കൊല്ലം: പരവൂർ വെടിക്കെട്ട് ദുരന്തമുണ്ടായ ശേഷം ഒളിവിൽ പോയ ഒളിവിലായിരുന്ന ക്ഷേത്ര ഭാരവാഹികൾ കീഴടങ്ങി. ക്രൈം ബ്രാഞ്ചിനു മുന്നിലാണ് ഭാരവാഹികളായ അഞ്ചു പേരും കീഴടങ്ങിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജയലാൽ, സെക്രട്ടറി കൃഷ്ണൻകുട്ടി പിള്ള, ഖജാൻജി പ്രസാദ്, സോമസുന്ദരൻ പിള്ള, രവീന്ദ്രൻ പിള്ള, സുരേന്ദ്രനാഥ പിള്ള എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കൊല്ലം ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തിച്ചു. അഞ്ച് പേർ ഇന്നലെയും ഒരാൾ ഇന്നുമാണ് കീഴടങ്ങിയത്.

ദുരന്തത്തിനുശേഷം ഇവർ തെക്കുംഭാഗത്ത് താമസിച്ചിരുന്നതായാണ് വിവരം. കാപ്പിലിലേക്ക് പോകുമ്പോഴാണ് ക്ഷേത്രത്തിനടുത്തുവച്ച് സിറ്റി പൊലീസ് കമ്മിഷണറുടെ സ്‌ക്വാഡിനെ വിളിച്ചുവരുത്തി ഇവർ കീഴടങ്ങിയത്. നരഹത്യയ്ക്കാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മറ്റുള്ള 10 പേരെ പിടികൂടാൻ ശ്രമം തുടരുകയാണ്. അതേസമയം, വെടിക്കെട്ട് ദുരന്തത്തിന്റെ വ്യാപ്തിയേറുകയാണ്. തിങ്കളാഴ്ച മൂന്നുപേർകൂടി മരിച്ചതോടെ മരണസംഖ്യ 109 ആയി. ഇവരിൽ 91 പേരെ തിരിച്ചറിഞ്ഞു. പതിമൂന്ന് പേരെ തിരിച്ചറിയാനുണ്ട്. മൂന്നൂറിലധികം വീടുകൾ തകർന്നു. മാംസത്തുണ്ടുകളും കെട്ടിടാവശിഷ്ടങ്ങളും തെറിച്ചുവീണ് നൂറുകണക്കിന് കിണറുകളിലെ ജലം മലിനമായി. പുറ്റിംഗലിലും പരിസരത്തും ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങാൻ ദിവസങ്ങൾ വേണ്ടിവരും. അപകടത്തിൽ ബന്ധുക്കൾ മരിക്കാത്തവരോ പരിക്കേൽക്കാത്തവരോ ആയി ആരും ഇവിടെയില്ല.

നൂറു വീടുകൾക്ക് സാരമായ കേടുപാടുകളുണ്ട്. അഞ്ചുവീടുകൾ നിശ്ശേഷം തകർന്നു. ഒന്നര കിലോമീറ്ററോളം ചുറ്റളവിലുള്ള വീടുകളെ അപകടം ബാധിച്ചു. കൂറ്റൻ കോൺക്രീറ്റ് പാളികൾ തെറിച്ചുവീണാണ് വീടുകൾക്ക് കേടുപാട് സംഭവിച്ചത്. 35 അടിയിലധികം ഉയരത്തിൽ ഇവ ചെന്നിടിച്ചതിന്റെ അടയാളങ്ങൾ മരങ്ങളിൽ കാണാം. കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്തവർക്ക് ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്.

വീടുകൾ തകർന്നവരുടെയും വസ്തുവകകൾ നശിച്ചവരുടെയും കണക്കുകൾ ശേഖരിച്ചുവരുന്നതേയുള്ളൂ. ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തി. വീടുകൾ തകർന്നവർക്ക് സഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ പരിക്കേറ്റവരുടെ ചികിത്സയെക്കുറിച്ചു വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ അവലോകന യോഗം ചേരും. ആരോഗ്യ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദർശിക്കും.

അപകടത്തിൽ പരുക്കേറ്റ 61 പേർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ അതീവഗുരുതരമായി പൊള്ളലേറ്റ ഏഴു പേർ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ഡൽഹിയിൽ നിന്നും സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുരുകയാണ്.

അതേസമയം നൂറിലേറെ പേരുടെ ദാരുണാന്ത്യത്തിന് സാക്ഷ്യംവഹിച്ച പുറ്റിങ്ങൽ ഗ്രാമം ഇനിയും നടുക്കത്തിൽനിന്ന് മോചിതമായിട്ടില്ല. കടകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. എല്ലാവർഷത്തെയും പോലെ ഇത്തവണയും മത്സരക്കമ്പത്തിന് വാക്കാൽ അനുമതി ലഭിക്കുമെന്നാണ് ക്ഷേത്ര ഭരണസമിതിക്കാർ പറഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിന് 60 മീറ്റർ ചുറ്റളവിൽ 11 വീടുകളാണുള്ളത്. ഇതിൽ അഞ്ച് വീടുകൾക്ക് കാര്യമായി കേട്പാട് സംഭവിച്ചിട്ടുണ്ട്.

മത്സരമുണ്ടെങ്കിൽ കമ്പത്തിൽ പങ്കെടുക്കുന്ന ഇരുടീമിന്റെയും ഇനങ്ങൾ ഉച്ചഭാഷിണിയിലൂടെ അറിയിക്കുമായിരുന്നു. ഇത്തവണ മത്സരമില്ലാതിരുന്നതിനാൽ ഇരുസംഘവും കരുതിവച്ചതൊക്കെ പൊട്ടിച്ചുതീർത്തു. താനും കുടുംബവും വീടിന് മുന്നിലായിരുന്നു. വല്ലാത്ത ശബ്ദം കേട്ടതോടെ കുട്ടികളുമായി വീടിനകത്ത് കയറി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കമ്പത്തിന് തിരി കൈമാറുന്നെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് വന്നതിനുപിന്നാലെ ഉഗ്രസ്‌ഫോടനമാണ് കേട്ടതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പരവൂർ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പറയുന്നു.

കമ്മിറ്റിക്കാരുടെ ആവശ്യപ്രകാരം ഫയർ എൻജിനിൽനിന്നുള്ള വെള്ളമടിച്ച് തീ അണച്ചു. ഇതിനിടെ ചില വാഹനങ്ങൾ കമ്പപ്പുരക്ക് സമീപത്തേക്ക് വന്നും പോയുമിരുന്നു. 3.15ഓടെയാണ് അപ്രതീക്ഷമായ സ്‌ഫോടനവും മിന്നലും കണ്ടത്. അതോടെ വൈദ്യുതി ബന്ധവും അറ്റു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ഫയർ എൻജിനിലേക്കും എന്തൊക്കെയോ തെറിച്ചുവീണു. ഹോസിട്ട് വെള്ളംപമ്പ് ചെയ്യാൻ മുന്നോട്ട് നീങ്ങുമ്പോഴാണ് രണ്ട് കൈകളുമറ്റ യുവാവ് വന്നത്. അയാളെ ആംബുലൻസിൽ കയറ്റിയപ്പോഴേക്കും പരിക്കേറ്റ് പിന്നെയും പലരും വന്നു. കമ്പപ്പുരക്ക് സമീപം എത്തിയപ്പോൾ മാംസ പിണ്ഡങ്ങളാണ് കണ്ടതെന്നുമാണ് ഉദ്യോഗസ്ഥൻ പറയുന്നത്.