- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡോക്ടറെ മർദ്ദിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ; കേസിൽ ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ അടക്കം ഏഴുപ്രതികൾ; പ്രസിഡന്റും കൂട്ടാളികളും പ്രകോപിതരായത് ആംബുലൻസിൽ എത്തി മൃതദേഹം പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചതോടെ
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ മർദിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ശ്രീകുമാർ അടക്കം ഏഴു പ്രതികളാണ് കേസിലുള്ളത്.
ശ്രീകുമാറിനെ കൂടാതെ ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിതിൻ കല്ലട എന്നിവർ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്താണ് കേസെടുത്തിട്ടുള്ളത്. കിണറ്റിൽ വീണു മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി താലൂക്ക് ആശുപത്രിയിലെത്തിയ സംഘം അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ മർദ്ദിച്ചതാണ് പരാതിക്ക് ഇടയാക്കിയത്.
ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യും വരെ ഒപി ബഹിഷ്കരിച്ച് സമരം തുടരുമെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. വ്യാഴാഴ്ച സന്ധ്യയ്ക്ക് കിണറ്റിൽ വീണ് മരിച്ച ശൂരനാട് വടക്ക് പാതിരിക്കൽ അരിവണ്ണൂർ കളീക്കൽ വീട്ടിൽ സരസമ്മ(85)യുടെ മൃതദേഹവുമായാണ് എസ്. ശ്രീകുമാറും സംഘവും താലുക്ക് ആശുപത്രിയിലെത്തിയത്. മരണ സ്ഥിരീകരണത്തിനും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾക്കുമായാണ് മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ആംബുലൻസിൽ എത്തി പരിശോധന നടത്തണമെന്ന പ്രസിഡന്റിന്റെ നിർദ്ദേശം തള്ളിയ ഡോക്ടർ മറ്റു പരിശോധനകൾക്കായി മുറിയിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു. ഡോക്ടർ ഗണേശും എസ്. ശ്രീകുമാറും തമ്മിലുണ്ടായ തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ഡോക്ടർ ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോ.എംഗണേശിനെ മർദിച്ചതിലും ആശുപത്രി സൂപ്രണ്ട് ഡോ.ഷഹാന മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.