ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലേക്കുള്ള താലിബാന്റെ കടന്നുകയറ്റത്തോടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന ജനതയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകത്തിന്റെ തന്നെ ചർച്ച വിഷയം. ജീവനും കൈയിൽ പിടിച്ച് എങ്ങിനെയെങ്കിലും രാജ്യം വിട്ടാൽ മതിയെന്ന ഒറ്റ ചിന്തയിൽ എന്തു സാഹസിനും മുതിരുന്ന ഒരു ജനതയെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നാം കാണുന്നത്. അതിൽ ഏറ്റവും ഭീതിതമായ കാഴ്‌ച്ചയായിരുന്നു വിമാനത്തിന്റെ വിൽ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്ത ജനങ്ങളുടെ ദൃശ്യം.ഇവരിൽ മിക്കവരും താഴെ വീണ് മരിക്കുന്ന ദൃശ്യവും ഞെട്ടലോടെയാണ് ലോകം വിക്ഷിച്ചത്.

എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിയ അപൂർവ്വം പേരുണ്ടെന്നതാണ് വസ്തുത. വിമാനത്തിന്റെ ലാൻഡിങ് ഗിയർ (ചക്രങ്ങൾ) ഇരിക്കുന്ന സ്ഥലമാണു വീൽ കംപാർട്‌മെന്റ്. പറന്നുപൊങ്ങുമ്പോളും ലാൻഡ് ചെയ്യുമ്പോഴും ഈ ചക്രങ്ങൾ കംപാർട്‌മെന്റിനു പുറത്തായിരിക്കും. പറന്നുപൊങ്ങുമ്പോൾ കംപാർട്‌മെന്റിലേക്കു കയറിയിരിക്കുകയും ചെയ്യും.ഒട്ടേറെ അപകടങ്ങൾ പതിയിരിക്കുന്ന ഒന്നാണ്, ഇത്തരത്തിൽ വിമാനത്തിന്റെ വീൽ കംപാർട്‌മെന്റിലും മറ്റും നടത്തുന്ന യാത്രകൾ.

വിമാനം ഉയർന്നുപൊങ്ങിക്കഴിഞ്ഞാൽ കടുത്ത തണുപ്പ് വീൽ കംപാർട്‌മെന്റിൽ ഇരിക്കുന്നവർക്ക് അനുഭവപ്പെടാം. ഇതിനാൽ ഹൈപ്പോതെർമിയ എന്ന അവസ്ഥ വരാം. ഉയരങ്ങളിലെത്തുമ്പോഴേക്കും ഓക്‌സിജനിൽ കുറവ് വരുന്നതിനാൽ ശരീരം ദുർബലമാകുകയും ബോധക്കേട് വരുകയും ചെയ്യാം. കൂടാതെ ലാൻഡിങ് ഗീയറിന്റെ ചലനങ്ങൾ മൂലം ഇടയിൽപെട്ട് ചതഞ്ഞുമരിക്കാനും ഇടവന്നേക്കാം.അതുകൊണ്ട് ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ മാത്രമാണ് ഇത്തരം യാത്രകൾ പൂർത്തിയാക്കാൻ പറ്റുന്നതെന്നാണ് സത്യം.

സ്റ്റോഎവേ എന്നാണ് ഇത്തരത്തിൽ യാത്ര ചെയ്യുന്നവരെ വിശേഷിപ്പിക്കുന്നത്. യുഎസിന്റെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷന്റെ കണക്ക് പ്രകാരം അമേരിക്കൻ വിമാനങ്ങളിൽ 113 പേർ യാത്ര ചെയ്തിട്ടുണ്ട്. ഇതിൽ 86 പേരും മരിച്ചു. രക്ഷപ്പെട്ടവരിൽ ഗുരുതരമായി പരുക്ക് പറ്റിയവർ ഏറെയാണ്.ഇത്തരത്തിൽ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിയവരിൽ ഒരു ഇന്ത്യക്കാരനുമുണ്ട്.പർദീപ് സൈനി എന്ന പഞ്ചാബുകാരൻ. യാത്രയുടെ ബാക്കി പത്രം എന്നോണം ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സ്വസ്ഥമായ ഒരു ജീവിതം തന്നെയാണ് പർദീപ് സൈനി നയിക്കുന്നത്.

