- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഡൽഹിയിൽ പിടിയിലായ റിയയെയും റീബയെയും ഉച്ച കഴിഞ്ഞ് നെടുമ്പാശേരിയിൽ എത്തിക്കും; ഇതുവരെ ലഭിച്ചത് 15 കോടിയുടെ നിക്ഷേപത്തട്ടിപ്പിനുള്ള പരാതികൾ മാത്രം; അന്യ സംസ്ഥാനങ്ങളിൽ നിന്നും വിളിയെത്തുന്നു; അന്വേഷണം ശക്തമായി മുമ്പോട്ട്
കോന്നി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യം വിടാനുള്ള ശ്രമത്തിനിടെ ഡൽഹിയിൽ പിടിയിലായ പോപ്പുലർ ഫിനാൻസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവരെ ഉച്ചയ്ക്ക് ശേഷം നെടുമ്പാശേരിയിൽ എത്തിക്കും.
അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി പൊലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷ്, പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഇൻസ്പെക്ടർ ലീലാമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇവരുമായി രാവിലെ 11 ന് ഡൽഹിയിൽ നിന്ന് വിമാനം കയറും. പ്രതികളും അന്വേഷണത്തിന് പോയ ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ കഴിയേണ്ടി വരും.
ഓസ്ട്രേലിയയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോകുന്നതിനാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയലിന്റെ മക്കളായ റിയയും റീബയും ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡൽഹീ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.
അതേസമയം, ഇതുവരെ 15 കോടിയുടെ തട്ടിപ്പ് പരാതികളാണ് പൊലീസിൽ ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഇരുന്നൂറിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം കോന്നി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പിനെതിരേ ഇന്ന് നിക്ഷേപകർ വകയാറിലെ ആസ്ഥാനമന്ദിരത്തിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തും.
പ്രത്യേക അന്വേഷണ സംഘം ഇന്നലെ വകയാറിലെ ആസ്ഥാന ഓഫീസിൽ പരിശോധന നടത്തി. അടൂർ ഡിവൈ.എസ്‌പി ആർ ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് പ്രധാന സെർവറുകളും കമ്പ്യൂട്ടറുകളും അനുബന്ധ രേഖകളും പിടിച്ചെടുത്തു. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന വൈകിട്ട് നാലിനാണ് അവസാനിച്ചത്.
ഐടി സെല്ലിലെ ഉദ്യോഗസ്ഥരും കൂടൽ ഇൻസ്പെക്ടർ ടി. ബിജുവും സ്ഥലത്തുണ്ടായിരുന്നു. കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ടെന്നും അവയെല്ലാം പരിശോധിക്കുമെന്നും എസ്‌പി കെജി സൈമൺ അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്