- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപാഠിയായ പെൺകുട്ടിയോടൊപ്പം ഐസ്ക്രീം കഴിച്ചതും കൂടെ നടന്നതും മർദ്ദന കാരണം; പാനൂരിൽ സദാചാര പൊലീസ് ചമഞ്ഞ് പത്താംക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച ജിനീഷ് സിഐടിയു ഭാരവാഹി; ഇരുവരും സിപിഎം കുടുംബമായതിനാൽ ഒതുക്കി തീർക്കാനുള്ള പാർട്ടി ശ്രമം പരാജയപ്പെട്ടു; പരാതിയിൽ ഉറച്ചു നിന്നു കുട്ടിയുടെ പിതാവ്
കണ്ണൂർ: പാനൂർ മൊകേരി ക്കടുത്തെ മുത്താറിപ്പീടികയിൽ പത്താം ക്ളാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു. സദാചാര പൊലിസ് ചമഞ്ഞ് ഓട്ടോ ഡ്രൈവർമാർ നടുറോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തിലാണ് ഓട്ടോ ഡ്രൈവറായ മുത്താറി പീടികയിലെ ജിനീഷിനെതിരെയും കണ്ടാലറിയാവുന്നവർക്കെതിരെയും കേസെടുത്തത്. ഇരുവരും സിപിഎം കുടുംബമായതിനാൽ പാനൂർ പൊലിസ് സ്റ്റേഷനിൽ വെച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ 15 വയസുകാരന്റെ പിതാവ് കേസെടുക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതേ തുടർന്നാണ് പാനൂർ പൊലിസ് കേസെടുത്തത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോൾ ജിനീഷ് മറുപടി പറഞ്ഞില്ലെന്നും സംഭവത്തിന് ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും വിദ്യാർത്ഥി വ്യക്തമാക്കി. കൈ കൊണ്ടുള്ള മർദ്ദനത്തിൽ പരുക്കേറ്റ വിദ്യാർത്ഥി പാനൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അതേസമയം, സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് ഒത്ത് തീർപ്പിന് ശ്രമിച്ചതിനെതിരെ മർദനത്തിന് ഇരയായ വിദ്യാർത്ഥിയുടെ പിതാവ് രംഗത്തു വന്നു.
കേസ് വേണോയെന്നും ഒത്തു തീർത്താൽ പോരെയെന്നും പൊലീസ് ചോദിച്ചുവെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിയായ ജിനീഷ് ഓട്ടോ റിക്ഷാ തൊഴിലാളി യുനിയൻ (സിഐ.ടി.യു) യുനിറ്റ് ഭാരവാഹി കൂടിയാണ്. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ളാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മോഡൽ പരീക്ഷ കഴിഞ്ഞ് റോഡരികിലൂടെ മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ ആദ്യം ജിനീഷ്കുമാർ തനിയെയും പിന്നീട് മുന്നോ നാലു പേർ ചേർത്ത് വളഞ്ഞിട്ട് തല്ലുകയായിരുന്നു.
ഇതിനിടെ അമ്പാടിയെന്ന പേരിലുള്ള ഓട്ടോ റിക്ഷയുടെ ഡ്രൈവർ പിടിച്ചു മാറ്റുന്നതും കാണാമായിരുന്നു. സമീപത്തുള്ള കടയിലെ സി.സി.സി.ടി.വി ക്യാമറയിൽ നിന്നാണ് കൂട്ട മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തായത്. എന്നാൽ വിദ്യാർത്ഥിയെ പൊതിരെ തല്ലുമ്പോഴും വഴി യാത്രക്കാരായ ആരും ഇടപെട്ടിട്ടില്ല ഒന്നും കാണാത്തമട്ടിൽ സ്ത്രീകളടക്കം നടന്നു പോകുന്ന ദൃശ്യം കാണാമായിരുന്നു. എന്നാൽ സഹപാഠിയായ പെൺകുട്ടിയോടൊപ്പം കഴിഞ്ഞ ദിവസം ഐസ് ക്രീം കഴിച്ചതും കൂടെ നടന്നതുമാണ് മർദ്ദന കാരണമെന്നാണ് പൊലിസ് പറയുന്നത്.
സംഭവത്തിൽ സിപിഎം പ്രാദേശികനേതാക്കൾ ഇടപെട്ടു ഒത്തുതീർക്കാൻ ശ്രമിച്ചുവെങ്കിലും സോഷ്യൽ മീഡിയയിൽ മർദ്ദന ദൃശ്യങ്ങൾ വൈറലായതോടു കൂടിയാണ് നടപടിയെടുക്കേണ്ടി വന്നത്.