- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ ദീപക്കിന്റേതെന്ന് കരുതി മൃതദേഹം സംസ്കരിച്ചു; ഡി എൻ എ പരിശോധനയിൽ സ്ഥിരീകരിച്ചത് മൃതദേഹം ഇർഷാദിന്റേതെന്ന്; മൃതദേഹ അവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി; ഇർഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; അന്വേഷണം തുടരുന്നു
കോഴിക്കോട്: പന്തിരിക്കരയിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോഴിക്കുന്നുമ്മൽ ഇർഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്‌കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
മേപ്പയൂർ കൂനം വള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപക്കിനെ ജൂൺ ആറിനാണ് കാണാതായത്. ജൂലൈ 17ന് തിക്കോടി കടപ്പുറത്ത് കണ്ട മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ ഈ മൃതദേഹം പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
ഇർഷാദിന്റേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കാലുകളിൽ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം റിപ്പോർട്ട് പൊലീസിന് കൈമാറി. മൃതദേഹത്തിൽ തലയിലും മുഖത്തും മുറിവുകളുണ്ടായിരുന്നെങ്കിലും ഇതേപ്പറ്റി റിപ്പോർട്ടിൽ വ്യക്തതയില്ല. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത തേടി അന്വേഷണ സംഘം ഫൊറൻസിക് സർജനെ നേരിട്ടു കാണും.
മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ജൂലൈ 16ന് രാത്രി പുറക്കാട്ടിരി പാലത്തിൽനിന്ന് ഇർഷാദ് താഴേക്കു ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവർ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂർ നന്തിയിലെ കോതിക്കൽ കടപ്പുറത്ത് കണ്ടത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇർഷാദിന്റേത് ആണെന്നും കണ്ടെത്തിയത്.
ഇർഷാദിന്റെ കൈവശം കൊടുത്തയച്ച സ്വർണം കൈമാറാതിരുന്നതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇർഷാദിന്റെത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോയവർ വീട്ടുകാർക്ക് അയച്ചുകൊടുത്ത ഫോട്ടോയിൽ ഇർഷാദിന്റെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു.
ജൂലൈ ആറിന് വൈത്തിരിയിലെ ഭാര്യ വീട്ടിലേക്ക് പുറപ്പെട്ട ഇർഷാദ് പിന്നീട് തിരികെ വന്നില്ലെന്നും ഇർഷാദിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വർണക്കടത്ത് സംഘം വിളിച്ചറിയിച്ചതായും കാട്ടി ഒരാഴ്ച മുമ്പായിരുന്നു മാതാപിതാക്കൾ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തി.
ഇർഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ജൂലൈ 15 ന് വൈകിട്ട് പുറക്കാട്ടിരി പാലത്തിൽ നിന്ന് ഇർഷാദ് ചാടി രക്ഷപ്പെട്ടെന്ന വിവരം കിട്ടിയത്. ജൂലൈ 17 ന് ഇതിന്റെ പരിസരപ്രദേശത്ത് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കാര്യവും പൊലീസ് പരിശോധിച്ചു.
അപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന ധാരണയിൽ ബന്ധുക്കൾ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്റെ ചില ബന്ധുക്കൾ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഡി എൻ എ പരിശോധനയ്ക്കായി സാംപിൾ പരിശോധിച്ചത് നേട്ടമായി. പരിശോധനയിൽ മൃതദേഹം ഇർഷാദിന്റെതെന്ന് തിരിച്ചറിഞ്ഞു. കേസിൽ മുഖ്യപ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസർ, സഹോദരൻ ഷംനാദ് എന്നിവരെ നാട്ടിലെത്തിക്കാൻ ഉടൻ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. പ്രതികളുടെ പാസ്‌പോർട്ട് വിവരങ്ങടക്കം അന്വേഷണസംഘം ശേഖരിച്ചു.
മറുനാടന് മലയാളി ബ്യൂറോ