കണ്ണൂർ: നൂറ്റ് അമ്പത് ദിവസം പിന്നിട്ടിട്ടും പാപ്പിനിശ്ശേരി തുരുത്തി നിവാസികളുടെ ദേശീയപാതാ വിരുദ്ധ സമരം ശക്തമായി തുടരുന്നു. ദേശീയ പാതക്കു വേണ്ടി ആദ്യമെടുത്ത രണ്ട് അലൈന്മെന്റുകളും വി.ഐ.പി കൾക്കുവേണ്ടി മാറ്റി മറിച്ച് പട്ടികജാതി കോളനിയിലൂടെ കൊണ്ടു പോകാനുള്ള വിഞ്ജാപനത്തിനെതിരെയാണ് സമരം തുടരുന്നത്. പരമാവധി നേരെ കൊണ്ടു പോകേണ്ട ദേശീയ പാതയിൽ അലൈന്മെന്റ് മാറ്റി നാല് വളവുകൾ വരുത്തിയാണ് തുരുത്തി കോളനി ഭൂമിയിലൂടെ കൊണ്ടു പോകാൻ ശ്രമിക്കുന്നത്. 500 മീറ്ററിനകം നാല് വളവുകൾ ഉൾപ്പെടുത്തിയാണ് ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ചില വ്യവസായ ശാലകളെ സംരക്ഷിക്കാൻ വേണ്ടി കോളനിയിലൂടെ അലൈന്മെന്റ് മാറ്റിയത്.

ഇതിൽ ഒരു വളവ് ഒഴിവാക്കിയാൽ തന്നെ കോളനിയെ ബാധിക്കാത്തവിധം ദേശീയപാത കൊണ്ടു പോകാൻ കഴിയും. ഈ വിഷയം ഉയർത്തിപ്പിടിച്ചാണ് സമരം ശക്തമാക്കുന്നത്. തുരുത്തി പട്ടികജാതി കോളനിയിലൂടെ റോഡ് കൊണ്ടു പോകുന്നത് കടുത്ത ജാതി വിവേചനമാണെന്ന് ആദിവാസി ഗോത്ര ജനസഭാ നേതാവ് എം. ഗീതാനന്ദൻ നേരത്തെ ആരോപിച്ചിരുന്നു. ജീവൻ കൊടുക്കേണ്ടി വന്നാലും സ്വന്തം കിടപ്പാടം വിട്ട് പോകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നും സമരക്കാർ നിലകൊള്ളുന്നത്. വളപട്ടണം പുഴയോരത്തെ അത്യപൂർവ്വമായ ഏക്കർ കണക്കിന് കണ്ടൽകാട് നശിപ്പിച്ചുകൊണ്ടാണ് പുതിയ ബൈപാസിന്റെ രൂപ രേഖ തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ദളിത് സംഘടനകളും പരിസ്ഥിതി സംഘടനകളും വരും ദിവസങ്ങളിൽ തുരുത്തി സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സമരരംഗത്തിറങ്ങി.

ബൈപാസിന് വേണ്ടി പാപ്പിനിശ്ശേരി തുരുത്തി പട്ടിക ജാതി കോളനിയിലെ 18 വീടുകളും പുതിയിൽ ഭഗവതി ക്ഷേത്രത്തിന്റെ ഒരു ഭാഗവും ഇല്ലാതാകും. ദേശീയ പാതാ അഥോറിറ്റി സർവ്വേ നടത്തി ത്രീ-ഡീ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടും സമരത്തിൽ നിന്നും പിന്മാറാൻ കോളനി നിവാസികൾ തയ്യാറായിട്ടില്ല. കേന്ദ്ര മന്ത്രിമാരേയും ദേശീയ പാതാ അഥോറിറ്റി ഉദ്യോഗസ്ഥരേയും ഡൽഹിയിൽ വെച്ച് സമര സമിതി നേതാക്കൾ നേരിട്ട് കണ്ട് അശാസ്ത്രീയമായ അലൈന്മെന്റ് മാറ്റുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. കോളനി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നിയമപരമായും ജനകീയമായും സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്.

അലൈന്മെന്റിൽ മാറ്റം വരുത്തുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ച് തുരുത്തിയിൽ റോഡിന് സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമ വിഞ്ജാപനം പുറപ്പെടുവിച്ചിരിക്കയാണ്. എങ്കിലും തങ്ങൾക്ക് അലൈന്മെന്റിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് സമരക്കാർ പറയുന്നു. അവസാന ഘട്ടത്തിലെങ്കിലും മാറ്റമുണ്ടാകുമെന്നാണ് അവർ കരുതുന്നത്. മാത്രമല്ല ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണ് പുതിയ അലൈന്മെന്റിൽ ദേശീയ പാതക്കായി കണ്ടെത്തിയിട്ടുള്ളത്.

ഈ അലൈന്മെന്റിൽ നിന്നും 200 മീറ്റർ മാറി നിലവിൽ പഞ്ചായത്ത് റോഡുണ്ട്. അതിനോട് ചേർന്ന് ബൈപാസ് നിർമ്മിച്ചാൽ പട്ടികജാതി കോളനി ഒഴിവാക്കാൻ കഴിയും. സമരക്കാർ പറയുന്നു. ഏതായാലും തുടർ സമരം കൂടുതൽ ശക്തമാക്കാനാണ് തുരുത്തി നിവാസികൾ ഉദ്ദേശിക്കുന്നത്.