കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളുടെ കേന്ദ്ര സ്ഥാനം പാനൂരാണ്. കൊണ്ടും കൊടുത്തും പരസ്പരം അങ്കം വെട്ടുന്ന രാഷ്ട്രീക്കാർ. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ പക പോക്കൽ. പ്രത്യയശാസ്ത്രം കൈയാങ്കളിയാക്കിയിട്ട് നാലര പതിറ്റാണ്ടിലേറെയായി. ഒരു ഭാഗത്ത് സിപിഐ.(എം). ഉം മറുഭാഗത്ത് ബിജെപി.യും ആർ.എസ്.എസും.

ഇവർ തമ്മിലുള്ള പോര് എത്രയെത്ര പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ശിരസ്സറ്റും ബോംബ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചും നിരവധി പേർ കൊല്ലപ്പെട്ടു. രക്ത രൂക്ഷിതമായ ഒട്ടേറെ കഥകളാണ് പാനൂരിന് പറയാനുള്ളത്. ഭർത്താവ് നഷ്ടപ്പെട്ട യുവതികൾ, പിതാവ് നഷ്ടപ്പെട്ട മക്കൾ, മകൻ നഷ്ടപ്പെട്ട അമ്മമാർ. ഇതിനെല്ലാം പുറമേ ജീവിക്കുന്ന ഒട്ടേറെ രക്തസാക്ഷികൾ. ഇതെല്ലാം പാനൂരിനെ മറ്റ് സ്ഥലങ്ങളിൽ നിന്നും വേർതിരിക്കുന്നു. പാനൂരിൽ അക്രമം തുടങ്ങിയാൽ അത് മറ്റിടങ്ങളിലേക്കും വ്യാപിക്കും. അതാണ് കണ്ണൂരിന്റെ അനുഭവം.

സമാധാനം കൈവരിക്കുമെന്ന് ആഗ്രഹിക്കുമ്പോഴേക്കും രാഷ്ട്രീയക്കാർ വാൾ പയറ്റും വടിപ്പയറ്റും തുടങ്ങിക്കഴിഞ്ഞിരിക്കും ഇവിടെ. കഴിഞ്ഞ നാല് മാസക്കാലമായി പാനൂരിലെ രാഷ്ട്രീയ അങ്കത്തിന് അറുതിയില്ലായിരുന്നു. പാനൂരിനെ ഇതിൽ നിന്നും മോചിപ്പിക്കാൻ എന്താണ് വഴിയെന്ന് ആലോചിച്ചിരിക്കയായിരുന്നു ജില്ലാ ഭരണാധികാരികൾ. അതിനിടയിലാണ് ഒരിക്കൽ പാനൂരിലെ എസ്. ഐ.യായും പിന്നീട് സിഐ ആയും സേവനമനുഷ്ഠിച്ച വി.വി. ബന്നിയെന്ന പൊലീസ് ഉദ്യോഗസ്ഥൻ അധികാരികളുടെ ശ്രദ്ധയിൽ പെട്ടത്. സംസ്ഥാന ആഭ്യന്തര വകുപ്പ് ഉടൻ ഉത്തരവിട്ടു. വി.വി. ബന്നിയെന്ന സി.ഐ യെ പാനൂരിലേക്ക് അയക്കാം. മുമ്പ് പാനൂരിൽ സേവനമനുഷ്ഠിച്ച കാലത്ത് ബന്നി നടത്തിയ സമാധാന ശ്രമം ശ്ലാഘനീയമായിരുന്നു. സമാധാന പ്രേമികളായ നാട്ടുകാരും ബന്നിയുടെ വരവ് ആഗ്രഹിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ പാനൂരിൽ നടന്ന രാഷ്ട്രീയ അക്രമത്തിൽ വീണ്ടും സമാധാനം നഷ്ടപ്പെട്ട ജനങ്ങൾക്ക് ബന്നിയായിരുന്നു പ്രത്യാശ. അക്രമം വ്യാപകമായി സമാധാനം വഴി മുട്ടിയപ്പോഴാണ് ബന്നിയെ പാനൂരിൽ വീണ്ടും നിയമിക്കുന്നത്. ഒരു നിമിഷം പോലും ഈ പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങിയിരുന്നില്ല. ജില്ലാ തല സമാധാന യോഗങ്ങളിൽ ആഹ്വാനം നടത്തി രാഷ്ട്രീയക്കാർ പിരിയുകയാണ് പതിവ്. പാനൂരിനു ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലെ അക്രമങ്ങൾ നുള്ളിക്കളയാൻ ഈ ആഹ്വാനം കൊണ്ട് ഒന്നും സംഭവിക്കാറുമില്ല. അവിടെയാണ് ബന്നിയെന്ന പൊലീസുകാരന്റെ മിടുക്ക്. പ്രാദേശിക തലത്തിൽ സമാധാന കമ്മിറ്റികൾ രൂപീകരിച്ച് പൊതു സമ്മതനായ ഒരു വ്യക്തിയെ ചെയർമാനായി തെരഞ്ഞെടുക്കുക. രാഷ്ട്രീയ തർക്കങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിഹരിക്കുക. ഈ തീരുമാനം എല്ലാവരും അംഗീകരിച്ചു.

