- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരനെങ്കിൽ പള്ളി ഗേറ്റ് അടിച്ചു പൊളിക്കാം; ഒപ്പം മുന്നിൽ മൂത്രവും ഒഴിക്കാം! പറവൂർ വടക്കേക്കര പള്ളി ആക്രമിച്ച സിമിൽ റാമിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ട് സേനയുടെ കരുണ; അക്രമത്തിന് കൂടെയുണ്ടായിരുന്നവരും പൊലീസുകാരോ? പള്ളി അക്രമിച്ചവർ വിലസുമ്പോൾ
എറണാകുളം: പറവൂർ വടക്കേക്കര പള്ളി ആക്രമിച്ചത് പൊലീസുകാരൻ. കളമശ്ശേരി എആർ ക്യാംപിലെ പൊലീസുകാരൻ തുരുത്തിപ്പുറം പൂമാലിൽ ഭാസി മകൻ സിമിൽ റാം ആണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. ഇത് വിവാദമായിട്ടുണ്ട്. പൊലീസുകാരനായതു കൊണ്ടാണ് ജാമ്യം നൽകിയതെന്നാണ് ആരോപണം. ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കിയിട്ടുമെന്നാണ് സൂചന.
പള്ളി ആക്രമിക്കുകയും ഉസ്താദിനെതിരിരെയും ഒരു സമുദായത്തിനെതിരെയും കൊലവിളി നടത്തുകയും ചെയ്ത പ്രതിയെ ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിൽ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് പള്ളി കമ്മറ്റിയും അറിയിച്ചിട്ടുണ്ട്. അക്രമത്തിന് കൂടെയുണ്ടായിരുന്നവരും പൊലീസുകാർ തന്നെയാണ്. അവരെ ഉടനെ അറസ്റ്റ് ചെയ്യും എന്നാണ് പള്ളിക്കമ്മിറ്റിക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരിക്കുന്നതെന്നും അവർ അറിയിച്ചു.
ഈ മാസം 13ന് രാത്രി 10.30 ഓടെയാണ് സംഭവം.വാഹനത്തിൽ പള്ളിക്കുമുന്നിൽ എത്തിയ സംഘം അടച്ചിട്ടിരുന്ന ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ഖത്തീബിനെയും മദ്റസ വിദ്യാർത്ഥികളെയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഗേറ്റിന് മുന്നിൽ മൂത്രമൊഴിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് മഹല്ല് ഭാരവാഹികൾ മുഖ്യമന്ത്രി,റൂറൽ എസ്പി,വടക്കേക്കര പൊലീസ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിമിൽ റാമിനെ പൊലീസ് അറസ്റ്റു ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് മഹല്ല് ഭാരവാഹികൾ നൽക്കുന്ന വിശദീകരണം ചർച്ചയായിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന പൊലീസ് സേനയിൽ സംഘപരിവാർ മനോഭാവമുള്ളവർ കാട്ടിക്കൂട്ടുന്ന പ്രവൃത്തികൾ നാടിനെ നാശത്തിലേക്ക് തള്ളിവിടാതിരിക്കാൻ ബന്ധപ്പെട്ട എല്ലാവരെയും സർവീസിൽ നിന്നും പിരിച്ചുവിട്ട് തക്കതായ നിയമ നടപടി സ്വീകരിക്കാൻ സർക്കാറിനെ പ്രാപ്തമാക്കുന്ന ജനകീയ ജാഗ്രതയും സമ്മർദ്ദവും ഇനിയും തുടരേണ്ടതുണ്ടെന്നാണ് അവരുടെ ആവശ്യം.
സിമിൽ റാമിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും അറസ്റ്റു ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വടക്കേക്കര ജുമാമസ്ജിദ് പ്രസിഡന്റ് കെ എം അമീർ ആവശ്യപ്പെട്ടു. നാട്ടിൽ നിലനിൽക്കുന്ന സൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ഇത്തരക്കാരുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും കെ എം അമീർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