- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹപ്രായം കഴിഞ്ഞവർ ഇനിയങ്ങനെ വെറുതേ കൈയും വീശി നടക്കേണ്ട! പല കാരണങ്ങൾ കൊണ്ട് വിവാഹം വൈകിയവരെ കല്യാണം കഴിപ്പിക്കാൻ പദ്ധതിയുമായി കണ്ണൂരിലെ ഗ്രാമപഞ്ചായത്തുകൾ! പട്ടുവം, പിണറായി പഞ്ചായത്ത് ഇനി മാരേജ് ബ്രോക്കറുടെ പണിയെടുക്കും; 35 വയസ്സും ആർക്കും പേര് രജിസ്റ്റർ ചെയ്യാം
കണ്ണൂർ: പല കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങി പോയവർ നമ്മുടെ സമൂഹത്തിൽ ഏറെയാണ്. എന്നാൽ ഒരു പ്രായം കഴിഞ്ഞാൽ നമ്മുടെ നാട്ടിൽ വിവാഹം കഴിക്കാൻ വധുവിനെയും വരണേയും ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനൊരു പരിഹാരവുമായി പുതിയൊരു പദ്ധതിയുമായി മുന്നോട്ടേക്ക് വന്നിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ രണ്ട് ഗ്രാമപഞ്ചായത്തുകൾ.
തളിപ്പറമ്പിനടുത്തുള്ള പട്ടുവം ഗ്രാമപഞ്ചായത്തും മുഖ്യമന്ത്രിയുടെ സ്ഥലമായ പിണറായി ഗ്രാമപഞ്ചായത്തും ആണ് പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ആളുകളെ വിവാഹം കഴിപ്പിക്കാനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 35 വയസ്സ് എങ്കിലും ഉള്ള ആളുകൾക്ക് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാനാവും.
പ്രായവും വിദ്യാഭ്യാസവും മറ്റു യോഗ്യതയും കണക്കിലെടുത്തായിരിക്കും പട്ടിക തയ്യാറാക്കുക. എന്നാൽ ജാതിയും മതവും ഇവിടെ ഒരു മാനദണ്ഡമായി എടുക്കില്ല. സായൂജ്യം എന്ന പേരിലാണ് പിണറായി പഞ്ചായത്ത് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പദ്ധതി സ്ത്രീധനത്തിനെതിരെയുള്ള മാതൃകാ പദ്ധതിയായാണ് പിണറായി പഞ്ചായത്ത് മുന്നോട്ടേക്ക് വച്ചിരിക്കുന്നത്.
പട്ടുവം പഞ്ചായത്ത് നവമാംഗല്യം എന്ന പേരിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാനാകും. താല്പര്യമുള്ള യുവതി യുവാക്കൾക്ക് പരസ്പരം കണ്ടു സംസാരിക്കുവാനും മുന്നോട്ടേക്ക് പോകുവാൻ തീരുമാനിക്കുകയാണ് എങ്കിൽ വേണ്ട കൗൺസിലിങ് നൽകുവാനും ഗ്രാമപഞ്ചായത്ത് വേണ്ട നടപടികൾ സ്വീകരിക്കും.
മറ്റു ഗ്രാമപഞ്ചായത്തുകളിലുള്ളവർക്കും പദ്ധതിയിൽ അപേക്ഷിക്കാൻ ആകും. ഇതിനായി പ്രത്യേകം വെബ്‌സൈറ്റ് ഇരു പഞ്ചായത്തുകളും രൂപീകരിക്കും. ഒരു പ്രായം കഴിഞ്ഞിട്ടും വിവാഹ പ്രതീക്ഷ അസ്തമിച്ചവർക്ക് പൊതുപ്രതീക്ഷ നൽകുവാൻ ഈ പദ്ധതി കൊണ്ട് സഹായിക്കുമെന്ന് പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ പറഞ്ഞു. പദ്ധതി വിജയമാകും എന്നാണ് ഇരു പഞ്ചായത്തുകളുടെയും പ്രതീക്ഷ.