മലപ്പുറം: കോൺഗ്രസ് വിമത സിപിഐ(എം) - വെൽഫയർപാർട്ടി കൂട്ടുകെട്ടിന് നഗരസഭാഭരണം കയ്യാളാൻ ബിജെപി നൽകിയ പിന്തുണ അവസാനനിമിഷം പാളി. പരപ്പനങ്ങാടി നഗരസഭാ ഭരണം മുസ്ലിം ലീഗിനു ലഭിച്ചു.

45 അംഗങ്ങളുള്ള സഭയിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി വി വി ജമീലയ്ക്ക് 22 വോട്ട് ലഭിച്ചു. ജനകീയ മുന്നണി സ്ഥാനാർത്ഥിക്ക് 19 വോട്ടും ബിജെപിക്ക് നാലു വോട്ടും ലഭിച്ചു. ജനകീയ വികസനമുന്നണി സ്ഥാനാർത്ഥികളെ ബിജെപി പിന്തുണക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇതര കക്ഷികളുമായി കൂട്ടുകെട്ട് ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവന പുറത്തുവന്നതിന്റെ തൊട്ടു പിന്നാലെയായായിരുന്നു സിപിഐഎം-കോൺഗ്രസ് വിമത കൂട്ടുകെട്ടിൽ പരപ്പനങ്ങാടി നഗരസഭാ ഭരണം പിടിക്കാൻ ബിജെ.പി ഒരുങ്ങിയത്.

മുസ്ലിം ലീഗ് പതിറ്റാണ്ടുകളായി ഭരണം കയ്യാളിയിരുന്ന പരപ്പനങ്ങാടി പഞ്ചായത്ത് ഇത്തവണയാണ് നഗരസഭയായി രൂപീകരിച്ചത്. ലീഗും ജനകീയ മുന്നണിയും തമ്മിലായിരുന്നു ഇവിടത്തെ പ്രധാന മത്സരം. ലീഗു വിരുദ്ധതയിൽ ജനകീയ മുന്നണിയോടൊപ്പം ജമാഅത്തേ ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയും, പോപ്പുലർ ഫ്രണ്ടിന്റെ എസ്.ഡി.പി.ഐയും, കൂടാതെ സിപിഎമ്മും കോൺഗ്രസിലെ വിമതസ്വഭാവമുള്ള ഒരു വിഭാഗവും അടങ്ങുന്നതാണ് ജനകീയ വികസന മുന്നണി. എന്നാൽ ഭരണം പിടിക്കാൻ ഭൂരിപക്ഷം തികയാതെ വന്നതോടെ ബിജെപി കൂടി പിന്തുണക്കാമെന്ന രഹസ്യധാരണയുണ്ടാക്കുകയായിരുന്നു. സിപിഎമ്മും കോൺഗ്രസും മറ്റു പാർട്ടികളുമെല്ലാം ഇരു കൈയും നീട്ടി ബിജെപിയുടെ പിന്തുണ സ്വീകരിച്ചു. ഇതോടെ പരസ്പരം അയിത്തം കൽപിച്ചിരുന്ന പാർട്ടികൾ ഭരണം പിടിക്കാൻ ഒന്നിച്ചെങ്കിലും ഈ ശ്രമം അവസാനഘട്ടത്തിൽ പൊളിയുകയായിരുന്നു.

