തലശേരി:സിംഹത്തെ അതിന്റെ മടയിൽ പോയി നേരിടുകയെന്ന തന്ത്രവുമായി കണ്ണൂർ ജില്ലയിലെ ആർ. എസ്. എസ് ശക്തി കേന്ദ്രത്തിലെ ആരാധനാലയം പിടിച്ചെടുക്കാൻ സി.പി. എം നിയന്ത്രിക്കുന്ന മലബാർ ദേവസ്വം ബോർഡ് കരുക്കൾ നീക്കുന്നു. കണ്ണൂർ ജില്ലയിലെ ആർ. എസ്. എസ് ശക്തികേന്ദ്രമായ പൊയിലൂരിലാണ് സി.പി. എം നിർദ്ദേശത്തോടെ മലബാർ ദേവസ്വം ബോർഡിനായി എം.ആർ മുരളി കരുക്കൾ നീക്കുന്നത്. ഇതോടെ അപകടം മണത്തറിഞ്ഞ ആർ. എസ്. എസ് നേതൃത്വം നൽകുന്ന സംഘപരിവാർ അതിശക്തമായ എതിർപ്പുമായി രംഗത്തു വന്നിട്ടുണ്ട്.

വർഷങ്ങൾക്കു മുൻപ് പൊയിലൂർ സ്വദേശിയും ബിജെപി ദേശീയസമിതിയംഗവുമായിരുന്ന ഒ്.െക വാസുസി.പി. എമ്മിലേക്ക് ചേക്കേറിയത് പൊയിലൂരിൽ ആർ. എസ്. എസിനും ബിജെപിക്കും കടുത്ത ക്ഷീണം ചെയ്തിരുന്നു. വാസുവിനെ മലബാർ ദേവസ്വം ബോർഡിന്റെ ചുമതലയേൽപ്പിച്ചുകൊണ്ടാണ് സി.പി. എം ആർ. എസ്. എസ് ശക്തി കേന്ദ്രമായ പൊയിലൂർ മടപ്പുരയുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. എന്നാൽ തങ്ങളുടെ തട്ടകത്തിലുള്ള മടപ്പുര ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ആർ. എസ്. എസ്.

നേരത്തെ മഠപ്പുര ഭരണസമിതിയുടെ പ്രസിഡന്റായി ചുമതല വഹിച്ചിരുന്ന ഒ.കെ വാസുവിന് ആർ. എസ്. എസ് തന്ത്രങ്ങൾ നന്നായി അറിയാവുന്നതു കൊണ്ടും ക്ഷേത്രത്തിലെ അധികാര തർക്കത്തിൽ ദേവസ്വം ബോർഡിന് അനുകൂലമായി കരുക്കൾ നീക്കാൻ കഴിഞ്ഞു. ഇതോടെ കോൺഗ്രസ് അനുകൂലികൾ ഭരണം നടത്തിയിരുന്ന മട്ടന്നൂർ മഹാദേവക്ഷേത്രത്തിന് പിന്നാലെ ആർ. എസ്്. എസ് നിയന്ത്രണത്തിലുള്ള പാനൂർ പൊയിലൂർ മുത്തപ്പൻ മടപ്പുരയിലും സി.പി. എം ഭരിക്കുന്ന ദേവസ്വംബോർഡ് പിടിമുറുക്കിയിരിക്കുകയാണ്.

എന്നാൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള മടപ്പുര ഒരു കാരണവശാലും ഏറ്റെടുക്കാൻ വിടില്ലെന്ന തീരുമാനത്തിലാണ് ആർ. എസ്. എസ്. പരിവാർ പാളയം വിട്ടു സി.പി. എമ്മിലേക്ക് ചേക്കേറിയ ഒകെ വാസുവും സി.പി. എം ലോക്കൽ കമ്മിറ്റിയുമാണ് മടപ്പുര ഏറ്റെടുക്കലിനു പിന്നിലെന്നാണ് സംഘപരിവാർ സംഘടനകളുടെ ആരോപണം. കഴിഞ്ഞ ചൊവ്വാഴ്‌ച്ച പുലർച്ചെ ആറരയ്ക്ക് പൊയിലൂർ മുത്തപ്പൻ മടപ്പുരയിൽ കൂത്തുപറമ്പ് എ.സി.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം മടപ്പുര ഏറ്റെടുക്കുന്നതിനായി ദേവസ്വം ബോർഡ് ഭാരവാഹികൾക്കൊപ്പമെത്തിയിരുന്നു.

പൊലിസ് ക്ഷേത്രത്തിലെ ഓഫീസ് പൂട്ട് വെൽഡിങ് മെഷീൻ ഉപയോഗിച്ച് പൊളിക്കുകയും അകത്തുപ്രവേശിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. ദേവസ്വ്വം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, വടക്കയിൽ പവിത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിച്ചതിനു ശേഷമാണ് മടപ്പുര ഏറ്റെടുത്തതായുള്ള നടപടി ക്രമങ്ങൾ നടത്തിയതായി അറിയിച്ചത്. തൃപ്പങ്ങോട്ടൂർ വില്ലേജ് ഓഫീസർ സുനിൽ , വില്ലേജ് അസിസ്റ്റന്റ് രജീഷ്, കൊളവല്ലൂർ സി ഐ എം സജിത്ത് ,എസ് ഐ കെ സുഭാഷ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ സംഘ് പരിവാർ പ്രവർത്തകർ നാമജപത്തിലൂടെ ഇവരെ തടഞ്ഞത് ഏറെ സമയം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസിനും ദേവസ്വം ഉദ്യോഗസ്ഥർക്കും ക്ഷേത്ര വാതിൽ തുറക്കാൻ ഇതു കാരണം കഴിഞ്ഞില്ല. എന്നാൽ ക്ഷേത്ര കാര്യാലയം പൊലീസും ദേവസ്വം അധികൃതരും പുതിയ പൂട്ടിട്ട് പൂട്ടുകയും മടങ്ങുകയുമായിരുന്നു. ദേവസ്വം ബോർഡ് ഉത്തരവനുസരിച്ച് സിസി ക്യാമറ സ്ഥാപിക്കാനുള്ള ടീം എത്തുകയും ആർ. എസ്. എസ് പ്രവർത്തകരുടെ പ്രതിഷേധം കാരണം മടങ്ങിപോവുകയുമായിരുന്നു.

