- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരാലിമ്പിക്സിൽ സമാപന ദിവസവും ഇന്ത്യക്ക് സ്വർണ്ണത്തിളക്കം; സ്വർണ്ണനേട്ടം ബാഡ്മിറ്റണിൽ കൃഷ്ണ നാഗറിലുടെ; ഇന്ത്യയുടെ സ്വർണ്ണനേട്ടം അഞ്ചായി; 19 മെഡലുകളുമായി ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ ; സമാപനചടങ്ങിൽ അവനി ലേഖറ ഇന്ത്യൻ പതാകയേന്തും
ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. ബാഡ്മിന്റൺ എസ് എച്ച് 6 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ നാഗർ സ്വർണം നേടി. ഫൈനലിൽ ഹോങ് കോങ്ങിന്റെ ചു മാൻ കൈയെയാണ് താരം കീഴടക്കിയത്.
മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് കൃഷ്ണ വിജയം സ്വന്തമാക്കിയത്. സ്‌കോർ: 21-17, 16-21, 21-17. ഈയിനത്തിലെ ലോക രണ്ടാം നമ്പർ താരമായ കൃഷ്ണ ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ അനാവശ്യ പിഴവുകൾ വരുത്തിയതോടെ ഹോങ് കോങ് താരം ഒപ്പമെത്തി. എന്നാൽ മൂന്നാം ഗെയിമിൽ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ താരം 21-17 എന്ന സ്‌കോറിന് ഗെയിമും മത്സരവും സ്വന്തമാക്കി. കൃഷ്ണയുടെ കരിയറിലെ ആദ്യ പാരാലിമ്പിക്സ് മെഡലാണിത്.
ടോക്യോ പാരാലിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. നേരത്തേ പ്രമോദ് ഭഗത്തും സ്വർണം നേടിയിരുന്നു. ഇന്ന് ഇന്ത്യനേടുന്ന രണ്ടാം മെഡലാണിത്. നേരത്തെ പുരുഷന്മാരുടെ ബാഡ്മിന്റൺ എസ്.എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി മെഡൽ നേടിയിരുന്നു.
ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനോട് തോൽവി വഴങ്ങിയാണ് താരം വെള്ളി മെഡൽ നേടിയത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് യതിരാജ് കീഴടങ്ങിയത്. സ്‌കോർ: 15-21, 21-17, 21-15.ലോക ഒന്നാം നമ്പർ താരമായ മസൂറിനെതിരേ മികച്ച പ്രകടനം പുറത്തെടുക്കാൻ യതിരാജിന് സാധിച്ചു. ആദ്യ ഗെയിം 21-15 എന്ന സ്‌കോറിന് താരം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ആ മികവ് പിന്നീടുള്ള സെറ്റുകളിൽ തുടരാൻ താരത്തിന് കഴിഞ്ഞില്ല.
ഈ മെഡൽ നേട്ടത്തോടെ ഇന്ത്യ പോയന്റ് പട്ടികയിൽ 24-ാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ ഷൂട്ടിങ് താരം അവനി ലേഖറ ഇന്ത്യയുടെ പതാകയേന്തും. ഇന്ത്യൻ ടീമിലെ 11 പേർ സമാപന ചടങ്ങിൽ പങ്കെടുക്കും.
ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരു സ്വർണവും ഒരു വെങ്കലവും സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച താരമാണ് അവനി. 10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ സ്വർണവും 50 മീറ്റർ റൈഫിൾ ത്രീ മത്സരത്തിൽ വെങ്കലവും താരം നേടി. ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യൻ കായികതാരങ്ങൾ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പാരാലിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്യോയിൽ നടന്നത്. ഷൂട്ടിങ്ങിലും ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾ കൂടുതൽ മെഡലുകൾ സ്വന്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