- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: ഇന്റർ നാഷണൽ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റി; റെയ്ഡിൽ പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ; അന്വേഷണം, സ്വർണക്കടത്തിലേക്കും ഭീകരപ്രവർത്തനത്തിലേക്കും; പ്രത്യേകസംഘം അന്വേഷിക്കും
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് റെയ്ഡുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അന്താരാഷ്ട്ര ഫോൺ കോളുകളെ മാറ്റിമറിച്ച് ഭീകര പ്രവർത്തനത്തിന് വരെ ഉപയോഗിക്കാവുന്ന നിരവധി ഉപകരണങ്ങളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. 713 സിം കാർഡുകളും നിരവധി കോൾ റൂട്ടിങ് ഡിവൈസുകളും ഇൻവേർട്ടർ ബോക്സുകളും കണ്ടെത്തിയതായി കോഴിക്കോട് ഡിസിപി സ്വപ്നത് എം മഹാജൻ ഐ.പി.എസ് പറഞ്ഞു.
ഇന്റർ നാഷണൽ കോളുകൾ നിയമപരമായ നെറ്റ്വർക്കിലൂടെ അല്ലാതെ സമാന്തര നെറ്റ്വർക്ക് ഉപയോഗിച്ച് ലോക്കൽ കോളുകളാക്കി മാറ്റി വിവിധ സർവീസ് പ്രൊവൈഡർമാർക്ക് കാരിയേജ് ചാർജ്ജ് ഇനത്തിൽ നൽകേണ്ട തുക നൽകാതെയും സർക്കാറിന് അന്യായമായ നഷ്ടമുണ്ടാക്കിയും പ്രവർത്തിച്ച സ്ഥാപനങ്ങളാണ് കണ്ടെത്തിയത്.
ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. ഉപകരണങ്ങൾ അന്താരാഷ്ട്ര ഫോൺകോളുകളെ മാറ്റി മറിക്കാനാണെന്നും പിന്നിലുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്വർണക്കടത്തോ ഭീകരപ്രവർത്തനമോ ആയി ഇതിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കോഴിക്കോട്ടെ ആറിടത്താണ് കഴിഞ്ഞ പരിശോധന നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ആറ് കേസ് രജിസ്റ്റർ ചെയ്യുകയും ഒരാൾ അറസ്റ്റിലാവുകയും രണ്ട് പേർ ഒളിവിൽ പോവുകയും ചെയ്തു. കൊളത്തറ സ്വദേശി ജുറൈസ്(26)നെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ഒളിവിൽ പോയ ഷബീർ, പ്രസാദ് എന്നിവരാണ് ഇതിന്റെ ബുദ്ധി കേന്ദ്രമെന്ന് ഡിസിപി അറിയിച്ചു.
കസഭ അംശം സഭ സ്കൂളിന് സമീപമുള്ള കെ.എം.എ ബിൽഡിങ്ങിന്റെ മൂന്നാം നിലയിലുള്ള മുറി, കോട്ടപറമ്പ് എ.യു.സി ബിൽഡിങ്ങിന്റെ എട്ടാം നമ്പർ മുറി, മൂര്യാട് ഉള്ള മുഹമ്മദ് ഹാജി ബിൽഡിങ്ങിലെ ഒന്നാം നിലയിലെ മുറി, കരിയാംകുന്ന് ശ്രീനിവാസ് ലോഡ്ജിന് വടക്കുവശമുള്ള കെട്ടിടത്തിലെ ഒന്നാം നിറയിലെ മുറി, ചെറിയ മാങ്കാവ് കോവിലകം റോഡിലെ വടക്കുവശം സ്ഥിതി ചെയ്യുന്ന വി.ആർ.എസ് കോംപ്ലക്സ് കെട്ടിടത്തിലെ തെക്കുപടിഞ്ഞാറുള്ള മുറി, മെഡിക്കൽ കോളേജ് പരിധിയിലെ മറ്റൊരു കെട്ടിടം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്.
കോഴിക്കോട് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന നടന്നത്. ഐബിയുടെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ കുഴൽപ്പണ ഇടപാടും തീവ്രവാദ ബന്ധങ്ങളടക്കമുള്ള സാധ്യതകളും പരിശോധിച്ച് വരികയാണ്. കെട്ടിടങ്ങളിൽ ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും. ഏഴ് മാസങ്ങൾക്ക് മുമ്പാണ് കെട്ടിട ഉടമയെ തെറ്റിദ്ധരിപ്പിച്ച് ജുറൈസ് വെള്ളിമാട് കുന്നിൽ കടമുറി വാടകക്കെടുത്തത്. കേബിൾനെറ്റ് വർക്കാനെന്ന പേരിലായിരുന്നു കടയെടുത്തത്. കടയിൽ ആഴ്ചയിലൊരിക്കൽ മാത്രമെ വരാറുള്ളൂവെന്നും കെട്ടിട ഉടമകൾ പറയുന്നുണ്ട്. അധികം ബഹളം ഇല്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മുറികൾ വാടകക്കെടുത്തത്. ഇയാളുടെ പ്രവർത്തനത്തെ കുറിച്ച് തൊട്ടടുത്ത കടയുടമകൾക്ക് പോലും വ്യക്തമായ വിവരമില്ല. കടയിൽ സ്ഥിരം വരാറില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ടെലികോം വിഭാഗമറിയാതെ വിദേശത്തുനിന്നുൾപ്പെടെ നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോൺ കോളുകൾ ലഭ്യമാവുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കോഴിക്കോട്ട് കണ്ടെത്തിയത്. ഇന്റലിജൻസ് ബ്യൂറോയുടെ (ഐ.ബി) പരിശോധനയിൽ കസബ പൊലീസ് പരിധിയിലെ ചിന്താവളപ്പിലെ യശോദ ബിൽഡിങ്ങിലാണ് ആദ്യ കേന്ദ്രം കണ്ടെത്തിയത്.
അടുത്തിടെ ബംഗളൂരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവർത്തനമടക്കം സംശയിക്കപ്പെട്ട ഈ കേസിൽ പിടിയിലായവരിൽ ചിലർക്ക് മലയാളികളുമായി ബന്ധമുള്ളതായും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കോഴിക്കോട്ടും സമാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