- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് ഒരു വെള്ളിയും വെങ്കലവും; ഹൈജമ്പിൽ പ്രവീൺ കുമാർ റെക്കോർഡോടെ വെള്ളിയും ഷൂട്ടിങ്ങിൽ അവനി വെങ്കലവും നേടി; പാരാലിമ്പിക്സിൽ ഇന്ത്യൻ മെഡൽ നേട്ടം പന്ത്രണ്ടായി
ടോക്യോ: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം പാരാലിമ്പിക്സിൽ ഇന്ത്യൻ ക്യാമ്പിന് വീണ്ടും മെഡൽത്തിളക്കം. ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ രണ്ട് മെഡലുകളാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്.വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്.എച്ച് വൺ വിഭാഗത്തിൽ ഇന്ത്യയുടെ അവനി ലേഖറ വെങ്കലമെഡൽ സ്വന്തമാക്കി.പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ പ്രവീൺ കുമാർ റെക്കോർഡോടെ വെള്ളിമെഡലും നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 12 ആയി.
ടോക്യോ പാരാലിമ്പിക്സിൽ അവനിയുടെ രണ്ടാം മെഡലാണിത്. നേരത്തേ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അവനി സ്വർണം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം എന്ന റെക്കോഡ് അവനി സ്വന്തമാക്കി. വെറും 19 വയസ്സ് മാത്രം പ്രായമുള്ള അവനി 445.9 പോയന്റ് നേടിക്കൊണ്ടാണ് വെങ്കലമെഡൽ കഴുത്തിലണിഞ്ഞത്. യോഗ്യതാ റൗണ്ടിൽ നിന്നും രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് അവനി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ ഇനത്തിൽ ചൈനയുടെ സി.പി.ഷാങ് സ്വർണവും ജർമനിയുടെ ഹിൽട്രോപ്പ് വെള്ളിയും സ്വന്തമാക്കി.
ഏഷ്യൻ റെക്കോർഡോടെയാണ് പ്രവീൺ കുമാർ വെള്ളി നേടിയത്.2.07 മീറ്റർ ചാടിയാണ് പ്രവീൺ വെള്ളിമെഡൽ സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ഏഷ്യൻ റെക്കോഡും താരം സ്വന്തമാക്കി. ആദ്യ ശ്രമത്തിൽ 1.83 മീറ്റർ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തിൽ അത് 1.97 മീറ്ററാക്കി ഉയർത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്ന് പ്രവീൺ ഇന്ത്യയുടെ അഭിമാനമായി മാറി. ഈ ഇനത്തിൽ ബ്രിട്ടന്റെ ജൊനാതൻ ബ്രൂം എഡ്വാർഡ്സ് സ്വർണം നേടി. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം.
നിലവിൽ 36-ാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.ഇന്ത്യയുടെ പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
സ്പോർട്സ് ഡെസ്ക്