തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തിൽ സുരേഷ് ഗോപി . ജോഷി ഒരുക്കുന്ന പാപ്പൻ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നത്. രണ്ട് ഗെറ്റപ്പുകളാണ് സുരേഷ് ഗോപിക്ക് ചിത്രത്തിലുള്ളത്. പൊലീസ് ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ചിത്രം അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മുമ്പ് പുറത്തുവിട്ട മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

2012ലെ കിങ് ആൻഡ് കമ്മീഷണർ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഇതിന് മുൻപ് പൊലീസ് വേഷത്തിലെത്തിയത്. സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്.'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തിൽ 'എബ്രഹാം മാത്യൂസ് പാപ്പൻ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം.നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.

ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആർ ജെ ഷാനിന്റേതാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.എഡിറ്റിങ് ശ്യാം ശശിധരൻ. സംഗീതം ജേക്‌സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്‌സ് സേവ്യർ.

വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്‌സ്, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കും.