സൗദിയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായി പുതിയ ഭരണ സമിതി ചുമതലയേൽക്കുന്നു. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് തൊഴിൽ മന്ത്രി മുഫ്രിജ് അൽ ഹഖ്ബാനി നൽകി കഴിഞ്ഞു. കൂടാതെ റിക്രൂട്ട്‌മെന്റിന്റെ നടപടിക്രമങ്ങൾ ഏകീകരിക്കുവാനും തീരുമാനമായി. നിലവിൽ വിവിധ വകുപ്പുകളിലായി കിടക്കുന്നവ ഒരുമിച്ചു ചേർത്താണ് പുതിയ സമിതി രൂപീകരിക്കുക.

തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സ്വദേശിവൽക്കരണം, സംരംഭകർക്ക് ധനസഹായം നൽകൽ എന്നീ മൂന്നു കാര്യങ്ങളിലാണ് തൊഴിൽ മന്ത്രാലയം പ്രധാനമായും ശ്രദ്ധയൂന്നുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ മന്ത്രാലയത്തിന്റെ എല്ലാ ഇടപാടുകളും ഓൺലൈൻ വഴി നടത്തുന്നതിനുള്ള ശ്രമത്തിലാണ്. കൂടാതെ സൗദിയുടെ ഗ്രാമ പ്രദേശങ്ങളിൽപ്പോലും തൊഴിൽ സാധ്യതകൾ കണ്ടെത്താനും പദ്ധതികൾ അവിടേക്കു കൂടി എത്തിക്കാനുമുള്ള ശ്രമത്തിലാണ് മന്ത്രാലയമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 47 നഗരങ്ങളിൽ നിന്നും മറ്റു നാട്ടുപ്രദേശങ്ങളിൽ നിന്നും ഉള്ളവർക്കായി സംഘടിപ്പിച്ച തൊഴിലധിഷ്ടിത പരിപാടിയിലൂടെ 279 പേർക്കാണ് തൊഴിൽ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.