- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരിലെ ബോംബ് സ്‌ഫോടനം പരാമവധി മുതലെടുക്കാൻ ഉറച്ച് കോൺഗ്രസും ബിജെപിയും; സ്‌ഫോടനം പുലിവാലായത് ടിപിക്കേസ് മറന്ന് അഴിമതിക്കെതിരെ ജനം സിപിഎമ്മിന് പിന്നിൽ ഒരുമിച്ചപ്പോൾ
തിരുവനന്തപുരം: ടിപിയുടെ ആത്മാവിന്റെ ശാപം സിപിഎമ്മിനെ വിട്ടു പോവില്ല. ഒരു സമുന്നത രാഷ്ട്രീയ നേതാവിനെ പച്ചക്ക് വെട്ടിക്കൊന്നതോടെ ഇനി കേരളത്തിൽ സിപിഐ(എം) എന്ന പാർട്ടിയേ ഉണ്ടാവില്ല എന്ന തോന്നൽ സജീവമായി കാലം യുഡിഎഫ് അഴിമതിയുടെ കൂത്തരങ്ങിൽ ജനം മറന്നു തുടങ്ങിയപ്പോൾ ബോംബ് നിർമ്മാണവും സ്‌ഫോടനവും അരങ്ങേറിയത് മറ്റൊന്നുമല്ല സൂചിപ്പിക്ക
തിരുവനന്തപുരം: ടിപിയുടെ ആത്മാവിന്റെ ശാപം സിപിഎമ്മിനെ വിട്ടു പോവില്ല. ഒരു സമുന്നത രാഷ്ട്രീയ നേതാവിനെ പച്ചക്ക് വെട്ടിക്കൊന്നതോടെ ഇനി കേരളത്തിൽ സിപിഐ(എം) എന്ന പാർട്ടിയേ ഉണ്ടാവില്ല എന്ന തോന്നൽ സജീവമായി കാലം യുഡിഎഫ് അഴിമതിയുടെ കൂത്തരങ്ങിൽ ജനം മറന്നു തുടങ്ങിയപ്പോൾ ബോംബ് നിർമ്മാണവും സ്‌ഫോടനവും അരങ്ങേറിയത് മറ്റൊന്നുമല്ല സൂചിപ്പിക്കുന്നത്. അഴിതിയേക്കാൾ ജനം ഭയക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതീകമാണ് തങ്ങൾ എന്നു പരസ്യമായി വിളിച്ചു പറയുകയാണ് സിപിഐ(എം) ചെയ്തിരിക്കുന്നത്. അനായാസം അരുവിക്കരയിൽ വിജയിക്കാനുള്ള സാധ്യതയാണ് ഒറ്റ ബോംബ് സ്‌ഫോടനം വഴി സിപിഐ(എം) വെറുതെ കളഞ്ഞത്. അഴിമതിയും വർഗ്ഗീയതയും മറച്ചു വയ്ക്കാനുള്ള ഉപാധിയായി കോൺഗ്രസും ബിജെപിയും ഇത് മുതലെടുക്കാൻ തുടങ്ങിയതോടെ അരുവിക്കരയിൽ സിപിഎമ്മിന് വെള്ളം കുടിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
അരുവിക്കരയിൽ ബോംബ് രാഷ്ട്രീയം ചർച്ചകളിൽ നിറയ്ക്കാൻ തന്നെയാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും തീരുമാനം. വരും ദിവസങ്ങളിൽ ഇതു തന്നെയാകും മുഖ്യ പ്രചരണ ആയുധം. കണ്ണൂരിൽ സിപിഐ(എം) കേന്ദ്രങ്ങളിൽ റെയ്ഡ് സജീവമാക്കി സിപിഎമ്മിനെ പ്രതിസന്ധിയിൽ നിറുത്താനും ശ്രമിക്കും. ഇതിനുള്ള കർശന നിർദ്ദേശങ്ങൾ പൊലീസിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നൽകി കഴിഞ്ഞു. നെയ്യാറ്റിൻകരിയിലെ ഉപതെരഞ്ഞെടുപ്പ് സമയത്താണ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകമുണ്ടായത്. അത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ചയുണ്ടാക്കി. അതേ സ്ഥിതി അരുവിക്കരയിൽ സൃഷ്ടിക്കുകയാണ് കോൺഗ്രിസന്റെ ലക്ഷ്യം. കണ്ണൂരിലെ സിപിഐ(എം) അക്രമ രാഷ്ട്രീയത്തിന്റെ ഇര തങ്ങളാണെന്ന് ബിജെപിയും വാദിക്കും. ആക്രമ രാഷ്ട്രീയം വീണ്ടും സജീവ ചർച്ചയാകുമ്പോൾ സിപിഐ(എം) വെട്ടിലാകും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലത്തിലെ പ്രചരണത്തിനായി കണ്ണൂരിൽ നിന്ന് എത്തിയ സിപിഐ(എം) പ്രവർത്തകർക്ക് ബോംബ് എത്തിക്കുകയായിരുന്നത്രെ ലക്ഷ്യമെന്ന തരത്തിൽ കോൺഗ്രസ് കാര്യങ്ങളെ അവതരിപ്പിച്ച് തുടങ്ങി. ഇക്കാര്യങ്ങളെല്ലാം ഇന്റലിജൻസ് വിഭാഗം കണ്ടെത്തുകയും വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്നാണ് കോൺഗ്രസ് വാദം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പി സെൻകുറിന് നിർദ്ദേശം നൽകിയത് ഈ സാഹചര്യത്തിലാണെന്നും പറയുന്നു. ഇതിനെല്ലാം വ്യക്തമായ മറുപടി പറയാൻ സിപിഎമ്മിന് കഴിയുന്നില്ല. അന്വേഷണം നടക്കട്ടേ എന്ന് മാത്രമാണ് വിശദീകരണം. വി എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട വിഭാഗീയ പ്രശ്‌നങ്ങൾ ഏതാണ്ട് മറികടന്ന സിപിഎമ്മിന് ഈ വിവാദം തിരിച്ചടി തന്നെയാണ്.
