- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കളെ പ്രതിയാക്കാൻ കെ സുധാകരന് ആഗ്രഹമുണ്ടാകും; അതൊന്നും അംഗീകരിക്കാൻ കഴിയില്ല; ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്; ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല; മൻസൂർ വധത്തിലെ ഗൂഢാലോചനക്കാരനെന്ന സുധാകരന്റെ ആരോപണത്തിൽ മറുപടിയുമായി പനോളി വത്സൻ
കണ്ണൂർ: പാനൂരിൽ മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലെ ഗൂഢാലോചനക്കാരനെന്ന കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം പാനോളി വത്സൻ രംഗത്തെത്തി. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ മേൽ വയ്ക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തുന്നതെന്നും സംഭവവുമായി സിപിഐഎമ്മിനോ നേതാക്കൾക്കോ ബന്ധമില്ലെന്നും പാനോളി വത്സൻ വ്യക്തമാക്കി. നേതാക്കളെ പ്രതിയാക്കാൻ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സുധാകരന്റെ ആരോപണത്തോട് പനോളി വത്സൻ പറയുന്നത് ഇങ്ങനെ: ''ചിലർ വിളിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെയൊരു വാർത്ത പ്രചരിക്കുന്നത് അറിഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസം ഞാൻ സഞ്ചരിച്ചത് കൂത്തുപറമ്പ് നഗരസഭയിലും കോട്ടയം, പാട്യം പഞ്ചായത്തിലുമാണ്. ഇവിടെയുള്ള ബൂത്തുകൾ സന്ദർശിക്കാനാണ് എൽഡിഎഫ് എന്നെ ചുമതലപ്പെടുത്തിയത്. അവിടെയായിരുന്നു ഉണ്ടായിരുന്നത്. സുധാകരൻ അങ്ങനെയൊരു കാര്യം പറയുമ്പോൾ നീതി പുലർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ മേൽ വയ്ക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത്.''
''സംഭവവുമായി സിപിഐഎമ്മിന് നേരിട്ട് ബന്ധമില്ലെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശികമായി നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. സംഭവവുമായി സിപിഐഎമ്മിനോ നേതാക്കൾക്കോ ബന്ധമില്ല. സുധാകരൻ പല സംഭവങ്ങളും നടത്തി പരിചയമുള്ള ആളെന്ന നിലയിൽ, ഏത് സംഭവവും സിപിഎമ്മിന്റെയും നേതാക്കളുടെയും തലയിൽ വയ്ക്കാൻ സാമർത്ഥ്യമുള്ള നേതാവാണ്. ഇതിൽ അപ്പുറം പരാമർശത്തെ കാണേണ്ടതില്ല. ബന്ധമില്ലാത്ത കാര്യങ്ങൾക്ക് ബന്ധമില്ലെന്ന് തന്നെ പാർട്ടി പറയാറുണ്ട്.''
''സംഭവസമയത്ത് ഞങ്ങൾ എവിടെയായിരുന്നു എന്നെല്ലാം പൊലീസിന് സമഗ്രമായി അന്വേഷിക്കാം. സുധാകരൻ എത്ര ക്രിമിനൽ കേസുകളിലും ഗൂഢാലോചനകളിലും പങ്കാളിയാണെന്ന് നാടിന് അറിയാം. നേതാക്കളെ പ്രതിയാക്കാൻ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. പാർട്ടി അച്ചടക്കത്തിലും അനുസരണയിലും ജനസേവനം നടത്തുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് സുധാകരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല.''
മൻസൂറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പനോളി വത്സനാണെന്നാണ് കെ സുധാകരൻ എംപി പറഞ്ഞത്. പനോളി വത്സനായിരുന്നു പാനൂരിലെ തെരഞ്ഞെടുപ്പ് ചാർജ്. മുൻപും അക്രമിസംഘത്തെ നയിച്ച രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമയാണ് പനോളി വത്സൻ. വത്സന്റെ ഗൂഢാലോചനയാണ് ഈ കൊലപാതകത്തിന്റെ പിറകിലുള്ള അടിസ്ഥാന കാരണം. വത്സനെ ഗൂഢാലോചനക്കേസിൽ പ്രതി ചേർക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ പറ്റാത്തതിന്റെ നിരാശയിലാണ് മൻസൂറിനെ കൊലപ്പെടുത്തിയത്. ഇത്തരം പ്രകോപനം ഇനിയും എൽഡിഎഫ് ആവർത്തിച്ചാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