- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുതായി തുടങ്ങുന്ന രണ്ട് സ്ഥാപനങ്ങൾക്ക് ഇന്റീരിയർ ജോലിക്ക് മാത്രം ഇതു വരെ എഴുതിയെടുത്തത് 1.58 കോടി രൂപ; പിന്നെങ്ങനെ സഹകരണ സ്ഥാപനങ്ങൾ കുത്തുപാളയെടുക്കാതിരിക്കും; നഷ്ടത്തിലോടുന്ന പറക്കോട് സർവീസ് സഹകരണ ബാങ്കിലെ ധൂർത്തിനെതിരേ സിപിഎം സംസ്ഥാന കമ്മറ്റിക്ക് പരാതി
അടൂർ: കടലാസിൽ മാത്രം ലാഭത്തിലും യഥാർഥത്തിൽ നഷ്ടത്തിലും പ്രവർത്തിക്കുന്ന പറക്കോട് സർവീസ് സഹകരണ ബാങ്കിലെ എൽഡിഎഫ് ഭരണ സമിതിയുടെ ധൂർത്തിനെതിരേ സിപിഎം സംസ്ഥാന കമ്മറ്റിക്ക് പരാതി. ബാങ്ക് പുതുതായി തുടങ്ങാൻ പോകുന്ന ഹോട്ടലിനും സൂപ്പർമാർക്കറ്റിനും ഇന്റീരിയർ ജോലികൾക്കായി 1.58 കോടി രൂപ എഴുതിയെടുത്തതിന് എതിരേയാണ് പരാതി. സിപിഎം ജില്ലാ സെക്രട്ടറിയെ കാഴ്ചക്കാരനാക്കി ഏരിയാ നേതാവിന്റെ നേതൃത്വത്തിൽ ധൂർത്തിന് ഒത്താശ ചെയ്യുകയും ചെയ്യുന്നു.
അടൂർ നഗരത്തിൽ ബൈപ്പാസിനോട് ചേർന്നുള്ള ബിവറേജസ് മദ്യവിൽപന ശാലയ്ക്ക് സമീപമാണ് പുതിയ ഹോട്ടൽ തുടങ്ങുന്നത്. ഇതിന് ഇന്റീരിയർ ഡിസൈനിങ്ങിനായി 65 ലക്ഷം രൂപയാണ് ഇതു വരെ എഴുതിയെടുത്തിരിക്കുന്നത്. നഗരമധ്യത്തിൽ തന്നെ തുടങ്ങാൻ പോകുന്ന ഹോം മാർട്ടിന് 93 ലക്ഷം രൂപയും ഇന്റീരിയർ ജോലികൾക്കായി ബാങ്കിൽ നിന്ന് എടുത്തു കഴിഞ്ഞു. നാലു കോടിയോളം മുടക്കി ഇപ്പോൾ ഈ രണ്ടു സ്ഥാപനങ്ങളും തുടങ്ങുന്നത് ബാങ്കിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാ പരമാണെന്ന് സഹകാരികളും സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇതേ വിഷയം പരാമർശിച്ചാണ് സംസ്ഥാന കമ്മറ്റിക്ക് സിപിഎമ്മിലെ ഒരു വിഭാഗം പരാതി അയച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയുടെ ഒത്താശയോടെയാണ് ഇപ്പോൾ രണ്ടു സ്ഥാപനങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. സാങ്കേതികമായി ലാഭത്തിലാണ് പറക്കോട് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത്. പക്ഷേ, യഥാർഥത്തിൽ നഷ്ടത്തിലുമാണ്. നാലു കോടിയോളം രൂപ ചെലവഴിച്ച് ഇപ്പോൾ രണ്ടു സ്ഥാപനങ്ങൾ തുടങ്ങാനുള്ള സാമ്പത്തിക സ്ഥിതി ബാങ്കിനില്ല. അഥവാ തുടങ്ങണമെങ്കിൽ തന്നെ കെട്ടിടം മോടി പിടിപ്പിക്കാൻ രണ്ടു കോടി എന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല. ടെണ്ടർ ക്ഷണിക്കാതെ ഭരണ സമിതിയിൽ ചിലർക്ക് വേണ്ടപ്പെട്ടവർക്ക് ഇന്റീരിയർ ഡിസൈനിങ് നൽകുകയായിരുന്നുവെന്ന് പറയുന്നു. ഈയിനത്തിൽ വൻ തുക ഏരിയാ നേതാവ് അടക്കമുള്ളവർ പോക്കറ്റിലാക്കിയെന്ന് സംസ്ഥാന കമ്മറ്റിക്ക് പോയ പരാതിയിൽ ഉണ്ടെന്നാണ് സൂചന.
കേരളാ കോൺഗ്രസ്(ജേക്കബ്) പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന അഡ്വ. ജോസ് കളീക്കൽ ആണ് ബാങ്കിന്റെ പ്രസിഡന്റ്. മുൻപ് ഇദ്ദേഹം ബാങ്ക് പ്രസിഡന്റായിരിക്കുമ്പോൾ അവധിയെടുക്കാതെ ഗൾഫിലേക്ക് പോയിരുന്നു. അന്ന് ബാങ്ക് പ്രവർത്തനം അവതാളത്തിലാവുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ നാലു കോടിയോളം മുടക്കി ആരംഭിക്കുന്ന രണ്ടു സ്ഥാപനങ്ങളും ബാങ്കിന് താങ്ങാൻ കഴിയാത്തതാണ്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിനെ മുന്നിൽ നിർത്തിയാണ് ഏരിയാ നേതാവ് അടക്കം തന്ത്രം മെനയുന്നത്. ബാങ്കിന്റെ ആസ്തിയും ലാഭ നഷ്ടവും സംബന്ധിച്ച് ജില്ലാ സെക്രട്ടറിക്ക് വലിയ വിവരമില്ല. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്രയും വലിയ പദ്ധതിക്ക് അനുമതി വാങ്ങിയിരിക്കുന്നത് എന്നാണ് സംസ്ഥാന കമ്മറ്റിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