മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ മർദനമേറ്റ സഹോദരികളായ പെൺകുട്ടികൾക്ക് നേരെ സൈബർ ആക്രമണവും. പ്രദേശിക ലീഗ് നേതാവിനെതിരെ സഹോദരികളായ അസ്നയും ഹംനയും പരാതി നൽകി. സംഭവത്തിൽ വനിതാ കമ്മീഷനും പെൺകുട്ടികൾ പരാതി. ഇതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ അന്വേഷണം തുടങ്ങി. പെൺകുട്ടികളെ ആക്രമിച്ച പ്രതിയും സൈബർ ആക്രമണം നടന്നവരും ഇപ്പോഴും പുറത്ത് സുഖിച്ച് കഴിയുകയാണ്.

മലപ്പുറം പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിങ് ചോദ്യംചെയ്തതിനാണ് നടുറോഡിൽ പെൺകുട്ടികൾക്ക് മർദനമേറ്റത്. പ്രാദേശിക മുസ്ലിം ലീഗ് നേതാവ് റഫീഖ് പാറക്കലിനെതിരെ സഹോദരിമാരായ അസ്നയും ഹംനയും പരപ്പനങ്ങാടി പൊലീസിലാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിങ് അപകടം വരുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്തുവന്ന കാർ ഡ്രൈവറായ സി എച്ച് ഇബ്രാഹിം ഷബീറിനെതിരെയാണ് പെൺകുട്ടികൾ പരാതി നൽകിയത്.

മർദ്ദിച്ച തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിനെതിരെ നിസാര വകുപ്പുകളിൽ മാത്രം ചേർത്താണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിരുന്നത്. മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള പ്രതി ഇബ്രാഹിം ഷബീറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. അഞ്ചിലേറെ തവണ പ്രതി മുഖത്തടിച്ചുവെന്ന് പരാതി പറഞ്ഞിട്ടും പൊലീസ് തങ്ങളെ വേണ്ടരീതിയിൽ കേൾക്കാൻ പോലു തയ്യാറായില്ലെന്നും പെൺകുട്ടികൾ ആരോപിച്ചു. വിവാദമായതോടെ പൊലീസ് വീണ്ടും മൊഴിയെടുക്കാൻ തയ്യാറായി. ഇന്നലെ തേഞ്ഞിപ്പലം പൊലീസ് പെൺകുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

അതേ സമയം പെൺകുട്ടികൾ വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം. മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ അന്വേഷണം തുടങ്ങി. പ്രതി ഇബ്രാഹം ഷെബീറിന്റെ വാഹനത്തിന്റെ അമിത വേഗത, നടുറോഡിൽ വാഹനം നിർത്തിയിട്ടുള്ള അതിക്രമം, റോങ്ങ് സൈഡ് വാഹനം ഓടിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ജോയിന്റ് ആർടിഒ ക്ക് ജില്ലാ ആർ.ടി.ഒ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് ഇന്നലെ വീണ്ടും പെൺകുട്ടികളുടെ പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കുടുതൽ വകുപ്പുകൾ ചേർക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിക്രൂരമായി മർദ്ദിച്ചിട്ടും തങ്ങളുടെ മൊഴി പോലും കൃത്യമായി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്ന പെൺകുട്ടികളുടെ ആരോപണം ചർച്ചയായതിനെ തുടർന്നാണ് പൊലീസ് വീണ്ടും മൊഴിയെടുക്കാൻ തയ്യാറായത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വിഴ്‌ച്ചയിൽ എസ്‌പി, വനിതാ കമ്മീഷൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കും പെൺകുട്ടികൾ പരാതി നൽകിയിട്ടുണ്ട്.

പാണമ്പ്രയിൽ പെൺകുട്ടികൾക്ക് നേരെ നടന്ന അക്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പതിനാറാം തിയതിയാണ് കേസിനാസ്പദമായസംഭവം. റോഡിൽ സ്ത്രീകളെ ആക്രമിച്ചിട്ടും സ്റ്റേഷൻ ജാമ്യം നൽകിയതും വിവാദമായിട്ടുണ്ട്.