- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കേൾക്കുക വാതിലിൽ ശക്തമായി ഇടിക്കുന്ന ശബ്ദം; വാതിൽ തുറക്കുമ്പോൾ കാണുക ഇരുട്ടിലേക്ക് ഓടി മറയുന്ന രൂപങ്ങളും; പനമരത്തിന്റെ ഉറക്കം കെടുത്തി വീണ്ടും അജ്ഞാതരുടെ വിളയാട്ടം; ജനങ്ങൾ ഭീതിയിലമരുമ്പോഴും എങ്ങുമെത്താതെ ഇരട്ടക്കൊലയുടെ അന്വേഷണവും
വയനാട്: ഇരട്ടക്കൊലപാതകങ്ങൾ നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും കൊലയാളികളെ കണ്ടെത്താൻ പെടാപാടു പെടുന്ന പൊലീസിന് തലവേദനായി പ്രദേശത്ത് അജ്ഞാതരുടെ വിളയാട്ടം.അർദ്ധരാത്രിക്കു മുൻപേ നടക്കുന്ന ഇത്തരം സംഭവങ്ങൾ ജനങ്ങളുടെ ഭീതി വർധിപ്പിക്കുകയാണ്.ശക്തമായി വാതിലിലും ജനലിലും ഇടിക്കുകയും വീട്ടുകാരെ ഭയപ്പെടുത്തുന്നതുമാണ് രീതി.ധൈര്യം സംഭരിച്ച് വാതിൽ തുറക്കുന്നവർ കാണുന്നത് ഇരുട്ടിലേക്ക് മറയുന്ന അവ്യക്ത രൂപങ്ങളെയാണ്.കൊലാപതകത്തിന്റെ അന്വേഷണം പുരോഗമിക്കവെ സമീപത്തെ വീടുകളിലാണ് സംഘത്തിന്റെ അഴിഞ്ഞാട്ടമെന്നത് പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
പനമരം നടവയൽ റോഡിൽ കായക്കുന്ന് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ 2 വീടുകളിൽ ഒരേസമയം അജ്ഞാത സംഘം വാതിലിലും ജനലിലും ശക്തമായി അടിച്ചു വീട്ടുകാരെ പേടിപ്പിച്ചു കടന്നു. രാത്രി 9.20ന് അടുത്തടുത്ത വീടുകളായ വടക്കേ കണ്ണമംഗലത്ത് ജോസ്, കട്ടക്കയം ബിനു എന്നിവരുടെ വീടുകളിലാണ് അജ്ഞാത സംഘം എത്തി വാതിലിൽ തട്ടിയത്.
ബിനുവിന്റെ വീടിന് മുൻപിലെ മതിൽ ചാടി കടന്ന് എത്തിയവർ വാതിലിൽ ശക്തമായി ഇടിച്ച് ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ സമയം തന്നെയാണ് ജോസിന്റെ വീട്ടിലെ ജനലിലും ആരോ ശക്തമായി തട്ടിയത്. ഇവരും പുറത്ത് ഇറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് വിവരം പൊലീസിനെ അറിയിച്ച് അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായ രീതിയിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന് 3 ആഴ്ച മുൻപ് ആലുങ്കത്താഴെ ചെക്കിട്ട റോഡിൽ രാത്രി 10 മണിയോടെ പ്രദേശത്തെ യുവാക്കൾ 2 അജ്ഞാതരെ കണ്ട് പിന്തുടർന്നെങ്കിലും കാടുപിടിച്ച സ്ഥലത്തേക്ക് ഓടി മറഞ്ഞ ഇവരെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിന് പുറമെ
ഇരട്ടക്കൊലപാതക ശേഷം ഇതിന്റെ ഒന്നര കിലോമീറ്ററകലെ രാത്രി 11 മണിയോടെ വാഹനത്തിലെത്തിയ അജ്ഞാത സംഘത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് ഒരുസൂചനപോലും ലഭിച്ചിട്ടില്ല.
അതേസമയം നാടുറങ്ങും മുൻപ് വീടുകളിലെത്തി വീട്ടുകാരെ ഭീതിയിലാഴ്ത്തുന്നതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇരട്ടക്കൊലപാതകം നടന്ന വീടിന് 4 കിലോമീറ്ററിനുള്ളിലാണ് പൊലീസ് അന്വേഷണം നടക്കുമ്പോഴും ഇത്തരം ദുരൂഹസംഭവങ്ങൾ ഏറുന്നതെന്നും ജനങ്ങളുടെ ഭീതിയകറ്റുന്നതിന് ആവശ്യമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