ഇസ്ലാമാബാദ്: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനും കുടുംബാംഗങ്ങൾക്കുമെതിരേ അന്വേഷണം നടത്താൻ നിർദ്ദേശം. പാനമയിൽ നടത്തിയ അനധികൃത നിക്ഷേപം സംബന്ധിച്ചുള്ള അന്വേഷണത്തിനാണ് പാക് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഷരീഫ്, മക്കളായ ഹസൻ, ഹുസൈൻ എന്നിവർ അന്വേഷണസംഘത്തിനു മുന്നിൽ നേരിട്ട് ഹാജരാകണം. അന്വേഷണ സംഘം 60 ദിവസത്തിനകം റിപ്പോർട്ടു നൽകണമെന്നും നിർദേശിച്ചു.

2016 നവംബർ മൂന്നുമുതൽ 2017 ഫെബ്രുവരി 23 വരെയാണ് കേസിൽ സുപ്രീംകോടതി വാദം കേട്ടത്. മൂന്ന് അംഗങ്ങൾ നവാസ് ഷെരീഫിനെതിരായ തുടരന്വേഷണം വേണമെന്ന നിലപാടെടുത്തു. രണ്ട് ജഡ്ജിമാർ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും അഭിപ്രായപ്പെട്ടു. ഇതേത്തുടർന്നാണ് ഷെരീഫിനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

1990കളിൽ പ്രധാനമന്ത്രിയായിരുന്ന സമയം കള്ളപ്പണ ഇടപാടിലൂടെ ഷെരീഫ് ലണ്ടനിൽ ഫ്‌ളാറ്റും ഭൂമിയും വാങ്ങിയെന്നാണ് ആരോപണം. സംഭവത്തിൽ പാക്ക് പ്രധാനമന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി വിലയിരുത്തി. അന്വേഷണ റിപ്പോർട്ട് എതിരായാൽ പ്രധാനമന്ത്രിയെ അയോഗ്യനാക്കുന്ന നടപടിയിലേക്കു സുപ്രീംകോടതി കടക്കും.

തെഹ്രിക് ഇ ഇൻസാഫ് പാർട്ടി അധ്യക്ഷനും പ്രതിപക്ഷനേതാവുമായ ഇമ്രാൻഖാൻ ദേശവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ഭീഷണി മുഴക്കിയതിനെത്തുടർന്നാണ് അഴിമതിയാരോപണം അന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്. എന്നാൽ താൻ തെറ്റുചെയ്തിട്ടില്ലെന്നാണ് ഷെരീഫിന്റെ നിലപാട്.

ഷരീഫ് കുടുംബത്തിനു ബ്രിട്ടനിലുള്ള സ്വത്തുക്കളെപ്പറ്റിയുള്ള വിവരങ്ങൾ വിവാദമായ പാനമ അഴിമതി രേഖകളിൽ ഉണ്ടായിരുന്നു. പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊൻസെക എന്ന നിയമസ്ഥാപനംവഴി ഷെരീഫിന്റെ മൂന്നുമക്കൾ ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ കമ്പനികൾ തുടങ്ങിയെന്നും ലണ്ടനിൽ വസ്തുവകകൾ വാങ്ങിയെന്നുമാണ് ആരോപണം. മൊസാക് ഫൊൻസെക വഴി ഇത്തരം ഇടപാടുകൾ നടത്തിയവരിൽ മഹാഭൂരിപക്ഷവും കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു. ഈ വിഷയത്തിലാണ് ഷെരീഫ് അന്വേഷണം നേരിടുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവർ ഉൾപ്പെടെ ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരും പാനമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന നടത്തിയ അനധികൃത നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് നേരത്തേ പുറത്തുവന്നത്. അന്വേഷണാത്മക പത്രപ്രവർത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഐസിഐജെ എട്ടുമാസത്തിലേറെ നീണ്ട ഗവേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് വിവരങ്ങൾ പുറത്തുവിട്ടത്.

കള്ളപ്പണം വെളുപ്പിച്ചവരുടെ പട്ടികയിൽ അഞ്ഞൂറോളം ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് എന്നിവരും പ്രശസ്ത വസ്തുക്കച്ചവടക്കാരായ ഡിഎൽഎഫിന്റെ ഉടമ കെ.പി. സിങ്, പ്രമുഖ കമ്പനികളായ അപ്പോളോ ടയേഴ്‌സ്, ഇന്ത്യ ബുൾസ് എന്നിവയുടെ പ്രമോട്ടർമാർ, അദാനി ഗ്രൂപ്പിന്റെ തലവൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനി, മുംബൈ അധോലോക നായകനായിരുന്ന പരേതനായ ഇക്‌ബാൽ മിർച്ചി എന്നിവർ ഉൾപ്പെടുന്നു. ഫുട്‌ബോൾ താരം ലയണൽ മെസി, അഴിമതിയുടെ പേരിൽ സ്ഥാനം ഒഴിയേണ്ടിവന്ന മുൻ ഫുട്‌ബോൾ താരവും ഫിഫ മുൻ പ്രസിഡന്റുമായ മിഷേൽ പ്‌ളാറ്റിനി, ജാക്കി ചാൻ തുടങ്ങിയവരും കള്ളപ്പണ നിക്ഷേപകരുടെ പട്ടികയിലുണ്ട്.