പുതുതായി രൂപംകൊണ്ട പരപ്പനങ്ങാടി നഗരസഭയിലെ 45 സീറ്റുകളിൽ ഒരു വിമതൻ അടക്കം 21 സീറ്റ് യു.ഡി.എഫിനും രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെ ജനകീയ മുന്നണിക്ക് 20 സീറ്റുമാണുള്ളത്. എന്നാൽ നാലുസീറ്റുകൾ ലഭിച്ച ബി.ജെ. പിയുടെ പിന്തുണ ഭരണം ലഭിക്കാൻ ഇരുമുന്നണികൾക്കും ആവശ്യമായിരുന്നു. ബിജെപിയുടെ പിന്തുണയോടെ ഭരണത്തിലേറില്ലെന്നും പിന്തുണ നൽകിയാൽ സ്വീകരിക്കില്ലെന്നും പറഞ്ഞ് നേരത്തെ രംഗത്തുവന്ന മുസ്ലിംലീഗ് പക്ഷേ രഹസ്യമായി ബിജെപി ബാന്ധവത്തിനു ശ്രമിച്ചു. ബിജെപിയുമായി ലീഗ് ചർച്ചകൾ നടത്തുന്നതറിഞ്ഞതോടെ സിപിഐ(എം) നേതൃത്വം നൽകുന്ന ജനകീയവികസന മുന്നണിയും ബിജെപിയുമായി അടുക്കാൻ ചർച്ചകൾ നടത്തി. ആർക്കും പിന്തുണ നൽകില്ലെന്നു പറഞ്ഞ് ഉറച്ചു നിന്നിരുന്ന ബിജെപി ഒടുവിൽ ജനകീയ മുന്നണിയുമായി കൂട്ടുകെട്ടിന് വഴങ്ങി.

ബിജെപിയുടെ നാലു കൗൺസിലർമാരുടെ പിന്തുണ ജനകീയവികസനമുന്നണിക്കു നൽകിക്കൊണ്ട് ആവശ്യപ്പെടുന്ന ഭരണ പങ്കാളിത്തം ഉറപ്പാക്കാനുള്ള ധാരണയിലായിരുന്നു ബിജെപി. ഇതിനായി പലവട്ടം രഹസ്യ ചർച്ചകൾ നടത്തിയിരുന്നു.എന്നാൽ ബിജെപിയുമായി കൂട്ടുകൂടിയ അംഗങ്ങൾക്കെതിരെ നടപടി വരുമെന്ന് സിപിഐ(എം) സംസ്ഥാന നേതാക്കളിൽ നിന്നും അറിയിപ്പ് ലഭിച്ചതോടെ ഈ ഉദ്യമത്തിൽ നിന്നും പാർട്ടി സഖാക്കൾ പിൻതിരിയുകയായിരുന്നു. ആരൊക്കെ ചെയർമാനും, വൈസ്‌ചെയർമാനുമൊക്കെ ആകണമെന്നു വരെ തീരുമാനിച്ചെങ്കിലും എല്ലാ മോഹക്കൊട്ടാരങ്ങളും അവസാനനിമിഷം പൊളിയുകയായിരുന്നു. വലിയ സ്ഥാനമാനങ്ങൾ ബിജെപി വിലപേശി വാങ്ങുകയും ചെയ്തിരുന്നു.

വ്യക്തമായ ഭരണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ചെയർപേഴ്‌സൺ, വൈസ്‌ചെയർമാൻ സ്ഥാനങ്ങളിൽ ബിജെപി നിർദേശിക്കുന്നയാൾ, ഒന്നോ രണ്ടോ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദവി, ഹിന്ദു ചെയർപേഴ്‌സൺ എന്നിവയെല്ലാം ബിജെപി, ആർ.എസ്.എസ് ചർച്ചയിൽ ജനകീയമുന്നണിയിൽനിന്നു ചോദിച്ചു വാങ്ങിയിരുന്നു. അതേസയം ജനകീയ വികസന മുന്നണി കൗൺസിലറായ, കോൺഗ്രസ് വിമതയായി വിജയിച്ച ഭവ്യ രാജിനെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പിന്തുണക്കാമെന്നായിരുന്നു ധാരണ. ഭവ്യ രാജ് ബിജെപി അംഗമല്ലാത്തതിനാൽ സിപിഎമ്മും, സിപിഐ(എം) പ്രവർത്തകയല്ലാത്തതുകൊണ്ട് ബിജെപിയും ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പിന്തുണക്കാമെന്നായിരുന്നു ധാരണ. ബിജെപിയുമായുള്ള രഹസ്യ ചർച്ചകൾ പുറത്തായതോടെ ഒരുവിഭാഗം സിപിഐ(എം) പ്രവർത്തകർ ജില്ലാ കമ്മറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ കമ്മറ്റിക്കും വഴങ്ങാതെ വന്നതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. ഇതോടെ പാർട്ടിയിൽ നിന്നും പുറത്താകുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഭീഷണിയും അനുനയശ്രമവും വന്നതോടെ ചെയർമാൻ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്കു മുമ്പ് ബിജെപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ ജനകീയ വികസന മുന്നണിയുടെ കീഴിൽ മറ്റു വർഗീയ പാർട്ടികളുള്ളതു സിപിഎമ്മിനു പ്രശ്‌നമല്ലതാനും.

വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ തട്ടകമായ പരപ്പനങ്ങാടിക്ക് എക്കാലവും ലീഗിനെ പിന്തുണച്ച ചരിത്രമാണ്. എന്നാൽ ലീഗിനെതിരെ സാമ്പാർ മുന്നണി കിണഞ്ഞു പരിശ്രമിച്ചിട്ടും വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിക്കാത്തത് ലീഗിന്റെ വിജയമായാണ് ലീഗ് നേതൃത്വം കാണുന്നത്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നേരത്തെ പ്രസിഡന്റായിരുന്ന പരപ്പനങ്ങാടി പഞ്ചായത്ത് 35 വർഷത്തിനു ശേഷം ലീഗിൽ നിന്നും ഇത്തവണയെങ്കിലും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു എല്ലാവരും ഒരുമിച്ച് മുന്നണി രൂപപ്പെടുത്തിയത്. ഭരണം പിടിക്കാമെന്ന ചിന്തയിൽ മുന്നണിക്കു പുറത്തെ ചട്ടങ്ങളോ മുന്നണിക്കപ്പുറമുള്ള കൂട്ടുകെട്ടുകളോ പ്രശ്‌നമല്ലാതായി. വർഗീയ കക്ഷികളെന്നോ മതേതര പാർട്ടികളെന്നോ ഉള്ള വേർതിരിവുമില്ല. ലീഗിന്റെ ഭരണക്കുത്തക തകർക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ എല്ലാം ഊതി വീർപ്പിച്ച ശേഷം കാറ്റൊഴിഞ്ഞ ബലൂൺ പോലെയായി.

പാരമ്പ്യമായി ഇടതുമുന്നണിയിൽ അടിയുറച്ചു നിൽക്കുന്ന പ്രവർത്തകർ നേരത്തെ ബിജെപിയുടെ പിന്തുണ തേടുന്നതിൽ വിമർശനം ഉയർത്തിയിരുന്നു. ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മുന്നു കൗൺസിലർമാരും സിപിഐ(എം) പ്രവർത്തകരായ അഞ്ചിലധികം സ്വതന്ത്രരുമാണ് ഇവിടെ വിജയിച്ചത്. മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ എന്തു നീക്കുപോക്ക് ഉണ്ടാക്കിയും ഭരണപങ്കാളിത്തം നേടുക എന്നത് ബിജെപിയുടെ നാണംകെട്ട അജണ്ട പൊളിയുകയും ചെയ്തു. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമായിരുന്നു പിന്തുണ നൽകാൻ ബിജെപി തയ്യാറായത്. എന്നാൽ സിപിഐ(എം) ചുവടു മാറിയതോടെ ബിജെപി പിന്തുണ പിൻവലിക്കാനും ഇന്നു നടക്കുന്ന ചെയർപേഴ്‌സൺ, വൈസ്‌ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരുമാനിക്കുകയായിരുന്നു. ഇതോടെയാണു ലീഗിലേക്കു തന്നെ ഭരണം എത്തിച്ചേർന്നത്.