തിരുവനന്തപുരം: എരുമച്ചാണകം അരുച്ചുകലക്കിക്കൊടുത്താൽ പോലും നല്ല പരസ്യത്തിന്റെ പിന്തുണയുണ്ടെങ്കിൽ നന്നായി വിറ്റുപോകുന്ന നാടാണ് നമ്മുടേത്.ആസ്തമയും കാൻസറും,എയ്ഡ്‌സുംതൊട്ടുള്ള രോഗങ്ങൾ മാറ്റാനും എന്തിന് ജരാനരകൾ അകറ്റാനും, വെളിപ്പിക്കാനും ബുദ്ധിശക്തി വർധിപ്പിക്കാനും വരെ ആയുർവേദ മരുന്നുകൾ വിറ്റുപോവുന്ന നാടാണ് നമ്മുടേത്. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളികളെ കൊള്ളയടിക്കുന്ന ഈ രീതിക്കെതിരെ ശക്തമായി നടപടിയെടുക്കാനാണ് പിണറായി സർക്കാറിന്റെ തീരുമാനം.

രോഗികളെ സ്വയം ചികിത്സക്ക് പ്രേരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നത് നിയന്ത്രിക്കാൻ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ പരസ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനിടയാക്കുന്നു. മരുന്നുകളെയും ചികിത്സയെയും കുറിച്ചുള്ള അജ്ഞത ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. ഇത്തരം പരസ്യങ്ങൾക്കെതിരെ 13ഓളം കേസുകളെടുത്തിട്ടുണ്ട്.

അതുപോലെ വ്യാജ ചികിത്സ നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് പൊലീസുമായി ചേർന്ന് നടപടികൾ സ്വീകരിച്ചു. അശാസ്ത്രീയമായ മരുന്നുപയോഗം ജനങ്ങളുടെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയായ സാഹചര്യത്തിൽ ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ ശക്തമായ നടപടിക്ക് നിയമഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും പി. അബ്ദുൽ ഹമീദ്, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീർ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി അറിയിച്ചു.

കേരളത്തിൽ പങ്കജകസ്തൂരി,കാമിലാരി, ജ്യോതിഷ്ബ്രഹ്മി തുടങ്ങിയ ഒട്ടേറെ വൻകിട മരുന്നുകൾക്ക് കനത്ത തിരിച്ചടിയാവുന്നതാണ് ഈ തീരുമാനം. ഡ്രഗ്‌സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റ് കാലങ്ങളായി ഇവിടെയുണ്ടായിരുന്നെങ്കിലും അത് നടപ്പാക്കുന്നതിൽ കടുത്ത വീഴ്ചയാണ് ഉണ്ടാവാറുള്ളത്. തങ്ങൾക്ക് ഇത്തരം കമ്പനികളിൽ നിന്ന് കോടികളുടെ പരസ്യം കിട്ടുന്നതിനാൽ മാദ്ധ്യമങ്ങളും ഇത്തരം തട്ടിപ്പ് കമ്പനികളോട് മൃദുസമീപനം പുലർത്തുകയാണ് പതിവ്.

ആധുനിക വൈദ്യശാസ്ത്ത്രിൽ ഒരു മരുന്ന് പുറത്തിറക്കുന്നത് പരീക്ഷണവും ഗവേഷണവുമായി വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രക്രിയ വേണം.പലകുറി ആവർത്തിച്ച് പരീക്ഷണങ്ങൾ നടത്തി ഫലസിദ്ധി ഉറപ്പുവരുത്തണം.എന്നാൽ മാത്രമേ അതിന് അനുമതികിട്ടൂ. ഇങ്ങനെ കോടികൾ ചെലവിട്ട് വരുന്ന മരുന്നുകളിൽപോലും പലപ്പോഴും പ്രശപനങ്ങൾ കണ്ട് നിരോധിക്കാറുണ്ട്. അങ്ങനെയാണെങ്കിൽ ഈ കടമ്പയിലുടെയൊന്നും കടക്കാത്ത ആയുർവേദയുനാനി മരുന്നുകളുടെ കാര്യം എന്തായിരക്കുമെന്ന് ആരും അന്വേഷിക്കുന്നില്ല. നിലവിൽ കേരളത്തിൽ ഒരു ആയുർവേദ മരുന്ന് വിപണിയിൽ ഇറക്കാൻ ഡ്രഗ്‌സ് കംൺട്രോളർ ആയുർവേദത്തിന്റെ സർട്ടിഫിക്കേറ്റ് മാത്രം മതി. ഗവേഷണമോ,പരീക്ഷണമോ, ഫലസിദ്ധിയെക്കുറിച്ചു പഠനങ്ങളോ ഒന്നും അവർക്ക് ആവശ്യമില്ല. ഈ പഴുത് മുതലെടുത്താണ് ശർക്കരവെള്ളം ദശമൂലാരിഷ്മാവുന്നതടക്കമുള്ള തട്ടിപ്പുകൾ നടക്കുന്നത്.

ബുദ്ധി ശക്തിയും ഓർമ്മയും വർധിപ്പിക്കാൻ ഒരു മരുന്നുണ്ടെങ്കിൽ അതിന് നോബേൽ സമ്മാനത്തിൽ കുറഞ്ഞൊന്നും അർഹിക്കുന്നില്ല. ലോകത്തിൽ ഒരിടത്തും അത്തരമൊരു മരുന്ന് കണ്ടുപടിച്ചിട്ടില്ല. എന്നാൽ കേരളത്തിൽ അങ്ങനെയും പറഞ്ഞും ജ്യോതിഷ്ബ്രഹ്മിപോലുള്ള കമ്പനികൾ പണം പറ്റുന്നു. മമ്മൂട്ടി പരസ്യ നായകനായവെളുക്കാനുള്ള ഇന്ദുലേഖ സോപ്പ് കോടതി കയറിയത് ഈയിടെയാണ്.പങ്കജ കസ്തൂരിയാവട്ടെ ആസ്മയും അലർജിയും തൊട്ട് സർവരോഗ ശാന്തി വാഗ്ധാനം ചെയ്യുന്നു.പക്ഷേ അതിന്റെ ഫലസിദ്ധി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.

ആരോഗ്യവകുപ്പിന് ഇഛാശക്തിയുണ്ടെങ്കിൽ ഇത്തരം പരസ്യങ്ങളെ നിയന്ത്രിക്കാനും ചൂഷണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാനും കഴിയും. അതുകൊണ്ടുതന്നെ മന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.