- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടം നടന്നാൽ തീവ്രപരിചരണത്തിനു ഏറ്റവും അനുയോജ്യം കഴക്കൂട്ടത്തെ സബ് സെന്റർ; വികസനത്തിനു ഉടക്കിട്ടത് സ്വകാര്യ ആശുപത്രി ലോബികൾ; പ്രശ്നം ഹൈക്കൊടതിയിലെത്തിയപ്പോൾ കോടതി ഉത്തരവിട്ടത് മുഴുവൻ സമയ ആശുപത്രിയാക്കാൻ; അനങ്ങാതിരുന്ന ആരോഗ്യവകുപ്പ് നടപടിയെടുത്തത് കോടതിയലക്ഷ്യം വന്നതോടെ; പാങ്ങപ്പാറയിലെ മെഡിക്കൽ കോളേജ് സബ് സെന്റർ ആശുപത്രിയാകുമ്പോൾ ലക്ഷ്യം കാണുന്നത് പി.എസ്.ആന്റണിയുടെ നിയമപോരാട്ടം
തിരുവനന്തപുരം: പാങ്ങപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ആശുപത്രിയാക്കാനുള്ള നീക്കം ഹൈക്കോടതിയെ ഭയന്നിട്ട്. ഓണത്തിനു ആശുപത്രി തുറന്നു കൊടുക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം ഹൈക്കോടതിയെ ഭയന്നതിനാലാണ്. കഴിഞ്ഞ വർഷം തന്നെ പാങ്ങപ്പാറ ആശുപത്രി കിടത്തി ചികിത്സയുള്ള ആശുപത്രിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് ആരോഗ്യവകുപ്പ് കാറ്റിൽപ്പറത്തിയപ്പോൾ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ആദ്യം റിട്ട് ഫയൽ ചെയ്ത സ്നേഹദീപം ചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ പി.എഎസ്.ആന്റണി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയലക്ഷ്യം വന്നതോടെയാണ് ഓണത്തിനു പാങ്ങപ്പാറ ആശുപത്രി തുറന്നു പ്രവർത്തിപ്പിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായത്. ഒരു വർഷം മുൻപ് തുറന്നു പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ട ആശുപത്രിയാണ് ഓണത്തിനു പ്രവർത്തന സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് പറയുന്നത്.
വികസന സാധ്യതകൾ ഒത്തിണങ്ങിയ മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള ആശുപത്രിയാണ് ഇപ്പോൾ വികസനവഴിയിലേക്ക് നീങ്ങുന്നത്. പാങ്ങപ്പാറ ആശുപത്രിക്ക് സമീപമുള്ള അരഡസനോളമുള്ള സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് പാങ്ങപ്പാറ ഇരുപത്തിനാലും മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാക്കി മാറ്റാൻ തയ്യാറാവാതിരുന്നത്. ഇപ്പോൾ ഹൈക്കോടതിയെ ഭയന്നിട്ടാണ് ആശുപത്രി തുറന്നു പ്രവർത്തിക്കാൻ തയ്യാറാവുന്നത്. മെഡിക്കൽ കോളേജിന്റെ സബ് സെന്റർ ആയ ആശുപത്രി ഇന്നലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആശുപത്രി സന്ദർശിച്ചിരുന്നു.
ഓണത്തിനു ആശുപത്രി തുറന്നു കൊടുക്കും എന്നാണ് മന്ത്രി പറഞ്ഞത്. ഡോക്ടർ ഉൾപ്പെടെ പതിനേഴ് ജീവനക്കാരെ നിയമിച്ചതായും ഫാർമസി, ലാബ്, ഡെന്റൽ ക്ലിനിക്ക് ഉൾപ്പെടെ സൗകര്യങ്ങൾ ആശുപത്രിയിൽ ഉണ്ടാകുമെന്നും അരക്കോടിക്കടുത്ത തുക ചെലവിട്ടു ഉപകരണങ്ങളും മറ്റും എത്തിച്ചു കൊണ്ടിരിക്കുകയാണ് എന്നുമാണ് മന്ത്രി പറഞ്ഞത്. മെഡിക്കൽ കോളേജിന്റെ കീഴിലുള്ള ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ആശുപത്രിയെ മാറ്റുമെന്നു ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായാണ് മന്ത്രി പറഞ്ഞത്.
