- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടമായത് അലൻ താഹ കേസിലേതടക്കം സുപ്രധാന വിവരങ്ങൾ; പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ ലാപ്പ്ടോപ്പ് കാണാതായതിൽ മോഷണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്; സൂചനകളൊന്നും നൽകാതെ സിസിടിവി ദൃശ്യവും
കോഴിക്കോട്: സ്വന്തം സ്റ്റേഷനിലെ ലാപ്ടോപ്പ് കാണാത്തതിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ്.സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ എഫ്.ഐ.ആറിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല.
അലൻ- താഹ കേസിലേതടക്കം പ്രധാന വിവരങ്ങൾ അടങ്ങുന്ന ലാപ്ടോപ്പാണ് കാണാതായതെന്നാണ് വിവരം. കുറ്റകൃത്യം തടയാനായി പൊലീസ് സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രൈം ആൻഡ് ക്രിമിനൽ ട്രാക്ക് സംവിധാനമുള്ള ലാപ്ടോപ്പാണ് കാണാതായത്.സിഐക്കാണ് അന്വേഷണ ചുമതല. ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. സ്റ്റേഷനിലെ സാധനങ്ങൾ മാറ്റിയപ്പോൾ കാണാതായതാകാം എന്ന നിഗമനത്തിലാണ് പൊലീസുകാർ.
പുറത്തുപോകാനുള്ള സാധ്യത ഇല്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പിച്ചുപറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ ഒന്നും ഇതുസംബന്ധിച്ച വിവരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.സ്റ്റേഷനിൽ എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് സ്റ്റാൻഡിങ് ഓർഡർ പ്രകാരമാണ് ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ മാസം 12 നാണ് സ്റ്റേഷനിലെ ലാപ്ടോപ്പ് കാണാതായത്. സ്റ്റേഷൻ കെട്ടിടത്തിലെ ചോർച്ച കാരണം സാധനങ്ങൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. തിരികെ സാധനങ്ങൾ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ലാപ്ടോപ്പ് മാത്രം നഷ്ടപ്പെടുകയായിരുന്നു. ഒരാഴ്ച അന്വേഷിച്ച് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഇക്കാര്യം സിറ്റി പൊലീസ് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