ലണ്ടൻ: രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കുമ്പോൾ ലക്ഷ്യം തിരിക്കാനായി ഇന്ത്യൻ അതിർത്തിയിൽ അസ്വസ്ഥത വളർത്തുക എന്നത് അനേക കാലമായി പാക്കിസ്ഥാൻ രാഷ്ട്രീത്തിൽ വിജയം കണ്ടെത്തിയ ഫോർമുലയാണ്. ഇത്തവണ ഉറി ക്യാമ്പിലെ ഭീകര ആക്രമണത്തിന് എതിരെ ഇന്ത്യൻ സൈന്യം സർജിക്കൽ സ്‌ട്രൈക് നടത്തിയതോടെ അതിർത്തിയിൽ വീണ്ടും തോക്കുകൾ പുകഞ്ഞു തുടങ്ങിയപ്പോൾ പുറത്തു രാജ്യ സ്‌നേഹത്തിന്റെ വാക്കുകളുമായി അന്താരാഷ്ട്ര വേദികളിൽ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്ളിൽ നിറയെ കുടില തന്ത്രങ്ങൾ മിനയുക ആണെന്ന് അന്നേ മാദ്ധ്യമങ്ങളിൽ നിരീക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. തനിക്കെതിരെ നീങ്ങാൻ ഇടയുള്ള സൈനിക മേധാവി റഷീൽ ഷെരീഫിനെ അടക്കി നിർത്താനും സാമ്പത്തിക അഴിമതി ആരോപണം ഉയരാതിരിക്കാനും ഇന്ത്യ വികാരം ഉണർത്തുക എന്ന ഷെരീഫിന്റെ തന്ത്രം ഏറെക്കുറെ ഫലം കാണുകയും ചെയ്തതാണ് ലോകം കഴിഞ്ഞ ഏതാനും ആഴ്ചകളായി കണ്ടു കൊണ്ടിരുന്നത്

നവാസിന്റെ നീക്കങ്ങൾ വ്യക്തമായി മനസിലാക്കിയ ഇന്ത്യ അതിർത്തിയിലെ സംഘർഷം വളർത്തുന്നതിനേക്കാൾ നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെ നേരിടാൻ ശ്രമിച്ചതാണ് നവാസിന്റെ നീക്കങ്ങളിൽ ഇപ്പോൾ വിള്ളൽ വീഴ്‌ത്തിയിരിക്കുന്നത് എന്ന് കൂടുതൽ വ്യക്തമാകുകയാണ്. ഇതോടെ നവാസിന്റെ കളി പാളുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവും ലോക മാദ്ധ്യമ സമൂഹവും. അങ്ങനെ സംഭവിച്ചാൽ തന്റെ മുൻഗാമികളിൽ പലർക്കും സംഭവിച്ചത് പോലെ രാജ്യം വിടുക എന്ന അവസാന ആശ്രയം തന്നെയാകും നവാസ് ഷെരീഫിനെയും കാത്തിരിക്കുന്നത്. ലണ്ടനിൽ അനവധി വസ്തുവകകൾ വാങ്ങി കൂട്ടിയിരിക്കുന്നതിനാൽ നവാസിന്റെ ആദ്യ ലക്ഷ്യവും ലണ്ടൻ തന്നെ ആയിരിക്കും എന്നുറപ്പാണ്.

സാർക്ക് ഉച്ചകോടി മാറ്റി വയ്ക്കപ്പെട്ടതോടെ പാക്കിസ്ഥാൻ എത്ര ദുർബലം ആണെന്ന് തിരിച്ചറിഞ്ഞ സൈന്യത്തിന്റെയും പാക് മാദ്ധ്യമങ്ങളുടെയും പിന്തുണ നവാസിന് നഷ്ടമാകുന്നു എന്ന് വ്യക്തമായതോടെ നവാസിനെ കോടതിയിൽ ചോദ്യം ചെയ്യാൻ ഇറങ്ങി തിരിച്ച പാക് തെഹ്‌രികെ ഇൻസാഫ് പാർട്ടി അധ്യക്ഷൻ ഇമ്രാൻ ഖാന്റെ നീക്കങ്ങൾ ആണ് ഇപ്പോൾ ലോക ശ്രദ്ധ ആകർഷിക്കുന്നത്. നവാസ് ഷെരീഫും മക്കളും കോടികളുടെ കള്ളപ്പണം ഉപയോഗിച്ച് ലണ്ടനിൽ വസ്തുവകകൾ വാങ്ങി കൂട്ടി എന്നതാണ് ആരോപണത്തിന്റെ കാതൽ.