തിരുവനന്തപുരം-കൊല്ലം ദേശീയ പാതയിൽ ഇത്രയും സൗകര്യമുള്ള ആശുപത്രി വേറെയില്ല. 1957 മുതൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. അപകടം സംഭവിച്ചാൽ എത്രയും പെട്ടെന്ന് എത്തിക്കാൻ കഴിയുന്ന സ്ഥലസൗകര്യമുള്ള ഈ ആശുപത്രിയെ അധികൃതർ മനഃപൂർവം അവഗണനയിൽ മുക്കിയിട്ടിരിക്കുകയായിരുന്നു. 2016-ൽ തന്നെ മൂന്നു നിലയുള്ള കെട്ടിടം ഉദ്ഘാടനം കഴിഞ്ഞു പ്രവർത്തനോദ്ഘാടനം കാക്കുകയായിരുന്നു. പക്ഷെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള സമ്മർദം കാരണം പാങ്ങപ്പാറ ആരോഗ്യകേന്ദ്രം അവഗണനയിൽ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള സമ്മർദ്ദം ശക്തമായപ്പോൾ സർക്കാർ പാങ്ങപ്പാറ കേന്ദ്രത്തെ പിൻനിരയിലേക്ക് തള്ളി. ഇതിനു പിന്നിലെ പ്രശ്നങ്ങൾ അറിയാവുന്നതിനാൽ പി.എസ്.ആന്റണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ അനങ്ങാതെ നിന്നതിനാൽ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി പിന്നെയും ഹൈക്കോടതിയെ സമീപിച്ചു. ഉടനടി ആശുപത്രി തുറന്നു പ്രവർത്തിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതിയലക്ഷ്യം വന്നതോടെയാണ് ആരോഗ്യസെക്രട്ടറിയും വകുപ്പും അനങ്ങിയത്. ഇനിയും ആശുപത്രി തുറക്കുന്നത് നീണ്ടുപോയാൽ കോടതി കയറേണ്ടി വരും എന്നു മനസിലാക്കിയാണ് ദ്രുതഗതിയിൽ നടപടികൾക്ക് തുടക്കമിട്ടത്. ഇത് പാങ്ങപ്പാറ സ്വദേശിയായ ആന്റണി ഒറ്റയ്ക്ക് നേടിയ വിജയമാണ്.
വികസിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പാങ്ങപ്പാറ ആരോഗ്യകേന്ദ്രത്തിന്റെ ശോചനീയ അവസ്ഥയും രാഷ്ട്രീയ കളികളും കണ്ടു മടുത്തിട്ടാണ് ആന്റണി നിയമയുദ്ധത്തിന്റെ പാത തേടിയത്. സ്വകാര്യ ആശുപത്രി ലോബികൾ പാങ്ങപ്പാറയ്ക്ക് തടസം നിൽക്കും എന്ന് കണ്ടതോടെയാണ് ജനക്ഷേമം മുൻ നിർത്തി ഹൈക്കോടതിയെ ശരണം ആന്റണി തീരുമാനിക്കുന്നത്. റിട്ടിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കിയാണ് കഴിഞ്ഞ വർഷം തന്നെ ആശുപത്രി ഇരുപത്തിനാലു മണിക്കൂറും തുറക്കുന്ന ആശുപത്രിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
തിരുവനന്തപുരം ഏറ്റവും പഴക്കമുള്ള ആരോഗ്യകേന്ദ്രം ആശുപത്രിയാക്കാനുള്ള നീക്കം നടത്തിയത് കഴക്കൂട്ടം എംഎൽഎയായിരുന്ന വാഹിദിന്റെ കാലത്താണ്. മൂന്നു നില കെട്ടിടം വന്നത് വാഹിദിന്റെ കാലത്താണ്. കെട്ടിടം വന്നതും ഉദ്ഘാടനവുമല്ലാതെ മറ്റൊന്നും നടന്നില്ല. പിന്നീട് ഇടത് സർക്കാർ അധികാരത്തിൽ വന്നെങ്കിലും കാര്യമായ നടപടികൾ ഒന്നും വന്നില്ല. ശ്രീകാര്യം മുൻ കൗൺസിലർ ബി.വിജയകുമാറാണ് ആശുപത്രി യാഥാർഥ്യമാക്കാൻ ഓടി നടന്നത്. അതിന്നിടയിൽ വിജയകുമാർ മരിച്ചു. ഇതോടെ ആശുപത്രിക്ക് മുന്നിൽ നിൽക്കാൻ ആളില്ലാത്ത അവസ്ഥയായി. വാഹിദ് എംഎൽഎയായപ്പോൾ കെട്ടിടം നിർമ്മിച്ചെങ്കിലും തുടർന്നുള്ള നടപടികൾ നടത്തിയില്ല.
കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടം സ്ഥാനാർത്ഥിയായപ്പോൾ താലൂക്ക് നിലവാരത്തിലുള്ള ആശുപത്രിയാക്കി പാങ്ങപ്പാറ കേന്ദ്രത്തെ ഉയർത്തും എന്ന് വാഗ്ദാനം നൽകിയിരുന്നു. പക്ഷെ പിന്നീട് ആശുപത്രി അവഗണനയിൽ തുടർന്നു. ഇതോടെയാണ് ആന്റണി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുന്നത്. നാല് മാസത്തിനുള്ളിൽ ആശുപത്രി തുറന്നു പ്രവർത്തിക്കണം എന്ന 2019ലാണ് വിധി വന്നത്. ഈ വിധി വന്നെങ്കിലും സർക്കാർ അനങ്ങിയില്ല. അഡ്മിനിസ്ട്രെറ്റീവ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഡയരക്ടർ ഹെൽത്ത് സർവീസ്, ഹെൽത്ത് സെക്രട്ടറി എന്നിവരെ എതിർകക്ഷിയാക്കിയാണ് വിധി വന്നത്.
മെയ് മാസം ഹൈക്കോടതി പറഞ്ഞ കാലാവധി കഴിഞ്ഞിരുന്നു. മേയിൽ വീണ്ടും കോടതിയലക്ഷ്യ ഹർജി ആന്റണി വീണ്ടും നൽകി. ഇതും വിധിയായി. ഇതോടെയാണ് ആരോഗ്യവകുപ്പ് അധികൃതർ ഉത്തരവിറക്കിയത്. ഓർഡർ ഇട്ടെങ്കിലും തുടർ നടപടികൾ നീക്കിയില്ല. ആന്റണി വീണ്ടും ഹൈക്കോടതിയെ സമീപിക്കും എന്ന് മനസിലാക്കിയതോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സന്ദർശനവും ആശുപത്രി ഓണത്തിനു തുറന്നു നൽകും എന്ന പ്രഖ്യാപനവുമൊക്കെ നടന്നത്.
ഹൈക്കോടതി തുണച്ചതിനാലാണ് ആശുപത്രി യാഥാർഥ്യമാകുന്നത്. രാഷ്ട്രീയക്കാർ എല്ലാം വാഗ്ദാനത്തിൽ ഒതുക്കുമായിരുന്നു. റിട്ട് ഹർജിയും കോടതിയലക്ഷ്യവും ഒക്കെ ഫയൽ ചെയ്തതോടെയാണ് ആരോഗ്യവകുപ്പും ആരോഗ്യസെക്രട്ടറിയും ഒക്കെ ഉണർന്നത്. ഇപ്പോൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. കോവിഡ് ആയതുകൊണ്ട് അത് ഡിലേ ആയി. പക്ഷെ സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നു.
കോടതിയലക്ഷ്യം ഭയന്നിട്ട്-ആന്റണി മറുനാടനോട് പറഞ്ഞു. എന്തായാലും ആന്റണി അടക്കമുള്ള പാങ്ങപ്പാറക്കാരും കഴക്കൂട്ടത്തുള്ളവരും കണ്ണും നട്ടിരിക്കുകയാണ് ഓണത്തിനെങ്കിലും ആശുപത്രി യാഥാർഥ്യമാകുന്ന കാഴ്ച കാണാൻ.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.