കുറച്ചുകാലമായി ബ്രിട്ടനിലേക്കു പോകാനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു പർദീപ് സൈനിയും സഹോദരൻ വിജയിയും.ഒരു ഇടനിലക്കാരന്റെ ചതിയിൽ കുടുങ്ങിയാണ് അത്യന്തം ദുഷ്‌കരമായ യാത്രയിലേക്ക് പർദീപ് എത്തിപ്പെട്ടത്. ഇയാൾ ഇവരിൽ നിന്ന് പണം വാങ്ങി വിൽകംപാർട്ട്‌മെന്റിൽ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കുകയായിരുന്നു. വിമാനത്തിന്റെ വീൽ കംപാർട്‌മെന്റിൽ ഒളിച്ചാൽ കുറച്ചുകഴിയുമ്പോൾ ലഗേജ് ഏരിയയിലേക്കു കയറാമെന്ന് അയാൾ അവരോട് പറഞ്ഞു. സഹോദരങ്ങൾ അതു വിശ്വസിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തു. അന്ന് 22 വയസ്സായിരുന്നു പർദീപിന്. വിജയ് 19 വയസ്സുകാരനും.

അങ്ങിനെ 1996 ൽ ന്യൂഡൽഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കുള്ള ബോയിങ് 747 വിമാനത്തിന്റെ വീൽ കംപാർട്‌മെന്റിൽ പർദീപ് സൈനിയും സഹോദരൻ വിജയ്യും കയറിപ്പറ്റി. ഇത്തരത്തിൽ ഇവർ വീൽ കംപാർട്‌മെന്റിൽ കയറി. താമസിയാതെ വിമാനം റൺവേയിൽ ഓടിത്തുടങ്ങി. കാതടിപ്പിക്കുന്ന ശബ്ദം അവരുടെ ചെവികളിൽ മുഴങ്ങി. കടുത്ത ചൂട് അവരുടെ ശരീരത്തെ പൊള്ളിച്ചുകൊണ്ടിരുന്നു.താമസിയാതെ വിമാനം 40000 അടി ഉയരത്തിലേക്കു പറന്നു പൊങ്ങി. ഓക്‌സിജൻ കുറഞ്ഞുതുടങ്ങി. 60 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നു. പർദീപ് അബോധാവസ്ഥയിലായി. പിന്നീട് വിമാനം ഹീത്രൂ വിമാനത്താവളത്തിലെത്തി ലാൻഡ് ചെയ്തു.

അപ്പോഴും പർദീപ് അബോധാവസ്ഥയിലായിരുന്നു. താമസിയാതെ എയർപോർട്ട് ഉദ്യോഗസ്ഥർ പർദീപിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾക്കു ശേഷം ബോധമുണർന്ന പർദീപ് ചോദിച്ചത് സഹോദരനെക്കുറിച്ചായിരുന്നു.എന്നാൽ സഹോദരൻ പാതിവഴിയിൽ വീണ് മരിച്ചിരുന്നു.വിമാനം ലാൻഡിങ് ഗീയറുകൾ താഴ്‌ത്തിയപ്പോൾ രണ്ടായിരം അടി മുകളിൽ നിന്നു വിജയ് വീണു മരിച്ചു. വിജയ്യുടെ ശവശരീരം പിന്നീട് സറേയിലെ റിച്ചമണ്ട് എന്ന സ്ഥലത്തു നിന്നാണു കണ്ടെത്തിയത്.

പർദീപിന്റെ അവസ്ഥ കണ്ടറിഞ്ഞ് ബ്രിട്ടനിൽ തുടരാൻ അവിടത്തെ സർക്കാർ സമ്മതിച്ചു. ഇന്ന് വെംബ്ലിയിൽ ജീവിക്കുന്ന പ്രദീപ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഹീത്രൂ വിമാനത്താവളത്തിലെ ഒരു കേറ്ററിങ് കമ്പനിയിൽ ജോലിയുമുണ്ട്. അന്നത്തെ ആ യാത്രയുടെ പരിണതഫലമായി കേൾവിക്കുറവും ശക്തമായ സന്ധിവേദനയും പ്രദീപിനെ വേട്ടയാടുന്നുണ്ട്, ഒപ്പം ഇടയ്ക്കിടെ സഹോദരനെക്കുറിച്ചുള്ള ഓർമകളുടെ ഭാഗമായുള്ള വിഷാദവും.

2019ൽ കെനിയയിലെ നെയ്‌റോബിയിൽ നിന്നു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെത്തിയ ഒരു വിമാനത്തിന്റെ വീൽബേയിൽ നിന്ന് ഒരു കെനിയൻ സ്വദേശി വീണുമരിച്ചത് ഇത്തരത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലണ്ടിലും യുഎസിലും വിമാനത്താവളങ്ങളിൽ ഇടയ്ക്കിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ആഫ്രിക്കയിൽ നിന്നുള്ളവരാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരിലധികവും. ഇത്തരത്തിൽ വീണു മരിച്ച ആളുകളുടെ ശരീരങ്ങൾ പാടങ്ങളിൽ നിന്നും കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്നുമെല്ലാം കണ്ടെടുത്തത് വാർത്തയായിട്ടുണ്ട്.