- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎസ് ഡബ്ല്യൂ ചെയ്ത ബഹ്ജ ആഗ്രഹിച്ചത് നിക്കാഹിൽ നേരിട്ട് പങ്കെടുക്കാൻ; ബിടെക്കുകാരനായ കാസിമും അതിനോട് യോജിച്ചു; അങ്ങനെ പള്ളിക്കുള്ളിൽ വധുവെത്തി; സോഷ്യൽ മീഡിയ കൈയടിച്ചപ്പോൾ മത പണ്ഡിതകർക്ക് അംഗീകരിക്കാനായില്ല; പരസ്യമായി മാപ്പു പറഞ്ഞ് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി; നിക്കാഹിൽ വിവാദം
കോഴിക്കോട്: ആ അത്യപൂർവ്വ മാതൃകയിൽ ഒടുവിൽ മാപ്പും. വിവാഹത്തിന് വധുവിനെ പള്ളിയിൽ പ്രവേശിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന പ്രസ്താവനയുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തുമ്പോൾ ചർച്ചയാകുന്നത് ഏവരും കൈയടിച്ച മാതൃകയാണ്. കോഴിക്കോട് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് വിവാദ വിഷയത്തിൽ പ്രസ്താവനയിറക്കിയത്.
ജൂലായ് 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമ്മത്തിന് വധുവിന് പ്രവേശനം നൽകിയത് വിവാദമായതോടെയാണ് മഹല്ല് കമ്മിറ്റിയുടെ പ്രതികരണം.നിക്കാഹിന്റെ തൊട്ടുമുമ്പാണ് മഹല്ല് ജനറൽ സെക്രട്ടറിയോട് കുടുംബം അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അതു പ്രകാരം നിക്കാഹ് നടന്നു. ഇത് വാർത്തയായി. സോഷ്യൽ മീഡിയയിൽ പുതുയുഗ പിറവിയായി. ഇതോടെയാണ് തിരുത്തുമായി മഹൽ കമ്മറ്റി എത്തുന്നത്.
അത് വലിയ വീഴ്ചയാണ്. മഹല്ല് കമ്മിറ്റിയിൽ നിന്നോ അംഗങ്ങളിൽ നിന്നോ പണ്ഡിതരിൽ നിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണെന്നും കമ്മിറ്റി പറഞ്ഞു. ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് വധുവിന്റെ കുടുംബം വീഴ്ച വരുത്തിയതെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും.
ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് പള്ളിയിൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചതെന്ന് മഹല്ല് സെക്രട്ടറി കുറ്റസമ്മതം നടത്തിയതായും വിശദീകരണത്തിൽ പറയുന്നു. പള്ളിയിൽ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കാൻ മഹല്ല് കമ്മറ്റി തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായതിൽ മഹല്ല് കമ്മിറ്റി ഖേദവും പ്രകടിപ്പിച്ചു. പതിവിൽനിന്ന് വ്യത്യസ്തമായൊരു ചടങ്ങിനാണ് പേരാമ്പ്ര പാലേരി പാറക്കടവ് ജുമാമസ്ജിദ് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. നിക്കാഹ് നടക്കുന്ന മസ്ജിദിൽ വധു എത്തുകയും വരനിൽനിന്ന് നേരിട്ട് മഹർ സ്വീകരിക്കുകയും ചെയ്തു. ഇതാണ് ശരിയായിരുന്നില്ലെന്ന് മഹല്ല് കമ്മറ്റി പറയുന്നത്.
പാറക്കടവിലെ കെ.എസ്. ഉമ്മറിന്റെ മകൾ ബഹ്ജ ദലീലയും വടക്കുമ്പാട് ചെറുവക്കര സി.എച്ച്. കാസിമിന്റെ മകൻ ഫഹദ് കാസിമും തമ്മിലുള്ള നിക്കാഹാണ് പള്ളിയിൽ നടന്നത്. ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജയ്ക്ക് പള്ളിക്കുള്ളിൽതന്നെ ചടങ്ങ് നടക്കുന്നതിന് തൊട്ടടുത്ത് ഇരിപ്പിടം നൽകി. നിക്കാഹിൽ നേരിട്ട് പങ്കെടുക്കണമെന്നത് നേരത്തെയുള്ള ആഗ്രഹമാണെന്ന് ബഹ്ജ പറഞ്ഞു. സ്വന്തം വീട്ടുകാരെ അറിയിച്ചപ്പോൾ അവർക്കും പൂർണസമ്മതം. വരനും വീട്ടുകാരുമെല്ലാം അതിനൊപ്പം നിന്നു. ഇക്കാര്യം പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചപ്പോൾ അവരിൽനിന്നും അനുകൂല മറുപടി ലഭിച്ചു. അതോടെയാണ് വ്യത്യസ്തമായ നിമിഷത്തിന് മസ്ജിദ് സാക്ഷ്യം വഹിച്ചതെന്നായിരുന്നു റിപ്പോർട്ട്. ബന്ധുക്കളുടെയും ചടങ്ങിനെത്തിയവരുടെയും ഏക മനസ്സോടെയുള്ള പിന്തുണ ഇതിന് ലഭിച്ചെന്ന് ബഹ്ജയുടെ വീട്ടുകാരും വ്യക്തമാക്കിയിരുന്നു.
മതപണ്ഡിതരോട് അഭിപ്രായം ചോദിച്ചശേഷം വധുവിന് നിക്കാഹിന് സാക്ഷ്യംവഹിക്കാൻ അനുവാദം നൽകിയെന്ന് മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് പറയുകയും ചെയ്തു. ഖതീബ് ഫൈസൽ പൈങ്ങോട്ടായിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ബഹ്ജ ദലീല എം.എസ്.ഡബ്ല്യു. കഴിഞ്ഞ് സ്വകാര്യാശുപത്രിയിൽ ജോലി ചെയ്യുന്നു. ബി.ടെക്. സിവിൽ എൻജിനിയറിങ് കഴിഞ്ഞ് സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രവർത്തിക്കുകയാണ് ഫഹദ് കാസിം. സാധാരണ നിക്കാഹ് ചടങ്ങിൽ വധു സാക്ഷ്യം വഹിക്കാറില്ല. കഴിഞ്ഞയാഴ്ച ഇതേ മഹല്ലിൽ ഓഡിറ്റോറിയത്തിൽ നടന്ന മറ്റൊരു നിക്കാഹ് ചടങ്ങിലും വധുവും മാതാവും വേദിയിലുണ്ടായിരുന്നു. ഇതിനാണ് അനുമതി നൽകിയതെന്നാണ് ഇപ്പോൾ മഹല്ല് കമ്മറ്റി പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