്നവർ ആയിരുന്നു പാണക്കാട് തങ്ങൾമ്മാർ. എന്നാൽ പുതിയ തലമുറ അങ്ങനെയാവണമെന്നില്ലെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

1982-ൽ ലീഗിൽനിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടായപ്പോൾ ആ അവസരം സി.എച്ച്. മുഹമ്മദ് കോയയെ തേടിയെത്തിയത് ഈ പരിസരത്തിലായിരുന്നു.പൂക്കോയ തങ്ങൾക്കും മുഹമ്മദലി തങ്ങൾക്കും ഹൈദരലി തങ്ങൾക്കും മന്ത്രിസ്ഥാനങ്ങളോട് ആസക്തിയുണ്ടായില്ല എന്നതുകൊണ്ട് കുടുംബത്തിലെ പുതുതലമുറക്കാർ പരിത്യാഗികളും വൈരാഗികളും ആവണമെന്നില്ല. ജനാധിപത്യത്തിൽ അധികാരം മന്ത്രിമാരുടെ കൈയിലാണ്. മന്ത്രിക്കും മുകളിലാണ് തങ്ങന്മാർ എന്ന് ഭാവിക്കാമെങ്കിലും അവർ ഒരിക്കലും അതിന് ശ്രമിച്ചിട്ടില്ലായിരുന്നു. പക്ഷേ ഇപ്പോൾ ആ മാറ്റം പ്രകടമാണ്.

ലോക്സഭ എംപി. സ്ഥാനം രാജി വെച്ച് കുഞ്ഞാലിക്കുട്ടി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽനിന്ന് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ വിമർശം ഉയർത്തിയത് ഇതേ മുഈനലി ആയിരുന്നുവെന്നത് മറക്കാനാവില്ല. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മത്സരിക്കണമെന്നത് പാർട്ടിയുടെ തീരുമാനമായിരുന്നു. പാർട്ടിയെന്ന് പറഞ്ഞാൽ ലീഗിലിപ്പോൾ അത് കുഞ്ഞാലിക്കാട്ടിയാണ്. കൗശലത്തിലും തന്ത്രത്തിലും താൻ ആരുടെയും പിന്നിലല്ലെന്ന് തെളിയിച്ചിട്ടുള്ള ആളാണ് കുഞ്ഞാലിക്കുട്ടി. ഐസ്‌ക്രീം പാർലർ വിവാദവും 2006ലെ തോൽവിയും കുഞ്ഞാലിക്കുട്ടി അതിജീവിച്ചു എന്നത് ചില്ലറക്കാര്യമല്ല. പുതിയ തങ്ങൾ അധികാരത്തിൽ ഏൽക്കുമ്പോൾ അവർ പാർലിമെന്റിറി പാത തിരഞ്ഞെടുക്കുമോ. രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത് അതാണ്.

ഒരർത്ഥത്തിൽ പണ്ട് കത്തോലിക്ക സഭയും ഭരണകൂടവും തമ്മിലുണ്ടായിരുന്ന ബന്ധം പോലെയാണിത്. ആത്മീയ കാര്യങ്ങൾ സഭ നോക്കും ഭരണം രാജാവും. പക്ഷേ, ആത്മീയതയിൽ മാത്രമല്ല ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സഭ ഇടപെടുമെന്ന് വന്നപ്പോൾ ഇംഗ്ളണ്ടിലെ ഹെൻട്രി എട്ടാമൻ രാജാവ് ഇടഞ്ഞു. പള്ളി വേറെ പള്ളിക്കൂടം വേറെ എന്ന നിലപാടാണ് രാജാവ് എടുത്തത്. അതോടെ ബ്രിട്ടനിൽ സഭ രണ്ടായി. ലീഗിനെയും കാത്തിരിക്കുന്നത് അത്തരത്തിലുള്ള ഒരു വിധിയാണോ? ഹൈദരലി തങ്ങളുടെ വിയോഗം ഗൗരവമായ ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.

വാൽക്കഷ്ണം: പാണക്കാട് തങ്ങന്മാരുടെ ഏറ്റവും വലിയ സംഭാവന എന്തെന്ന് ചോദിച്ചാൽ, കേരള മുസ്ലീങ്ങളെ ആട്മേക്കാൻ എന്ന് പറഞ്ഞ് തീവ്രവാദ പ്രവർത്തനത്തിന് വിട്ടില്ല എന്നതാണ്. സംഗീതവും, സ്പോർട്സും, നൃത്തവും മറ്റ് മതസ്ഥരുടെ ആഘോഷങ്ങളുമൊക്കെ ഹറാമാണെന്ന് പരസ്യമായി പറയുന്ന മുജാഹിദ് ബാലുശ്ശേരിമാരുടെ കാലത്ത്, എല്ലാമതസ്ഥരെ ഒരുപോലെ കാണുകയും, വീട്ടിൽ വരുന്ന ആരെയും സ്വീകരിക്കുകയും ചെയ്യുന്ന ഹൈദരലി തങ്ങൾ ഒക്കെ എത്രയോ ഉന്നതൻ തന്നെ!