കൊച്ചി: സോളാർ കേസിൽ തുടക്കം മുതൽ ചർച്ച ചെയ്ത പലതും സരിതാ എസ് നായർ സോളാർ കമ്മീഷന് മുന്നിൽ തുറന്നു പറഞ്ഞു. ആരുടെ സമ്മർദ്ദ ഫലമാണ് ഈ വെളിപ്പെടുത്തലുകളെന്ന ചർച്ചകൾ സജീവമാണ്. എങ്കിലും സോളാർ കേസിന്റെ തുടക്കം മുതൽ പലരും പറഞ്ഞവ തന്നെയാണ് സരിത വ്യക്തമാക്കുന്നത്. തനത് ശൈലിയിൽ ഇവയൊക്കെ അതിജീവിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മൻ ചാണ്ടി തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സരിത കരുതലോടെ സോളാറിൽ മൊഴി നൽകിയത്. ടീം സോളാറിന്റെ തളർച്ചയ്ക്കും വളർച്ചയ്ക്കും മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ സരിത പലതും തുറന്നു പറഞ്ഞിട്ടില്ല. ജയിലിൽ വച്ചെഴുതിയ കത്ത് സരിത പുറത്ത് വിടില്ല. എന്നാൽ പരാതികൾ എഴുതി നൽകും. ഇവിടെ പുതിയ ഡീലുകൾക്കുള്ള സാധ്യത തുറക്കുകയാണ്.

പൊതുസ്ഥലത്തും തുറന്ന കോടതിയിലും പറയാൻ കഴിയാത്ത കാര്യങ്ങൾ എഴുതി മുദ്ര വച്ച കവറിൽ സോളാർ കമ്മിഷനു നൽകാൻ തയ്യാറെന്നാണ് സരിത എസ്. നായർ വിശദീകരിച്ചത്. ഇവ നാളെ കമ്മിഷനു കൈമാറും. ടീം സോളാറിന്റെ വളർച്ചയ്ക്കും തളർച്ചയ്ക്കും കാരണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന് സരിത കമ്മിഷനോടു പറഞ്ഞു. പഴ്‌സണൽ സ്റ്റാഫിലെ ടെന്നി ജോപ്പൻ, സലിംരാജ്, ജിക്കുമോൻ എന്നിവരുടെ മൊബൈലിലൂടെ മുഖ്യമന്ത്രിയുമായി സംസാരിച്ച വിവരം എ.ഡി.ജി.പി: എ. ഹേമചന്ദ്രനോടു പറഞ്ഞിരുന്നു. ലൈംഗിക ചൂഷണ ആരോപണം സംബന്ധിച്ച് പറയാനുള്ളതെല്ലാം രഹസ്യമൊഴിയായി നൽകാൻ തയാറാണെന്ന് സരിത അറിയിച്ചു. എന്നാൽ പറയാനുള്ളത് എഴുതി മുദ്ര വച്ച കവറിൽ നൽകാനുള്ള അവസരം നൽകാമെന്ന ജസ്റ്റിസ് ജി. ശിവരാജന്റെ നിർദ്ദേശം അവർ അംഗീകരിക്കുകയായിരുന്നു.

ഇതോടെയാണ് പുതിയ ഡീലിന് അവസരം ഒരുങ്ങുന്നത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പല ഉന്നതരുടേയും പേരുകൾ സരിതയുമായി ചേർത്ത് പുറത്തു വന്നിരുന്നു. ഇവരിൽ പലരേയും സരിത കമ്മീഷന് മുന്നിൽ കുറ്റക്കാരായി ചിത്രീകരിച്ചിട്ടില്ല. കോൺഗ്രസിലെ എ വിഭാഗം നേതാക്കൾ മാത്രമാണ് ഇപ്പോൾ ആരോപണ വിധേയരായി നിൽക്കുന്നത്. എന്നാൽ കോൺഗ്രസിലെ ഐ പക്ഷത്തെ പല പ്രമുഖരും സരിതാ പേടിയിൽ കഴിഞ്ഞിരുന്നു. സരിതയുടെ കത്ത് പുറത്തുവരുന്നതിനെ ഭയന്നവരിൽ ഏറെയും ഐ ഗ്രൂപ്പുകാരായിരുന്നു. സരിത കമ്മീഷന് നൽകുന്ന കത്ത് അതുകൊണ്ട് തന്നെ ഏറെ നിർണ്ണായകമാണ്. ഇതിൽ ആരുടെയൊക്കെ പേരുണ്ടാകുമെന്നതാണ് നിർണ്ണായകം. അതീവ രഹസ്യ സ്വഭാവത്തിലാകും ഈ കത്ത് നൽകുക. എന്നാൽ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കമ്മീഷന്റെ മുന്നിലെത്തുമ്പോൾ അതിന് പ്രത്യേകതകൾ ഏറെയാണ്.

