ലഖ്നൗ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച ജഗദ്‌ഗുരു പരമഹംസ് ആചാര്യ മഹാരാജ് 'ജലസമാധി'ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ.

ഹിന്ദുരാഷ്ട്ര പ്രഖ്യാപനം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് നടത്തണമെന്നാണ് ആചാര്യ മഹാരാജ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സരയൂ നദിയിൽ 'ജലസമാധി'യടയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അയോധ്യയിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ വിവാദ പ്രഖ്യാപനം നടത്തിയത്. ഗാന്ധിജയന്തി ദിനത്തിൽ തന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. ഈ ആവശ്യം കേന്ദ്രസർക്കാർ ആംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ സരയു നദിയിൽ ജലസമാധിയടയും. രാജ്യത്തെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ജലസമാധിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതിനേ തുടർന്ന് ഇദ്ദേഹത്തെ പിന്തുടരുന്നവരും ഒത്തുകൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൊലീസും പ്രദേശത്ത് എത്തിയിട്ടുണ്ട്. ആചാര്യ മഹാരാജിനെ വീട്ടുതടങ്കലിലാക്കിയതായും ഒരു കാരണവശാലും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.