തിരുവനന്തപുരം: ജന്മദിനത്തിൽ കന്നിവോട്ടു ചെയ്ത പഞ്ചരത്‌നങ്ങളും വോട്ടെടുപ്പു ദിനത്തിലെ താരങ്ങളായി. നന്നാട്ടുകാവ് പഞ്ചരത്‌നം വീട്ടിലെ ഉത്രയും ഉത്രജയും ഉത്രജനും ഉത്തരയും ഉത്തമയുമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിവോട്ടു ചെയ്തത്.

അമ്മ രമാദേവിക്കൊപ്പം പോത്തൻകോടിനു സമീപം കൊഞ്ചിറ യുപിഎസിലെത്തിയാണു പഞ്ചരത്‌നങ്ങൾ വോട്ടു ചെയ്തത്. ജന്മദിനമാണെന്നതും ഒന്നിച്ചെത്തി വോട്ടു ചെയ്യാൻ ആയി എന്നതും ഈ കന്നിവോട്ടർമാർക്ക് ഏറെ ആഹ്ലാദം പകർന്നു.

അഞ്ചുപേരും ഒരുമിച്ചെത്തി ഒരു സ്ഥാനാർത്ഥിക്കു തന്നെയാണ് വോട്ടു ചെയ്തത്. ആർക്കു വോട്ടിടണമെന്നു മക്കളോടു പറഞ്ഞിട്ടില്ലെന്നും അത് അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തിരിക്കുകയാണെന്നും രമാദേവി പറഞ്ഞു. വോട്ടിടും മുമ്പ് ചർച്ച ചെയ്തതു സ്ത്രീസുരക്ഷയുടെ കാര്യം ആണെന്നും വോട്ടിടുന്നത് സ്ത്രീകളുടെ സുരക്ഷയ്ക്കു പരിഗണന നൽകുന്നവർക്കാകണമെന്നും മാത്രമാണു മക്കളോടു പറഞ്ഞതെന്നും രമാദേവി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും വോട്ടിടാൻ ഇവർക്കു കഴിഞ്ഞില്ല. എറണാകുളത്ത് ബിഎസ് സി അനസ്‌തേഷ്യക്ക് പഠിക്കുന്ന ഉത്രജയ്ക്കും ഉത്തമയ്ക്കും തെരഞ്ഞെടുപ്പു ദിവസം വരാൻ കഴിഞ്ഞില്ല. ഇരുവർക്കും ഫസ്റ്റ് സെമസ്റ്റർ എക്‌സാം സമയമായതിനാലാണു വരാൻ കഴിയാതിരുന്നത്. ആദ്യ വോട്ട് ഒരുമിച്ച് ഇടണമെന്നു പഞ്ചരത്‌നങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. രണ്ടുപേർ വരാത്തതിനാൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടിട്ടില്ല. ഇത്തവണ വോട്ടെടുപ്പിന്റെ തലേദിവസം തന്നെ എല്ലാവരും വീട്ടിലെത്തി.

അച്ഛൻ പ്രേംകുമാറിന്റെ മരണശേഷം അമ്മ രമാദേവിയാണ് പഞ്ചരത്‌നങ്ങളുടെ അവസാന വാക്ക്. എന്നാൽ തനിക്ക് പ്രത്യേക രാഷ്ട്രീയമുണ്ടെങ്കിലും ഒരുകാര്യത്തിലും മക്കളെ നിർബന്ധിക്കാറില്ലെന്നും അവരുടെ ഇഷ്ടത്തിൽ കൈകടത്താറില്ലെന്നും ചെറുപ്പം മുതലേ അഞ്ചു പേരും കൂട്ടായ തീരുമാനമാണ് എടുക്കാറെന്നും രമാദേവി പറഞ്ഞു. 1995 ൽ ജനിച്ച പഞ്ചരത്‌നങ്ങൾക്ക് ഇപ്പോൾ 20 വയസ്സായി. എൽകെജിമുതൽ +2 വരെ വട്ടപ്പാറ ലൂർദു മൗണ്ട് സ്‌കൂളിൽ ഒരേ ക്ലാസിലായിരുന്നു പഠനം. ഉപരിപഠനമായപ്പോൾ പലവഴിക്കായി. കൊല്ലത്ത് ഫാഷൻ ഡിസൈനിങ് ഡിപ്ലോമക്ക് പഠിക്കുകയാണ് ഉത്ര. ഉത്തരയും ഉത്രജനും തോന്നക്കൽ എജെകോളേജിൽ ജേർണലിസത്തിനും ബിബിഎയ്ക്കുമാണ് പഠിക്കുന്നത്.