ഈ കത്ത് സോളാർ കമ്മീഷൻ എന്തു ചെയ്യുമെന്നതാണ് നിർണ്ണായകം. തന്റെ റിപ്പോർട്ടിന്റെ ഭാഗമാക്കി സർക്കാരിന് കൈമാറും. അതിനൊപ്പം ഈ കത്തിൽ അന്വേഷണത്തിന് സർക്കാരിനോട് ശുപാർശ ചെയ്യേണ്ടിയും വരും. അതിനിടെ ലൈംഗികാരോപണ കത്ത് കിട്ടിയാൽ ഉടൻ തന്നെ അത് പൊലീസിന് നൽകേണ്ട സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. എന്നാൽ കമ്മീഷന്റെ അന്തിമ റിപ്പോർട്ടിനൊപ്പം മാത്രമേ ഇത് പുറത്തു വരൂ. സ്ത്രീ പീഡനമായതുകൊണ്ട് തന്നെ പേരുള്ളവർക്കെതിരെ എല്ലാം സരിതയുടെ മൊഴിയിൽ തന്നെ കേസ് എടുക്കാം. കണ്ണൂർ എംഎൽഎയായ അബ്ദുള്ളക്കുട്ടിക്ക് എതിരായ പീഡനാരോപണത്തിൽ സരിത ഉയർത്തിയ ഗൂഢാലോചന തിയറിയുണ്ട്. അതുയർത്തി കത്തിൽ പേരുവരുന്നവർക്ക് രക്ഷപ്പെടുകയും ചെയ്യാം. അതിനിടെ സരിതയുടെ കത്തിൽ പേരില്ലെന്ന് ഉറപ്പാക്കാൻ പല പ്രമുഖരും നീക്കം തുടങ്ങിയതായാണ് സൂചന.

രണ്ടു കവറുകളിലായി നാളെ കത്തുകൾ ഹാജരാക്കും. സിഡിയിലും പെൻഡ്രൈവിലുമായി രേഖപ്പെടുത്തിയ തെളിവുകൾ ഉണ്ടാകുമെന്ന് സരിതയുടെ അഭിഭാഷകൻ സി.ഡി. ജോൺ സൂചിപ്പിച്ചു. റിന്യൂവബിൾ എനർജി പോളിസി നടപ്പാക്കാമെന്നും വിവിധ സ്ഥാപനങ്ങളിൽനിന്ന് അംഗീകാരങ്ങൾ നേടിത്തരാമെന്നും വാഗ്ദാനം നൽകി നിരവധി പേർ പണം കൈപ്പറ്റിയിട്ടുണ്ട്. ഇതിന്റെ തെളിവുകൾ ശേഖരിക്കുകയാണ്. സോളാർ പദ്ധതിക്കായി ബിജു രാധാകൃഷ്ണൻ ആർക്കെങ്കിലും പണം നൽകിയതിനെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയില്ലെന്നും സരിത മൊഴി നൽകി. മുഖ്യമന്ത്രിക്കും ഓഫീസിനുമായി ബിജു അഞ്ചരക്കോടി നൽകിയോ എന്ന് അറിയില്ല. ബിജു രാധാകൃഷ്ണൻ മുഖ്യമന്ത്രിയുമായി ഒരു തവണ കൂടിക്കാഴ്ച നടത്തിയെന്നേ അറിയൂ. അത് 2012 ഓഗസ്റ്റിലാണെന്നാണ് ഓർമ.

ഡൽഹി പ്രഗതി മൈതാനത്തു നടന്ന വേൾഡ് റിന്യൂവബിൾ എക്‌സ്‌പോയിൽ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. ഇതിനായി കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന് ബിജു രാധാകൃഷ്ണൻ പണം നൽകിയതായി അറിയില്ല. അനർട്ടിലെ അന്നത്തെ ഡയറക്ടർ ഡോ. സുഗതകുമാരൻ, സയന്റിസ്റ്റുമാരായ മധു, രാജേഷ്, സുരേഷ് ബാബു എന്നിവരുമായി നല്ല അടുപ്പമുണ്ടായിരുന്നു. ഓരോ മാസവും ഏഴു തവണയെങ്കിലും അനർട്ടിൽ പോകാറുണ്ടായിരുന്നു. അനെർട്ടിലെ ഉദ്യോഗസ്ഥനായ രാജേഷിന്റെ ജ്യേഷ്ഠന്റെ ഇടപ്പഴഞ്ഞിയിലെ വീട്ടിലാണു താമസിച്ചിരുന്നതെന്നും സരിത മൊഴി നൽകി. കമ്മിഷനിൽ കൂടുതൽ തെളിവ് നൽകാതിരിക്കാൻ മുഖ്യമന്ത്രിക്കു വേണ്ടി ഇടപെട്ടെന്ന് സരിത ആരോപണമുന്നയിച്ച വ്യവസായി ഏബ്രഹാം കലമണ്ണിലിനു നോട്ടീസ് അയയ്ക്കാൻ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൊഴിയും നിർണ്ണായകമാകും.