സിഐ ബന്നിയുടെ ആശയം ഗ്രാമങ്ങളിൽ പ്രാവർത്തിക്കമാവുകയാണ്. കൊളവല്ലൂർ, വിളക്കോട്ടൂർ, എന്നിവിടങ്ങളിൽ അത്തരം യോഗങ്ങൾ നടന്നു. അതിന്റെ തീരുമാന പ്രകാരം വൈദ്യുതി പോസ്റ്റുകളിലും പൊതു സ്ഥലങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ ചുവരെഴുത്തുകൾ മായ്ക്കൽ നടന്നു വരികയാണ്. സമാധാന പൂർണ്ണമായ പാനൂർ എന്ന സന്ദേശം പ്രാവർത്തികമാക്കാനാണ് തന്റെ ശ്രമമെന്ന് സിഐ ബന്നി 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. അക്രമം കാട്ടുന്നവരെ രാഷ്ട്രീയ പരിഗണനയോ കൊടികളുടെ നിറമോ നോക്കാതെ പിടികൂടുന്ന ശൈലിയാണ് ബന്നിയെ നേരത്തെ സമാധാന പ്രേമികളുടെ പ്രിയംങ്കരനാക്കി മാറ്റിയത്. ഇതേ നിലപാട് തുടരാനാണ് വീണ്ടും നിയോഗിക്കപ്പെട്ട ബന്നിയുടെ തീരുമാനം.

പാനൂരും സമീപ ഗ്രാമങ്ങൾക്കുമുള്ള പ്രത്യേകതയെക്കുറിച്ച് ബന്നി തന്നെ പറയുന്നു. എസ്.എസ്.എൽ. സി. പാസാവുന്നവർ ഒട്ടേറെയാണ്. അതു പോലെ തന്നെ പ്ലസ് ടുവും. ഇവരെല്ലാം പിന്നീട് എവിടെയെത്തുന്നുവെന്ന് പരിശോധിച്ചാൽ പാനൂരിന്റെ പ്രശ്നങ്ങൾക്ക് വേറെ കാരണം കണ്ടെത്തേണ്ടതില്ല. തുടർ പഠനമാണ് പ്രശ്നം. സമീപത്തൊന്നും ഗവൺമെന്റ് കോളേജോ എയ്ഡഡ് കോളേജോ ഇല്ല. അതു കൊണ്ടു തന്നെ ജോലിക്ക് പോകാൻ നിർബന്ധിതരാകുന്നു. അതോടൊപ്പം ചില രാഷ്ട്രീയ പാർട്ടികളുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടിയും വരുന്നു.

രക്ഷിതാക്കൾക്ക് മക്കൾ പഠിച്ച് നല്ല നിലയിൽ എത്തണമെന്ന താത്പര്യക്കുറവും പ്രശ്നങ്ങൾക്ക് ഒരു കാരണമാണ്. മറ്റ് സ്ഥലങ്ങളിലെ ജീവിത നിലവാരവുമായി ഒത്തു നോക്കുമ്പോൾ പാനൂർ വളരെ പിറകിലാണ്. ഇതിനൊരു മാറ്റം വരുത്താനുള്ള ശ്രം ആരംഭിക്കുമെന്ന് സിഐ വി.വി. ബന്നി പറഞ്ഞു.