കണ്ണൂരിലെ പാനൂരിൽ വിജനമായ കക്രോട്ടുകുന്നുമ്മൽ ഭാഗത്തുവച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിയുടെ ശബ്ദം കീലോമീറ്ററോളം പ്രകമ്പനം സൃഷ്ടിച്ചതായി നാട്ടുകാർ പറഞ്ഞു.ഉയർന്ന പ്രദേശമായതിനാൽ ഏറെ വൈകിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. ശരീരാവശിഷ്ടങ്ങളും പൊട്ടാത്ത ബോംബുകളും സിപിഐ(എം) പ്രവർത്തകർ പൊലീസ് എത്തും മുൻപ് എടുത്തു മാറ്റി. ഒരു മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. അതിനകം കക്രോട്ടുകുന്ന് വളഞ്ഞ് ആളുകളെ തുരത്തിയോടിച്ച സിപിഐ(എം) പ്രവർത്തകർ തെളിവുകൾ നശിപ്പിച്ചിരുന്നു. സ്‌ഫോടനം നടന്ന സ്ഥലം തീയിട്ട നിലയിലാണ്. കയ്യിൽ കെട്ടിയ ചരടുകളും കഴുത്തിലണിഞ്ഞ മാലയുടെ ഭാഗങ്ങളും സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ കശുമാവിൻ ചില്ലയിൽ തൂങ്ങി കിടക്കുന്നുണ്ട്.
പിക്കപ്പ് വാനിൽ കയറ്റിയാണ് പരിക്കേറ്റവരെ സിപിഐ(എം) നിയന്ത്രണത്തിലുള്ള തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്. ഷൈജുവും സുബീഷും ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. പോളിത്തീൻ കവറിൽ പൊതിഞ്ഞാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രണ്ട് പേരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരുടെ കൈപ്പത്തികളും കാലുകളും തകർന്ന നിലയിലാണ്. പരിക്കേറ്റവർ ഇനിയുമുണ്ടെന്ന വിവരത്തെ തുടർന്ന് വിവിധ ആശുപത്രികൾ പൊലീസ് നിരീക്ഷണത്തിലാണ്. സ്‌ഫോടനം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ നാല് സ്റ്റീൽ ബോംബുകളും നിർമ്മാണ സാമഗ്രികളും കണ്ടെടുത്തു. ദുരന്ത സ്ഥലത്ത് രക്തം തളംകെട്ടിക്കിടക്കുന്നുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും സ്‌ഫോടനം നടന്ന സ്ഥലവും പരിസരവും പരിശോധിച്ചു. പൊയിലൂർ മേഖലയിൽ സംഘർഷമുണ്ടാക്കാനുള്ള സിപിഐ(എം) നേതൃത്വത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ബോംബ് നിർമ്മാണമെന്നാണ് സൂചന. ഇത് പൊലീസും സ്ഥിരീകരിക്കുന്നു.
കതിരൂർ മനോജ് വധക്കേസിൽ സിബിഐ അന്വേഷണം തുടങ്ങിയതോടെ സിപിഐ(എം) വെട്ടിലായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ പോലും ചോദ്യം ചെയ്തു. ജയരാജിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുമുണ്ട്. അതിനിടെയാണ് പുതിയ വിവാദമെത്തുന്നത്. ഇവിടേയും സിപിഐ(എം) കണ്ണൂർ ജില്ലാ നേതാക്കളിൽ അന്വേഷണം എത്തിക്കാനാണ് ശ്രമം. അരുവിക്കര തെരഞ്ഞെടുപ്പിനിടെ അത് കൂടി തെളിഞ്ഞാൽ സിപിഐ(എം) കൂടുതൽ പ്രതിരോധത്തിലാകും. ബാർ കോഴയും സോളാറും സിപിഎമ്മിന് നൽകിയ മുൻതൂക്കമാണ് ഈ സംഭവത്തോടെ നഷ്ടമാകുന്നത്. അരുവിക്കരയിലെ സിപിഐ(എം) സ്ഥാനാർത്ഥി വിജയകുമാറിന്റെ സാധ്യതകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സിപിഐ(എം) ജില്ലാ നേതാക്കൾ വിലയിരുത്തുന്നുണ്ട്. ബിജെപി ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഇത്. കൊലപാതക രാഷ്ട്രീയത്തിൽ ബിജെപിയും പ്രചരണം ശക്തമാക്കുമ്പോൾ പ്രതിരോധിക്കാൻ സിപിഐ(എം) പാടുപെടും.