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ ദീപാരാധനയും, പയങ്കുറ്റിയും നടന്നുവരുന്നത്. സംഘ് പരിവാറിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ബോർഡ് അധികൃതർ താൽക്കാലികമായി മടങ്ങിയത്. മാർകിസ്റ്റ് പാർട്ടി ലോക്കൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രദേശത്തുകാരനായ ഒകെ വാസുവിന്റെ അറിവോടെയാണ് തങ്ങൾ നിയന്ത്രിക്കുന്ന മടപ്പുര പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് പരിവാർ നേതാക്കൾ ആരോപിച്ചു.
ദേവസ്വം അധികൃതർ വ്യാജരേഖ ചമച്ച് ക്ഷേത്രം പിടിച്ചെടുക്കാൻ ഉള്ള ശ്രമം നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം മടപ്പുരയുമായി ബന്ധപ്പെട്ട് കോടതിയിൽ മൂന്ന് കേസുകൾ നിലവിലുണ്ട്.

കോടതിയുടെ പരിഗണനയിലുള്ള കേസുകൾ മറികടന്നാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്നും പരിവാർ നേതാക്കൾ കുറ്റപ്പെടുത്തി. പുരാതനമായ പൊയിലൂർ മുത്തപ്പൻ മടപ്പുര സംഘപരിവാർ പ്രവർത്തകരാണ് നടത്തിവരുന്നത്. മൂന്ന് കേസ് നിലവിലിരിക്കെ വ്യാജരേഖ ചമച്ചു കൊണ്ട് ദേവസ്വം ബോർഡ് അധികൃതർ മുന്നോട്ടുപോവുകയാണെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും മുത്തപ്പൻ മടപ്പുര പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്നും ബിജെപി ജില്ലാ സെക്രട്ടറി വി പി സുരേന്ദ്രൻ അറിയിച്ചു.

ബിജെപിയിൽ നിന്നും ചേരി മാറി സിപിഎം നേതൃത്വത്തിലേക്ക് വന്ന ഒകെ വാസുവിന്റെ വീടു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൊയിലുർ. നേരത്തെ പലതവണയായി ഒ.കെ വാസുവിന് നേരെ അക്രമം നടന്നിരുന്നു.ആർഎസ്എസ് സ്വാധീന പ്രദേശമായ പൊയിലൂരിൽ അവരുടെ ആസ്ഥാന കേന്ദ്രമായ മടപ്പുര പിടിച്ചെടുക്കാൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നത് വരുംനാളിൽ സംഘർഷത്തിനിടയാക്കുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

എന്നാൽ പൊയിലൂർ മുത്തപ്പൻ മടപ്പുര മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതായി ദേവസ്വം ബോർഡ് അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 2020 നവംബർ എട്ടിനാണ് ദേവസ്വം ബോർഡ് മടപ്പുരയെ പൊതുക്ഷേത്രമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റ് അംഗങ്ങളെ വിളിച്ചുചേർത്ത് ചർച്ച നടത്തിയിട്ടുണ്ട്. പൊതുഅഭിപ്രായം മാനിച്ച് മാനേജിങ് ട്രസ്റ്റി വി കെ പവിത്രൻ രേഖകൾ ബോർഡിന് കൈമാറി. എന്നാൽ, തറവാട്ടുവക ക്ഷേത്രമാണെന്ന് വരുത്താനാണ് ആർഎസ്എസ് നേതൃത്വം ശ്രമിച്ചത്. ഇതിനായി പാനൂരിലെ പനോളി തറവാട്ടുകാരെക്കൊണ്ട് പരാതി കൊടുപ്പിച്ചു. ക്ഷേത്ര ആഘോഷക്കമ്മിറ്റി ഓഫീസിന്റെയും 23 ഭണ്ഡാരങ്ങളുടെയും താക്കോൽ ബോർഡിന് വിട്ടുകൊടുക്കാതെ കൈവശപ്പെടുത്തിവച്ചു.

പലതവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും താക്കോൽ കൈമാറിയില്ല. ഇതിനിടെ, ഓഫീസ് തന്റെപേരിലാണെന്ന് കാണിച്ച് ആഘോഷ കമ്മിറ്റി മുൻ പ്രസിഡന്റ് എൻ രാഘവൻ കൂത്തുപറമ്പ് എസിപി ഓഫീസിൽ പരാതിനൽകി. ഉടമസ്ഥാവകാശം തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാൻ എസിപി സജേഷ് വാഴവളപ്പിൽ രാഘവന് 20 ദിവസം സമയം നൽകിയെങ്കിലും ഹാജരാക്കാനായില്ലെലന്നും അഡ്‌മിനിസ്ട്രേറ്റർ അജിത്ത് പറമ്പത്ത് അറിയിച്ചു.