കണ്ണൂർ: പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയിൽ കുടുംബാധിപത്യം സ്ഥാപിക്കാൻ നീക്കമെന്ന് ആക്ഷേപം. മുൻ.എം. പി. പാട്യം രാജനെ പ്രസിഡണ്ടു സ്ഥാനത്തു നിന്ന് നീക്കി എം. വി രാഘവൻ മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി.സി.എച്ച് വിജയനെ പ്രസിഡണ്ടാക്കിയതോടെയാണ് ഈ ആരോപണം ശക്തമായത്. ഫലത്തിൽ എം വിനികേഷ് കുമാർ സ്ഥാപനത്തിന്റെ തലപ്പത്ത് എത്താനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. സഹോദരീ ഭർത്താവ് പ്രൊഫ. ഇ. കുഞ്ഞിരാമൻ സ്ഥലത്തില്ലാത്ത സമയത്താണ് സുപ്രധാന യോഗം വിളിച്ച് പുതിയ പ്രസിഡണ്ടിനെ നിയോഗിച്ചതാണ് നടപടിയെ വിവാദത്തിലാക്കിയത്.

എം വിരാഘവൻ സ്ഥാപിച്ച പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ കീഴിൽ സംസ്ഥാനത്തെ സുപ്രധാനമായ അഞ്ച് സ്ഥാപനങ്ങളുണ്ട്. പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്ക്, ആയുർവേദ മെഡിക്കൽ കോളേജ്, ആയുർവേദ ആശുപത്രി, തുടങ്ങിയ കോടിക്കണക്കിന് രൂപ ആസ്തി വരുന്ന സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് വിഷചികിത്സാ സൊസൈറ്റിയാണ്.

ഭരണകാര്യത്തിൽ ഡമ്മിയാക്കി നിലനിർത്തിക്കൊണ്ടു പോവുന്നതിനാൽ പ്രസിഡണ്ടായിരുന്ന പാട്യം രാജന് അതൃപ്തി ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹം സ്വയം ഒഴിഞ്ഞതായും പറയുന്നു. എം വിനികേഷ് കുമാറും സഹോദരൻ എം വി രാജേഷും ചേർന്ന് നടത്തിയ ഒരു കളിയാണ് പാട്യം രാജൻ ഒഴിവാകാൻ കാരണമായെന്നാണ് ആക്ഷേപം.

പരിയാരം ആയുർവേദ മെഡിക്കൽ കോളേജിന്റെ ഡയറക്ടർ കറസ്പോണ്ടന്റായ ഇ. കുഞ്ഞിരാമൻ സ്ഥലത്തില്ലാത്ത സമയം നോക്കി കഴിഞ്ഞ മാസം 21 ാം തീയ്യതിയാണ് ബോർഡ് യോഗം വിളിച്ചു ചേർച്ചത്. ഈ യോഗത്തിൽ നികേഷും രാജേഷും പങ്കടുത്തിരുന്നു. എന്നാൽ ഇതുവരെ എല്ലാറ്റിനും കൂടെ നിന്ന സഹോദരീ ഭർത്താവ് ഇ.കുഞ്ഞിരാമൻ പറശ്ശിനിക്കടവ് ആയുർവേദ കോളേജുമായി ഗുജറാത്തിലെ രാം നഗർ സർവ്വകലാശാലയുമായി ഗവേഷണത്തിനുള്ള ധാരണാ പത്രം ഒപ്പിടാൻ പോയ വേളയിലാണ് സുപ്രധാന യോഗം വിളിച്ചു ചേർത്തത്.

മൂന്ന് പേരെ പുതിയ ഡയറക്ടർമാരായി യോഗം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എം വി രാഘവൻ ജീവിച്ചിരിക്കെ മൂത്തമകൻ എം. വി.ഗിരീഷ് കുമാറിനെയാണ് പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നത്. എം വി ആറിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ അക്കാലത്ത് സജീവമായി ഇടപെട്ടിരുന്നതും ഗിരീഷ് കുമാറായിരുന്നു. എന്നാൽ സി.എം. പി. രണ്ടു ചേരിയായി പിരിഞ്ഞതോടെ എം വി ആറിന്റെ കുടുംബത്തിൽ ഗിരീഷ് കുമാർ ഒഴിച്ചുള്ളവർ അരവിന്ദാക്ഷൻ വിഭാഗത്തിൽ നിലകൊണ്ടു. അതോടെ ഗിരീഷ് കുമാറിന്റെ വിഷ ചികിത്സാ സൊസൈറ്റി പ്രസിഡണ്ടു സ്ഥാനം കോടതിയിലെത്തി. തളിപ്പറമ്പ് മുൻസിഫ് കോടതി നിലവിലുള്ള അവസ്ഥ തുടരണമെന്ന് ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അനുവദിച്ചെങ്കിലും മറ്റുള്ളവർ അത് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു. നികേഷ് കുമാർ നേതൃത്വം നൽകുന്ന വിഭാഗം കോടതിയിൽ പോവുന്നതിനോടൊപ്പം സിപിഐ.(എം). പിൻതുണ നേടുകയും ചെയ്തു.

അതേസമയം പുതുതായി മൂന്ന് പേരെ ഡയറക്ടർമാരായി നിയമിച്ചതിലും പുതിയ പ്രസിഡന്റ് ചുമതലയേറ്റതിലും തൈറ്റില്ലെന്ന് നികേഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സിഎംപിയുടെ സംസ്ഥാന പ്രസിഡന്റാണ് ടിസിഎച്ച് വിജയൻ. അതുകൊണ്ടാണ് അദ്ദേഹം സൊസൈറ്റിയുടെ തലപ്പത്ത് എത്തിയത്. കുടുംബം ഏറ്റെടുക്കലല്ല, മറിച്ച് പാർട്ടിയുടെ കൈകളിലേക്കാണ് ഇപ്പോൾ അധികാരം ലഭിച്ചിരിക്കുന്നത് ഉണ്ടായിരിക്കുന്നതെന്നും നികേഷ് കുമാർ പറഞ്ഞു.

നികേഷിന് അനുകൂലമായി രമേഷ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പൊലീസ് നിലപാടെടുക്കുകയും ചെയ്തു. ഇപ്പോൾ കേസ് തുടരുകയാണ്. കേസ് കണ്ണൂർ കോടതിയിലേക്ക് മാറ്റാൻ അപേക്ഷിച്ചിട്ടുണ്ട്. നിലവിലുള്ള അംഗങ്ങളെ വച്ച് തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഹൈക്കോടതിയിലും ഹരജി നൽകിയിട്ടുണ്ട്.