ഏതാനും വർഷമായി നവാസ് ശീരീഫ് അനധികൃത സ്വത്തു സമ്പാദനം നടത്തിയിട്ടുണ്ട് എന്ന് ലോക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇയ്യിടെ പുറത്തായ പനാമ ലീക്ക് വിവരങ്ങളാണ് സംഭവം വീണ്ടും പൊതു ശ്രദ്ധയിൽ എത്തിച്ചത്. ഇതോടെ കളി ഇന്ത്യക്കെതിരെ തിരിച്ച നവാസിന് ലോക രാജ്യങ്ങളുടെ പിന്തുണ നഷ്ടമാകുന്നു എന്ന തിരിച്ചറിവാണ് സ്വന്തം രാജ്യത്തു തന്നെ എതിർപ്പുയരാൻ കാരണമായത്. ഇന്നലെ പാക്കിസ്ഥാൻ സുപ്രീം കോടതി നവാസ് ഷെരീഫിനും കുടുംബത്തിനും എതിരെ നോട്ടീസ് അയച്ച കാര്യം പാക്കിസ്ഥാൻ ടുഡേ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാൻ സർക്കാരിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കും വിധമാണ് ഇമ്രാൻ ഖാൻ അഴിമതി കോടതിയിൽ എത്തിച്ചിരിക്കുന്നത്. നവാസിനൊപ്പം കേസിൽ ധനമന്ത്രി ഇസ്ഹാഖ് ധറിനെയും പ്രതി ചേർത്തിട്ടുണ്ട്. കൂടാതെ ഇവർക്കൊപ്പം ഉള്ള ഉന്നത ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് നൽകിയതായി പാക്കിസ്ഥാൻ ടുഡേ പറയുന്നു. നവാസിന്റെയും രണ്ടു ആണ്മക്കളുടെയും മകളുടെയും പേരുകളിൽ അനേക മില്യൺ പൗണ്ട് മൂല്യമുള്ള നാല് വീടുകളാണ് ആരോപണത്തിൽ നോട്ടപ്പുള്ളി ആയി മാറിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് അൻവർ സഹീർ ഉൾപ്പെടെയുള്ള മൂന്നംഗ ബഞ്ച് പരിഗണിക്കുന്ന കേസ് രാഷ്ട്രീയ പ്രേരിതം ആണെന്ന് നവാസ് കുറ്റപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. താൻ ഭരണഘടനയിലെ നീതി വാഴ്ചയിലും വിശ്വസിക്കുന്നു എന്ന് എവിടെയും തൊടാതെയുള്ള മറുപടി നൽകി കോടതിയുടെ അതൃപ്തി ക്ഷണിച്ചു വരുത്തേണ്ടതില്ല എന്ന കണക്കാക്കി തന്നെയാണെന്ന് വ്യക്തം. ഏതു വിധത്തിലും ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെടാനുള്ള നവാസിന്റെ തന്ത്രപ്പാടും അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്.

അതേ സമയം പനാമ ലീക്ക് പ്രകാരം ഈ വസ്തു വകകൾ കുറിച്ച് പുറം ലോകത്തിനു വിവരം ലഭിച്ചിരുന്നെങ്കിലും അതിനിപ്പോൾ രാഷ്ട്രീയ മാനം കൂടി കൈവന്നതോടെ ഇനിയുള്ള നവാസിന്റെ നാളുകൾ നിർണ്ണായകമാണ്. ആഫ്രിക്കൻ ആസ്ഥാനമായ ഡൊച്ചേ ബാങ്കിൽ നിന്നാണ് നവാസ് കോടികളുടെ ഇടപാട് നടത്തിയിരിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. നാല് വർഷം മുൻപ് നടത്തിയ കണക്കെടുപ്പിൽ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാനിലെ വസ്തുവിന്റെ മൂല്യം 261 മില്യൺ പൗണ്ട് ആണ്. സഹോദരൻ ഷഹബാസിന്റെ പേരിലുള്ള വസ്തുക്കൾക്ക് 336 മില്യനും മൂല്യമുണ്ട് ഇതിനു പുറമെയാണ് മൂന്നു മക്കളുടെയും പേരിലുള്ള ലണ്ടനിലെ ബംഗ്ലാവുകളും വസ്തുക്കളും.

ഇപ്പോൾ ലണ്ടനിലെ വസ്തുക്കളുടെ മൂല്യം പതിന്മടങ്ങു വർധിച്ചിട്ടുണ്ട് എന്നതും കോടതിയിൽ തെളിയിക്കപ്പെടാൻ ഇടയുണ്ട്. പാക്കിസ്ഥാനിൽ തിരിച്ചടി നേരിട്ടാൽ കുടുംബത്തോടെ ലണ്ടനിലേക്ക് കടക്കാം എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരുടെയും പേരിൽ വസ്തുക്കൾ വാങ്ങിക്കൂട്ടിയതെന്നു അനുമാനിക്കപ്പെടുന്നത്. ഏറെ പഴക്കം ഇല്ലാത്ത ഒരു ടെലിവിഷൻ അഭിമുഖത്തിൽ ലണ്ടൻ ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവും ആയ നഗരം ആണെന്നാണ് ഷെരീഫ് വിശദീകരിച്ചത്. ലണ്ടനിൽ വീട് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ഉയർന്നതും.

