കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ നാലാം പ്രതി വിജിത്ത് വിജയൻ, കേസിൽ ഒളിവിൽ കഴിയുന്ന സി പി ഉസ്മാനും വൈത്തിരിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമൊത്ത് മാവോയിസ്റ്റ് ഓപ്പറേഷനുകൾക്ക് ഗുഢാലോചന നടത്തിയെന്ന് എൻഐഎ. ഒളിവിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ നൽകുന്നത് വിജിത്ത് ആണെന്നും എൻഐഎ ആരോപിക്കുന്നു. വിജിത്തിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് എൻഐഎ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ഈ മാസം 21നാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ വയനാട് സ്വദേശി വിജിത് വിജയനെ എൻഐഎ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. എൻജിനീയറിങ് ബിരുദധാരിയും കൽപ്പറ്റ പുഴമുടി സ്വദേശിയുമാണ് വിജിത് വിജയൻ. നാല് ദിവസത്തെ എൻഐഎ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് വിജിത്ത് വിജയനെ ഇന്ന് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് സംഘടനയിലെ സുപ്രധാന കണ്ണിയാണ് വിജിത്ത് എന്ന് എൻഐഎ പറയുന്നു. ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചിച്ചുണ്ട്.

സംഘടനയിലെ ഉന്നത നേതാക്കളുമായി വിജിത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ. കേസിൽ ഒളിവിൽ കഴിയുന്ന സി പി ഉസ്മാനും വൈത്തിരിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് മാവോയിസ്റ്റ് ഓപ്പറേഷനുകൾക്കായി ഗുഢാലോചന നടത്തി. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തു. ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകൾക്ക് വിജിത് ഭക്ഷണവും വസ്ത്രങ്ങളും മരുന്നും എത്തിച്ചിട്ടുണ്ടെന്നും എൻഐഎ പറയുന്നു.

മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമായ വിജിത്തിന് മാവോയിസ്റ്റ് സാഹിത്യങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്ന ചുമതലയുണ്ടെന്നും സംഘടനയിൽ വിജിത് അറിയപ്പെടുന്നത് പച്ച, ബാലു, മുസഫിർ, അജയ് എന്നീ പേരുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിജിതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണെന്നും എൻഐഎ അറിയിച്ചു. വിജിതിനെ അടുത്ത മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.