- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ ഡോർ തുറന്നത് ഭക്ഷണം കഴിക്കാൻ കൈകഴുകാൻ; എന്താ പരിപാടി എന്ന് ചോദിച്ച് അശ്ലീല വർത്തമാനം പറഞ്ഞത് ആഷിഷ്; മകനാണ് ഒപ്പമുള്ളതെന്ന് പറഞ്ഞപ്പോൾ ചോദിച്ചത് തെളിവ് രേഖ; അനാശാസ്യം ആരോപിച്ച് പരവൂർ തെക്കുംഭാഗത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കി നടത്തിയത് ക്രൂര ആക്രമണം
കൊല്ലം: ഭക്ഷണം കഴിക്കാനായി ഡോർ തുറന്ന് കൈകഴുകുകയായിരുന്നു. അപ്പോഴാണ് ഒരാൾ വന്ന് രണ്ടും കൂടി എന്താ പരിപാടി എന്ന് ചോദിച്ച് അശ്ലീല വർത്തമാനം പറഞ്ഞത്. എന്റെ മകനാണ് ഒപ്പമുള്ളത് എന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ല. ഞങ്ങൾ അനാശാസ്യത്തിനെത്തിയതെന്ന് പറഞ്ഞായിരുന്നു സംഭവം. പിന്നെ എന്നെ കടന്ന് പിടിക്കുകയും പ്രതിരോധിച്ചപ്പോൾ മർദ്ദിക്കുകയുമായിരുന്നു. കൊല്ലത്ത് സദാചാര അക്രമത്തിനിരയായ ഷംല ഇത് പറയുമ്പോഴും വിറയൽ മാറിയിരുന്നില്ല.
പരവൂർ തെക്കുംഭാഗം ബീച്ചിന് സമീപം കാറിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എഴുകോൺ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതിൽ ഷംല (44), മകൻ സാലു(23) എന്നിവർക്കു നേരെ ആക്രമണം ഉണ്ടായത്. സമീപവാസിയായ ആഷിഷ് എന്ന യുവാണ് അക്രമം നടത്തിയത്. തിങ്കളാഴ്‌ച്ച വൈകിട്ട് 3.30 നാണ് സംഭവം.
ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി തിരികെ മടങ്ങി വരുമ്പോൾ ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചിലെ റോഡരികിൽ വാഹനം നിർത്തിയത്. ഈ സമയത്താണ് ആഷിഷ് എത്തി ഇവർക്കു നേരെ അസഭ്യം പറയുകയും തുടർന്ന് കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഇരുവരും കാറിനുള്ളിൽ അനാശാസ്യം നടത്തുകയാണെന്നായിരുന്നു വാദം.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വലിയ അക്രമമാണ് ഇയാൾ നടത്തിയത്. ഷംലയെ കൈകളിൽ പിടിച്ച് വലിച്ചു വാഹനത്തിൽ നിന്നും പുറത്തേക്കിറക്കാൻ ഇയാൾ ശ്രമിച്ചപ്പോൾ മകൻ സാലു തടഞ്ഞു. ഈ സമയം ഇയാൾ നിലത്തു കിടന്നിരുന്ന കമ്പി വടി കൊണ്ട് മർദിച്ചു. തടയാനെത്തിയ അമ്മ ഷംലയെയും അയാൾ പൊതിരെ തല്ലി. നിലത്തിട്ടു ചവിട്ടുകയും മുടിയിൽ പിടിച്ചു വട്ടംകറക്കുകയും ചെയ്തു. മർദനത്തിൽ ഷംലയുടെ കൈകൾക്കും, മുതുകിനും സാരമായി പരുക്കേറ്റു. സാലുവിന്റെ വലതുകൈയിലെ വിരൽ മുറിഞ്ഞു തൂങ്ങി. അതുവഴി പോയ ആളുകൾ സംഭവം കണ്ടെങ്കിലും ആരും പ്രതികരിച്ചില്ല എന്നും ഇവർ പറയുന്നു.
അക്രമാസക്തനായ പ്രതിയെ തള്ളിമാറ്റിയ ശേഷം സാലു അമ്മയെ വാഹനത്തിൽ കയറ്റി ഒറ്റക്കൈയിൽ വാഹനം ഓടിച്ചു പരവൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. ഉടൻ തന്നെ ഇവരോട് വൈദ്യ സഹായം തേടാൻ ആവശ്യപ്പെട്ടതിന് ശേഷം പൊലീസ് സംഭവ സ്ഥലത്തേക്ക് ഉടൻ എത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.
തുടർന്ന് ഇന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. പരിക്കേറ്റ അമ്മയും മകവനും നെടുങ്ങോലം താലൂക്ക് ആശുപത്രിയിലാണ് പ്രാഥമിക ചികിത്സ തേടിയിയത്. പിന്നീടി പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെ നിന്നും കൂടുതൽ ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്കും പോയി. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാൽ വളരെ വേഗം തന്നെ ശസ്ത്രക്രിയ നടത്തി തുന്നിക്കെട്ടി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പരവൂർ പൊലീസ് അറിയിച്ചു.
ഏറെ നാളായി ഷംല തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്. മകൻ സാലുവിന്റെ സുഹൃത്തിന്റെ ഇന്നോവ കാറിലാണ് ആശുപത്രിയിൽ പോയത്. റോഡിലെ തിരക്ക് ഒഴിവാക്കാനായി തീരദേശ റോഡുവഴിയായിരുന്നു യാത്ര. പരവൂരിൽ എത്തിയ ശേഷം പാരിപ്പള്ളിയിൽ കയറി എഴുകോണിന് പോകാനയിരുന്നു ഉദ്ദേശം. ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിക്കാനായിട്ടായിരുന്നു ബീച്ചിന് സമീപം കാർ നിർത്തിയത്. ഈ സമയത്താണ് അക്രമം ഉണ്ടായത്.
ഇവർ വിവരം ഉടൻ പരവൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമാണ്. ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തിൽ കേസെടുത്ത പരവൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം ഷംലയ്ക്കും മകനുമെതിരെ തെക്കുംഭാഗം സ്വദേശിയായ യുവതി പരവൂർ പൊലീസിൽ പരാതി നൽകി. ആടിനെ കാറിടിച്ചത് ചോദ്യം ചെയ്തപ്പോൾ സഹോദരനെ മർദ്ദിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയത്. എന്നാൽ ഈ ആരോപണം ശരിയല്ലെന്ന് ഇൻസ്പെക്ടർ എ. നിസാർ പറഞ്ഞു.