അതേ സമയം പാക്കിസ്ഥാനിലെ വസ്തുക്കൾ നവാസിന്റേതല്ല, 'അമ്മ ഷമീം ഷെരീഫിന്റെതു ആണെന്നായിരുന്നു മുൻപ് വിവരാവകാശ മന്ത്രി പർവേഷ് റഷീദ് വിശദീകരിച്ചത്. എന്നാൽ ലണ്ടൻ വസ്തുക്കളെ കുറിച്ച് ഈ വാദം തന്നെയാണോ ഷെരീഫ് കോടതിയിൽ ഉയർത്തുക എന്ന് വ്യക്തമല്ല. പനാമ ലീക്കിലെ നിർണ്ണായക വിവരങ്ങൾ നവാസിന്റെ ഉടമസ്ഥതയിലേക്കു വിരൽ ചൂണ്ടിയാൽ നവാസ് കോടതിയിൽ പരാജയപ്പെടും എന്നുറപ്പാണ്. ഏതാനും വർഷം മുൻപ് തന്നെ നവാസിന് പാക്കിസ്ഥാനിൽ ഉള്ളതിനേക്കാൾ അധികം സ്വത്ത് വിദേശത്തു ഉണ്ടെന്നു ആരോപണം ഉയർന്നിരുന്നു.

ഇതിൽ സിംഹഭാഗവും ബ്രിട്ടനിൽ തന്നെയാണ്. ലണ്ടന്റെ ഹൃദയ ഭാഗമായ വെസ്റ്റ് മിനിസ്റ്ററിലെ പാർക്ക് ലൈനിലും ഹൈഡെ പാർക്കിലുമാണ് നവാസിന്റെ കെട്ടിടങ്ങൾ. ഇതോടൊപ്പം നാല് വർഷം മുൻപത്തെ കണക്കു പ്രകാരം ഇവയ്ക്കു 138 മില്യൺ പൗണ്ട് മൂല്യവും കണക്കാക്കുന്നു. ബ്രിട്ടീഷ് ബാങ്കുകളിൽ നിന്നായി 117 മില്യൺ പാക്കിസ്ഥാനി രൂപയുടെ ലോണുകളും നവാസ് സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ആറു വസ്തുക്കൾ എങ്കിലും നവാസിന് ലണ്ടനിൽ സ്വന്തമായിട്ട് ഉണ്ട് എന്നാണ് പനാമ ലീക്ക് വിവരങ്ങൾ വെളിപ്പെടുത്തുന്നത്.

ലണ്ടനിലെ വസ്തുക്കൾ വാങ്ങാൻ ആയി മക്കളായ മറിയം സഫ്ദർ, ഹുസ്സൈൻ നവാസ്, ഹസൻ നവാസ് എന്നിവരുടെ പേരുകളിൽ നാല് കമ്പനികൾ ബ്രിട്ടീഷ് വിർജിൻ ദ്വീപിൽ ആരംഭിച്ച ശേഷമാണ് 7 മില്യൺ പൗണ്ട് ഡൊച്ചേ ബാങ്കിൽ നിന്ന് വായ്പ എടുത്തു വസ്തുക്കൾ സ്വന്തമാക്കിയത്. ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റിൽ നിന്നും വേറെയും വായ്പകൾ ഈ കമ്പനി മുഖേനെ നവാസ് തരപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലം കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള ഏർപ്പാടുകൾ ആണെന്നാകും ഇമ്രാൻ ഖാൻ പാക് കോടതിയിൽ ബോധിപ്പിക്കുക. ഇതിനായി പനാമ ലീക്കിലെ മൊസേക് ഫോൺനസ്‌കയുടെ ആയിരക്കണക്കിന് റിപ്പോർട്ടുകളിൽ നവാസിന്റെ പേര് കടന്നു വന്നിരിക്കുന്നതും കോടതിയിൽ തെളിവായി മാറും. നവാസിന്റെ കള്ളപ്പണം സംബന്ധിച്ച് 2000 മുതൽ തന്നെ ആരോപണം ഉള്ളതിനാൽ ആൺമക്കൾ രണ്ടു പേരും വിദേശത്തു നിന്നാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

മൂത്തമകൻ ഹസൻ നവാസ് ആരോപണത്തെ തുടർന്ന് 2000 - ൽ തന്നെ ലണ്ടനിൽ എത്തിയിരുന്നു. ഹുസ്സൈൻ നവാസ് ആകട്ടെ കമ്പനി കാര്യങ്ങൾ നോക്കുന്നത് സൗദിയിൽ നിന്നും ദുബൈയിൽ നിന്നും. ആൺമക്കൾ സാമ്പത്തിക വശം കൈകാര്യം ചെയ്യുമ്പോൾ മകൾ മറിയം പിതാവിന്റെ പാത പിന്തുടർന്ന് പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ നേതാവായി മാറുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. നാൽപതു പിന്നിട്ട മകൾ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഉചിതമായ സമയം കൂടിയാണെന്നണ് നവാസിന്റെ കണക്കു കൂട്ടൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മറിയം ഏതാനും തിരഞ്ഞെടുപ്പ് യോഗങ്ങൾ അഭിസംബോധന ചെയ്യുകയും ചെയ്തത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.