മലപ്പുറം: റവന്യൂ ജീവനക്കാരിയുടെ ഭർത്താവിനെ മർദ്ദിച്ച് മൊബെൽ ഫോൺ പിടിച്ച് കൊണ്ടുപോയ സംഭവത്തിൽ ആരോപണ വിധേയനായ പരപ്പനങ്ങാടി സിഐയെ വിളിച്ചുവരുത്തി മലപ്പുറം ജില്ലാ കലക്ടർ. കാര്യമന്വേഷിക്കാൻ ഇടപെട്ട തഹസിൽദാർ അടക്കമുള്ളവരോട് പൊലീസിനെ നിയന്ത്രിക്കുന്നത് കലക്ടർ അല്ലെന്ന് സിഐ പറഞ്ഞതായും ആരോപണം.

താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാൻ ചെന്ന ഭർത്താവിനെ സിഐ അക്രമിച്ചതായ പരാതിയിലാണ് ജില്ല കളക്ടറുടെ നേരിട്ടിടപെടൽ. ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറത്ത് ജില്ല കളക്ടർ പരാതിക്കാരെ വിളിച്ചു വരുത്തിയത്. ഞായറാഴ്ച രാവിലെ തിരൂരങ്ങാടി താലൂക്ക് ജീവനക്കാരിയായ ലേഖയെ യാത്രയാക്കാൻ റോഡോരത്ത് വന്ന ഭർത്താവ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പ്രമോദിനെ പരപ്പനങ്ങാടി സിഐ മർദ്ദിക്കുകയും, മൊബെൽ ഫോൺ പിടിച്ച് കൊണ്ടുപോവുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു.

ഇതേ തുടർന്നാണ് പരാതിക്കാരായ റവന്യൂ ജീവനക്കാരിയേയും, മർദ്ദനമേറ്റ ഭർത്താവിനേയും ഈ സംഭവത്തിൽ ഇടപെട്ട് അപമാനിക്കപ്പെട്ട താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരേയും നേരിട്ട് മലപ്പുറത്ത് കളക്റ്റ്രേറ്റിൽ ജില്ല കളക്ടർ വിളിച്ച് വരുത്തി മൊഴിയെടുത്തത്. ലോക്ഡൗൺ ആയതിനാൽ പരിസരം വിജനമായതിനാൽ ഭാര്യയെ യാത്രയാക്കാൻ വന്ന തന്നെ ചോദ്യമൊന്നുമില്ലാതെ പരപ്പനങ്ങാടി സിഐ. ഹണി കെ ദാസ് അടിക്കുകയായിരുന്നുവെന്ന് പ്രമോദ് പരാതിയിൽ പറയുന്നു. തുടർന്ന് മൊബൈൽ കൊണ്ട് പോവുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ 11 മണിക്ക് ശേഷം തനിക്കെതിരെ വലിയ വകുപ്പുകൾ ചുമത്തി കേസ്സെടുക്കുകയായിരുന്നു. കാര്യമന്വേഷിക്കാൻ ഇടപെട്ട തഹസിൽദാർ അടക്കമുള്ളവരോട് പൊലീസിനെ നിയന്ത്രിക്കുന്നത് കലക്ടർ അല്ല എന്ന തരത്തിലുള്ള മറുപടിയാണ് സിഐ. ഉയർത്തിയതെന്നും ഇവർ പറയുന്നു.

പരപ്പനങ്ങാടിയിൽ പലരെയും സിഐ. ഇത്തരത്തിൽ മർദ്ദിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരപ്പനങ്ങാടിയിൽ സിഐ. പലരേയും മർദ്ദിച്ച പരാതികൾ ഉണ്ടായിട്ടും യാതൊരു നടപടിയും ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ അക്രമങ്ങളുടെ പേരിൽ മുമ്പ് നിരവധി തവണ സസ്പെൻഷനുകൾ ഉണ്ടായിട്ടുണ്ടത്രെ.എന്നാൽ ഇത്തരം സംഭവങ്ങളിലൊക്കെ ചില രാഷ്ട്രീയ ഇടപെടലൂടെ ഇദ്ധേഹത്തെ ചിലർ സംരക്ഷിക്കുന്നുണ്ടെന്ന ആരോപണമുണ്ട്.

അതേസമയം പ്രമോദിനെ മർദ്ദിച്ച സംഭവം ഔദ്യോഗിക ജോലിയുടെ ഭാഗമാണന്ന തരത്തിലാണ് കളക്ടർക്ക് മലപ്പുറം എസ്‌പി റിപ്പോർട്ട് നൽകിയിട്ടുള്ളത്. സംഭവത്തെ നിസ്സാരവൽക്കരിച്ച് എസ്‌പിയും ആരോപണ വിധേയനായ സിഐ.യെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്. പരാതിക്കാർക്കൊപ്പം തിരൂരങ്ങാടി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, സംഘടനാ നേതാക്കൾ എന്നിവരും കലക്റ്റർ മുമ്പാകെ ഹാജരായിരുന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ കളക്ടർ വേണ്ട നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചതായും സംഭവത്തിൽ എസ്‌പി.ക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധവുമായി സർക്കാർ സർവ്വീസ് സംഘടനകളും രംഗത്തെത്തി. തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ജീവനക്കാരിയുടെ ഭർത്താവിനെ മർദ്ദിച്ചതിയലും ഓഫീസിലെ ജീവനക്കാരോട് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചതിലും എൻ.ജി.എ യൂണിയൻ ജില്ലാകമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. സംഭവത്തിൽ കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയും ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.